എഴുപുന്നക്കാരുടെ യാത്രാദുരിതത്തിന് പരിഹാരം; റെയില്‍വേ മേല്‍പാലം പണിയാന്‍ തീരുമാനമായി
എരമല്ലൂര്‍: എഴുപുന്നയില്‍ റെയില്‍വേ മേല്‍പ്പാലം പണിയാന്‍ തീരുമാനമായി. ഈ മേഖലയിലെ യാത്രാദുരിതത്തിന് ഇതോടെ കുറെയൊക്കെ പരിഹാരമാകുമെന്നു നാട്ടുകാര്‍ പറഞ്ഞു.
37.24 കോടി രൂപയാണ് എഴുപുന്നയില്‍ റെയില്‍വേ മേല്‍പ്പാലത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വിശദമായി പദ്ധതി തയ്യാറാക്കുന്നതിനും രൂപമാതൃകയില്‍ ഡിസൈന്‍ ചെയ്യുന്നതിനുള്ള തുക അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ തിരുമാനിച്ചിട്ടുണ്ട്. ആകെ നിര്‍മാണച്ചെലവിന്റെ പകുതി റെയില്‍വേയും ബാക്കി സംസ്ഥാനവുമാണ് വഹിക്കേണ്ടത്.
മേല്‍പ്പാലം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. മാസത്തില്‍ രണ്ട് തവണയെങ്കിലും തകരാറിലാകുന്ന റെയില്‍വേ ഗേറ്റാണ് എഴുപുന്ന -എരമല്ലൂര്‍ റോഡില്‍ നിലവിലുള്ളത്. നൂറോളം സ്വകാര്യ ബസുകളും നിരവധി മറ്റു വാഹനങ്ങളും ദിനംപ്രതി സഞ്ചരിക്കുന്ന ഗേറ്റ് തകരാറിലായാല്‍ ഗതാഗതം സ്തംഭിക്കും.
തീവണ്ടി കടന്നു പോകാന്‍ റെയില്‍വേ ഗേറ്റ് അടച്ചാല്‍ പിന്നീട് തുറക്കാന്‍ പറ്റാതാകുന്ന തരത്തിത്തില് ഗേറ്റ് തകരാറാകുന്നത് നിത്യസംഭവമാണ്. മേല്‍പ്പാലം വരുന്നതോടുകൂടി ഇതിനെല്ലാം പരിഹാരമാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."