താമരശേരി താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി വീണ്ടും തുറന്നു
താമരശേരി: സാമ്പത്തിക ബാധ്യതകള്‍ കാരണം അടച്ചുപൂട്ടിയ താമരശേരി താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി വീണ്ടും തുറന്നു. ഇന്നലെ രാവിലെ പത്തിന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാര്‍മസി അടച്ചുപൂട്ടിയതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്ഥലം എം.എല്‍.എയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിരന്തരമായ ഇടപെടലുകളാണ് കാരുണ്യ ഫാര്‍മസി വീണ്ടും തുറക്കാന്‍ കാരണം.
നിലവിലെ പത്തുലക്ഷം രൂപയുടെ ബാധ്യതയില്‍ അഞ്ചു ലക്ഷം രൂപയുടെ ആസ്ഥികള്‍ ആശുപത്രി മാനേജ്മന്റ് കാരുണ്യ വിഭാഗത്തിന് വിട്ടുകൊടുക്കും.ബാക്കിവരുന്ന അഞ്ചുലക്ഷം തവണകളായി ആശുപത്രി മാനേജ്മന്റ് അടച്ചുതീര്‍ക്കണം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രവൃത്തിസമയം.
കെ.എം.എസ്.സി.എല്‍ വെയര്‍ ഹൗസ് മാനേജര്‍ എം. എ ബൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ വി.ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈമൂന ഹംസ, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ്, കെ.എം ബാബു, ഡോ. എസ്.ആര്‍ ദിലീപ് കുമാര്‍, ടി. സതീഷന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."