ബിനാമി ഭൂമി തിരികെ പിടക്കാന്‍ സന്തോഷ് മാധവന്‍ വടയാറില്‍
വൈക്കം: പ്രതാപകാലത്ത് ബിനാമി പേരില്‍ വാങ്ങിക്കൂട്ടിയ പാടശേഖരങ്ങള്‍ തിരികെ പിടിക്കാന്‍ സന്തോഷ് മാധവന്‍ വടയാറില്‍. സന്തോഷിന് ഒത്താശ ചെയ്യാന്‍ സി.പി.എമ്മിന്റെ പഞ്ചായത്ത് അംഗമാണ് കുടപിടിക്കുന്നത്.
കഴിഞ്ഞദിവസം ഏകദേശം പത്തിലധികം കര്‍ഷകരുടെ വീടുകള്‍ ഇവര്‍ കയറി. എല്ലാവരോടും സൗമ്യനായാണ് വിവാദസ്വാമി ഇടപെടലുകള്‍ നടത്തിയത്. കാരണം സന്തോഷ് മാധവന്‍ എന്നപേരില്‍ വാങ്ങിയത് അഞ്ച് ഏക്കറില്‍ താഴെയുള്ള കൃഷിയിടം മാത്രമാണ്. വാങ്ങിക്കൂട്ടിയിരിക്കുന്ന 160 ഏക്കറിലധികം വരുന്ന സ്ഥലങ്ങള്‍ ബിനാമി പേരിലാണ്. ഈ ഭൂമിയിലാണ് മൂന്നു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സഹായത്തോടെ കര്‍ഷകര്‍ കൃഷിയിറക്കുന്നത്.
തരക്കേടില്ലാത്ത രീതിയിലാണ് ഇവരുടെ കൃഷി. വരും നാളുകളില്‍ ഇവിടെയെല്ലാം കൃഷിയിറക്കണമെങ്കില്‍ വ്യവസ്ഥകളുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്തോഷ് മാധവന്‍ എത്തിയത്. എന്നാല്‍ പണ്ടുകാലത്തെ സ്വാമിയൊന്നുമല്ല ഇപ്പോള്‍. കണ്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നു. എന്നാല്‍ പിന്നീട് സന്തോഷ് മാധവന്‍ തന്നെ വീട്ടുകാര്‍ക്ക് തന്നെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്‍കി. പറയുന്ന കാര്യങ്ങള്‍ക്കൊക്കെ ഒരു ബലം കിട്ടാനാണ് സി.പി.എമ്മിന്റെ പഞ്ചായത്ത് അംഗത്തെ തന്നെ സ്വാമി കൂട്ടുപിടിച്ചത്. വടയാര്‍ മേഖലയില്‍ ഏറെ ജനപ്രിയനാണ് ഈ പഞ്ചായത്ത് അംഗം. എന്നാല്‍ സ്വാമിയുടെ കൂടെ പോയ പഞ്ചായത്ത് അംഗത്തോട് പാര്‍ട്ടി നാളെ എന്തുനിലപാട് സ്വീകരിക്കുമെന്നുള്ള കാര്യം കാത്തിരുന്നു കാണേണ്ടതാണ്. എന്തൊക്കെയായാലും കര്‍ഷകര്‍ ഭൂമിയില്‍ ഒരു വ്യവസ്ഥയും വെക്കാതെ തന്നെ കൃഷിയിറക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ വരുംനാളുകളില്‍ സന്തോഷ് മാധവന്‍ കോടതിയെ സമീപിച്ചേക്കും.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രാദേശികനേതൃത്വത്തിലിരിക്കുന്നവര്‍ പ്രതാപകാലത്ത് സന്തോഷ് മാധവന് കുടപിടിച്ചവരാണ്. അതുകൊണ്ട് അവര്‍ക്കാര്‍ക്കും നേരിട്ട് കര്‍ഷകര്‍ക്കുവേണ്ടി രംഗത്തുവരാന്‍ കഴിയില്ല. വന്നുകഴിഞ്ഞാല്‍ ഇവരെയെല്ലാം കുടുക്കുന്ന ചില രേഖകള്‍ സ്വാമിയുടെ കൈവശമുണ്ട്. അതുകൊണ്ട് തന്നെയാണ് സി.പി.എമ്മിന്റെ നേതാവിനെ തന്നെ കൂട്ടുപിടിച്ച് തലയോലപ്പറമ്പിന്റെ നെല്ലറകളിലേക്ക് സ്വാമി എത്തിയിരിക്കുന്നത്. ഒരുകാലത്ത് വൈക്കത്തിന്റെ നെല്ലറകളായ വടയാര്‍ പാടശേഖരങ്ങള്‍ പലതും ബിനാമി പേരുകളിലാണ് നിലകൊള്ളുന്നത്. ഇതിന്റെ അവകാശികള്‍ ആരൊക്കെയാണെന്ന് രജിസ്‌ട്രേഷന്‍ വകുപ്പിനുപോലും അറിയില്ല.
ഭൂമി കര്‍ഷകര്‍ വിട്ടുനല്‍കിയില്ലെങ്കില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ പാടില്ലാത്ത അവസ്ഥയാണ്. ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് ഭൂമി തിരിച്ചുപിടിക്കാനാണ് സന്തോഷ് മാധവന്‍ കളംനിറയുന്നത്. വരും ദിവസങ്ങളില്‍ നീക്കങ്ങള്‍ എന്തായിരിക്കുമെന്ന കാര്യം കാത്തിരുന്നു കാണേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."