താലൂക്കാശുപത്രി വളപ്പിലെ മരങ്ങളുടെ ലേലം വിവാദത്തില്‍
ആറ്റിങ്ങല്‍: താലൂക്കാശുപത്രി വളപ്പിലെ മരങ്ങള്‍ നഗരസഭ ലേലം ചെയ്ത സംഭവം വിവാദത്തിലായി. തീരെ കുറഞ്ഞ വിലക്കും ലേലനോട്ടിസ് പൊതുജനങ്ങള്‍ക്ക് കാണാന്‍തക്ക വിധം പ്രദര്‍ശനം നടത്താതെയുമാണ് ലേലം നടത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഒരു മുന്‍ കൗണ്‍സിലര്‍ തന്റെ വേണ്ടപ്പെട്ടവര്‍ക്ക് മാത്രം നോട്ടിസ് നല്‍കി അവര്‍ക്കു താല്‍പര്യമുള്ള ഒരു വ്യക്തിക്ക് ലേലം ഉറപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ബഹിഷ്‌കരണം നടത്തി. താലൂക്കാശുപത്രിക്കായി പുതിയ ഒ.പി ബ്ലോക്ക് കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും ഇതിനായി പണം അനുവദിക്കുകയും കരാര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ആശുപത്രിവളപ്പിലെ മരങ്ങള്‍ മുറിച്ചു മാറ്റിയാല്‍ മാത്രമേ കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുകയുള്ളു. ഇതേ തുടര്‍ന്നാണ് മരങ്ങള്‍ ലേലം ചെയ്യാന്‍ നഗരസഭ തീരുമാനിച്ചത്. ലേലം ചെയ്ത മരങ്ങള്‍ക്ക് ലേലത്തുകയുടെ ഇരട്ടിയിലധികം തുക ലഭിക്കുമെന്നാണ് ആരോപണം ഉന്നയിക്കുന്നവരുടെ വാദം. പൊതുമരാമത്ത് വകുപ്പ് ഈ മരങ്ങള്‍ക്ക് ആറുലക്ഷം രൂപ വില നിശ്ചയിച്ചു. എന്നാല്‍ 7.28 ലക്ഷം രൂപയ്ക്കാണ് ലേലം സ്ഥിരപ്പെടുത്തിയത്. 66 തേക്കുമരം, 17 മാഞ്ചിയം, 12 അക്കേഷ്യ, രണ്ടു മാവ്, പാല, പുളി, പ്ലാവ് എന്നിവ ഓരോന്നു വീതം എന്നിവയാണ് ലേലം ചെയ്തത്. ഇത്രയും മരങ്ങള്‍ ഈ തുകക്ക് ലേലം ചെയ്തതില്‍ അഴിമതിയും ആരോപിക്കുന്നു. മുന്‍പും ഇത്തരത്തില്‍ ഇവിടെ മരങ്ങള്‍ ലേലം ചെയ്തത് വിവാദമായിരുന്നു. ഇനി വനംവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മരങ്ങള്‍ മുറിച്ചു മാറ്റാവുന്നതാണ്.
എന്നാല്‍ നിയമപ്രകാരമുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കിയാണ് ലേലം ഉറപ്പിച്ചതെന്ന് നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് പറഞ്ഞു. രണ്ടു റവന്യു ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തി പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് ലേലം ഉറപ്പിച്ചത്.
മരങ്ങളുടെ എണ്ണം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം അഴിമതിയാരോപിക്കുന്നു. ഈ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല. തേക്കുമരത്തില്‍ മിക്കതും ചെറുതും പ്രായം കുറഞ്ഞവയുമാണ് ഈ ലേലത്തില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."