ശാസ്ത്ര സമ്മേളനങ്ങളില്‍ അബദ്ധ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നു: വി.സി
ചെറുപുഴ: പൗരാണിക സങ്കല്‍പങ്ങളും വിശ്വാസങ്ങളും ശാസ്ത്രവും ചരിത്രവുമാക്കാനുള്ള ശ്രമങ്ങള്‍ അടുത്തകാലത്തായി ഭരണാധികാരികളുടെ ഭാഗത്തുനിന്നു പോലും ഉണ്ടായിക്കൊണ്ടിരിക്കുന്നതായി കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം മാത്തില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സമ്മേളനങ്ങളില്‍ അബദ്ധ സിദ്ധാന്തങ്ങള്‍ ആധികാരികതയുടെ പരിവേഷത്തോടെ അവതരിപ്പിക്കപ്പെടുന്നു.
ഗോമൂത്രത്തിന്റെ വിശുദ്ധിയെക്കുറിച്ചും വൈമാനിക സാങ്കേതിക വിദ്യയെക്കുറിച്ചുമെല്ലാമുള്ള അവകാശവാദങ്ങള്‍ ലോകജനതക്കു മുന്നില്‍ നമ്മെ പരിഹാസ്യരാക്കുകയാണ്. ചാണകവും ഗോമൂത്രവും മെര്‍ക്കുറിയും ചേര്‍ന്നുള്ള മിശ്രിതം ഉപയോഗിച്ച് വിമാനം ഓടിച്ചിരുന്നു എന്ന പ്രബന്ധം സയന്‍സ് കോണ്‍ഗ്രസിലാണ് അവതരിപ്പിച്ചത്. രാജസ്ഥാനിലെ ആശുപത്രികളില്‍ ഓപ്പറേഷന്‍ തിയറ്റര്‍ അണുവിമുക്തമാക്കാന്‍ ഗോമൂത്രം ഉപയോഗിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കുന്നു. അടിസ്ഥാന ശാസ്ത്ര ചരിത്ര ഗവേഷണങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കുമ്പോള്‍ വേദങ്ങളില്‍പ്പറയുന്ന സരസ്വതീ നദിയുടെ ഉത്ഭവം കണ്ടെത്താനും മറ്റും വന്‍തോതില്‍ ഫണ്ട് അനുവദിക്കുന്നു. സിന്ധു നദീതട സംസ്‌കാരം ആര്യന്‍മാരുടേതാണെന്നു വരുത്താന്‍ സൈന്ധവ മുദ്രകളില്‍ കുതിരയുടെ രൂപം സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാകുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയും കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കാനുമുള്ള നീക്കങ്ങള്‍ക്ക് ചില പണ്ഡിതന്‍മാര്‍ പോലും കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാനും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി. സത്യപാലന്‍, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. ഉഷ, പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരന്‍, പി. ശശിധരന്‍, പ്രൊഫ. കെ. ബാലന്‍, കെ. ഗോവിന്ദന്‍, പി.ടി രാജേഷ് സംസാരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ഒ.സി ബേബിലത പ്രവര്‍ത്തന റിപ്പോര്‍ട്ടും എന്‍.കെ ജയപ്രസാദ് വരവു ചെലവു കണക്കും അവതരിപ്പിച്ചു. കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ പി.വി ദിവാകരന്‍, എം. ദിവാകരന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."