കൊട്ടിയൂരില്‍ ഇന്നു തൃക്കൂര്‍ അരിയളവും തിരുവാതിര ചതുശ്ശതവും
കൊട്ടിയൂര്‍: വൈശാഖോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രോഹിണി ആരാധനയും ആലിംഗന പുഷ്പാജ്ഞലിയും നടന്നു. ഇന്നു തൃക്കൂര്‍ അരിയളവും തിരുവാതിര ചതുശ്ശതവും നടക്കും. ഇന്നലെ ഉച്ചയോടെ സ്വയം ഭൂവില്‍ തുളസിക്കതിരും തീര്‍ഥവും സമര്‍പ്പിച്ച് കുറുമാത്തൂര്‍ ഇല്ലത്തെ മുതിര്‍ന്ന അംഗം പരമേശ്വരന്‍ നമ്പൂതിരിപ്പാട് പതിനഞ്ച് മിനുറ്റോളം സ്വയം ഭൂവിനെ ആലിംഗനം ചെയ്തു നടത്തിയ ആലിംഗന പുഷ്പാജ്ഞാലിയും ഭക്തരുടെ ഓംകാര മന്ത്രവും ഒപ്പം മഴയും സന്നിധാനം ഭക്തിയുടെ ആനന്ദലഹരിയില്‍ മുങ്ങി. തുടര്‍ന്നു സ്വര്‍ണം, വെള്ളി കുംഭങ്ങള്‍ എഴുന്നള്ളിച്ച് പൊന്നിന്‍ ശീവേലിയും നടന്നു.
കുടിപതികള്‍,വാളശന്‍മാര്‍,കാര്യത്ത് കൈക്കോളന്‍,പാട്ടാളി എന്നിവര്‍ക്കായി ഭണ്ഡാരയറയ്ക്കു മുന്നില്‍ സദ്യയും നടത്തി.സന്ധ്യയ്ക്ക് ബാബുരാളര്‍ സമര്‍പ്പിച്ച പാലമൃത് എന്ന് വിളിക്കപ്പെടുന്ന പഞ്ചഗവ്യം സ്വയംഭൂ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു. വേക്കളത്തിനടുത്ത് കരോത്ത് നായര്‍ തറവാട്ടില്‍ നിന്നാണ് പാലമൃത് എഴുന്നള്ളിച്ച് കൊണ്ടു വന്നത്. പന്തീരടി കാമ്പ്രം സ്ഥാനിക ബ്രാഹ്മണന്‍ ആരാധന പൂജയോടെ നടത്തി.
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാലു ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതവും തൃക്കൂര്‍ അരിയളവും ഇന്നു നടക്കും.കോട്ടയം സ്വരൂപത്തിലെ സ്ത്രീകള്‍ക്ക് പന്തീരടികാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വര്‍ണത്തളികയില്‍ പകര്‍ന്ന് നല്‍കും.
രാത്രി പൂജയ്ക്ക്‌ശേഷം നാലു തറവാട്ടിലെ സ്ത്രീകള്‍ക്ക് മണിത്തറയില്‍ വെച്ച് അരി നല്‍കും.ഏഴില്ലക്കാര്‍ക്ക് പഴവും ശര്‍ക്കരയും നല്‍കും.തൃക്കൂര്‍ അരിയളവിന് മാത്രമാണ് താറവാട്ടുകാരായ സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകാറുള്ളു.തിരുവാതിര, പുണര്‍തം, ആയില്യം,അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം ദേവനു നിവേദിക്കുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയില്‍ പായസ നിര്‍മാണം ആരംഭിക്കുക. 100 ഇടങ്ങഴി അരി,100 നാളികേരം, 100 കിലോ ശര്‍ക്കരയും നെയ്യും ചേര്‍ത്താണ് പായസം തയാറാക്കുക. മണിത്തറയില്‍ വച്ചും കോവിലകം കയ്യാലയില്‍ വച്ചും പായസ നിവേദ്യം വിതരണം ചെയ്യും.
രോഹിണി ആരാധനയക്ക് അക്കരെകൊട്ടിയൂരും പരിസരവും ഭക്തജനങ്ങളാല്‍ നിറഞ്ഞ് കവിയുന്ന കാഴ്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."