യമനില്‍ വിവാഹ വിരുന്നിനുനേരെ സഊദി ആക്രമണം; വധു ഉള്‍പ്പെടെ 20 പേര് കൊല്ലപ്പെട്ടു
സന: യമനില്‍ വിവാഹ വിരുന്നിനുനേരെ സഊദിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ സനയില്‍ നിന്ന് 90 കിലോമീറ്റര്‍ ദൂരെയുള്ള അല്റഖയില് കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായതെന്ന് വിമത ചാനലായ അല്‍ മൈസറ റിപ്പോര്‍ട്ട് ചെയ്തു.
വധു ഉള്‍പ്പെടെ സ്ത്രീകളും കുട്ടികളുമാണ് ഭൂരിപക്ഷവും കൊല്ലപ്പെട്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. 30 കുട്ടികള്‍ ഉള്‍പ്പെടെ 46 പേര്‍ക്ക് പരുക്കേറ്റു. വിവാഹത്തിനുള്ള പന്തല്‍ കെട്ടുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സഊദി സഖ്യസേനാ വക്താവ് പറഞ്ഞു. സാധാരണക്കാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മാര്‍ക്കറ്റ്, സ്കൂള്‍ ആശുപത്രി, ജനവാസ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ ആക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടുവെന്ന് പരുക്കേറ്റവരെ പ്രവേശിപ്പിച്ച ഹജ്ജ പ്രദേശത്തെ റിപ്പബ്ലിക്കന്‍ ആശുപത്രി തലവന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. 2015 മുതല്‍ യമനില്‍ ഹൂതികളുടെയും സഖ്യസേനയുടെയും നേതൃത്വത്തില്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 5970 പേര് കൊല്ലപ്പെട്ടുവെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. 9,490 പേര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."