കരുണയില്ലാതെ കാരുണ്യ പദ്ധതി; ചികിത്സാ നിഷേധം വ്യാപകം
കൊല്ലം: ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള കുടിശിക വര്‍ധിച്ചതോടെ നിര്‍ധന രോഗികള്‍ക്ക് കാരുണ്യ ലോട്ടറി വിറ്റ് കിട്ടുന്ന ഫണ്ടിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ചുള്ള ചികിത്സ നിഷേധിക്കുന്നത് വ്യാപകമാകുന്നു.
കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, തലച്ചോര്‍, കരള്‍, ഹിമോഫീലിയ, നട്ടെല്ല്, സുഷുമ്‌ന, ശ്വാസകോശം സംബന്ധമായ വന്‍ ചികിത്സാച്ചെലവ് വരുന്ന രോഗങ്ങള്‍ക്കായിരുന്നു പദ്ധതിപ്രകാരം പണം ലഭിച്ചിരുന്നത്.
ഗുണഭോക്താക്കള്‍ക്ക് നേരിട്ടു പണം നല്‍കാതെ സര്‍ക്കാര്‍ ആശുപത്രികള്‍, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ എന്നിവയില്‍ക്കൂടിയാണ് ചെലവായ തുക നല്‍കിയിരുന്നത്.
ഇത്തരത്തില്‍ ആശുപത്രികള്‍ക്കു നല്‍കാനുള്ള തുകയാണ് കുടിശികയായത്. ഇതോടെ പദ്ധതിയില്‍ നിന്ന് പല സ്വകാര്യ ആശുപത്രികളും പിന്മാറുകയായിരുന്നു.
കുടിശിക വര്‍ധിച്ചതോടെ ചികിത്സാ സഹായ അപേക്ഷകള്‍ പാസാക്കാത്ത അവസ്ഥയുമുണ്ടായിരുന്നു.
ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റടക്കം അപേക്ഷ ജില്ലാ ലോട്ടറി ഓഫിസില്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് സൗജന്യ ചികിത്സ ആശുപത്രികളില്‍ ലഭ്യമായിരുന്നു.
ഇതിനായി ലോട്ടറി ഓഫിസില്‍ നിന്ന് ലഭിക്കുന്ന സ്ലിപ്പ് ഹാജരാക്കിയാല്‍ മതിയായിരുന്നു. പിന്നീട് സര്‍ക്കാര്‍ തുക പാസാക്കി ആശുപത്രി അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്യും.
നിര്‍ധന, ഇടത്തരം കുടുംബങ്ങളിലെ രോഗികള്‍ക്ക് ഏറെ സഹായകരമായ പദ്ധതിയാണ് ഇപ്പോള്‍ താളംതെറ്റിയിരിക്കുന്നത്.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ലോട്ടറി വരുമാനം വകമാറ്റി ചെലവഴിച്ചതും കാരുണ്യയെ കുത്തുപാളയെടുക്കുന്ന സ്ഥിതിയിലെത്തിച്ചുവെന്നാണ് ലോട്ടറി ഏജന്റുമാര്‍ പറയുന്നത്.
പകരം ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല.
മാരകരോഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നതാണ് പദ്ധതി.
പദ്ധതിയുമായി സഹകരിക്കുന്ന ഓരോ ജില്ലയിലുമുള്ള ആശുപത്രികളുടെ വിവരം പദ്ധതിയുടെ വെബ്‌സൈറ്റിലുണ്ടെങ്കിലും ഇവിടങ്ങളില്‍ ആനുകൂല്യം ലഭ്യമാകുന്നില്ലെന്നാണ് ആക്ഷേപം.
പദ്ധതിയുമായി സഹകരിച്ചതിന് ആശുപത്രികള്‍ക്ക് വന്‍തുക ലഭിക്കാനുമുണ്ടത്രെ.
ഇതിനാല്‍ തന്നെ പദ്ധതിയുമായി സഹകരിക്കാന്‍ ആശുപത്രി അധികൃതര്‍ വിമുഖത കാട്ടുന്നുവെന്നാണ് രോഗികളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."