പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; നാട്ടുകാര്‍ ഓട്ടോകള്‍ അടിച്ചു തകര്‍ത്തു
കഠിനംകുളം: പെരുമാതുറ സെന്‍ട്രല്‍ ജുമുആ മസ്ജിദിനു മുന്നിലെ ഓട്ടോപാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.നാട്ടുകാര്‍ ഏതാനും ഓട്ടോകള്‍ അടിച്ചു തകര്‍ത്തു.
സംഘര്‍ഷത്തിനിടക്കു ഒരാള്‍ക്കു പരുക്കേറ്റു. പ്രദേശത്ത് പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ശനിയാഴ്ച അസര്‍ നിസ്‌ക്കാരത്തിന് ശേഷമായിരുന്നു സംഭവം. ജമാഅത്ത് കമ്മിറ്റി കഴിഞദിവസം ഓട്ടോറിക്ഷകള്‍ പള്ളിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്യരുതെന്ന് കര്‍ശന
നിര്‍ദേശം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നു ശനിയാഴ്ച രാവിലെ ഇവിടെ ഓട്ടോ പാര്‍ക്കിങ് ഇല്ലായിരുന്നു. എന്നാല്‍ വൈകിട്ടോടെ വീണ്ടും ഓട്ടോറിക്ഷകള്‍ ഇവിടെ പാര്‍ക്ക് ചെയ്തു. ജമാഅത്ത് കമ്മിറ്റിയുടെ നിര്‍ദേശം ലംഘിച്ചത് കണ്ട് അസര്‍ നിസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങിയവര്‍ ഓട്ടോതൊഴിലാളികളോട് കയര്‍ത്തു. ഇത് പിന്നീട് സംഘര്‍ഷത്തിലേക്കു തിരിയുകയായിരുന്നു. ഇതിനിടയില്‍ നാല് ഓട്ടോകള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്നു ഓട്ടോ തൊഴിലാളികള്‍ സംഘടിച്ച് ജമാഅത്ത് ഭാരവാഹികള്‍ക്കും നാട്ടുകാര്‍ക്കും നേരേ ആക്രമണം അഴിച്ച് വിട്ടു. ഇതോടെ ജമാഅത്ത് ഭാരവാഹികള്‍ പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ മുഴുവന്‍ ജമാഅത്ത് അംഗങ്ങളും പള്ളിയിലേക്കെത്തണമെന്ന് ആവശ്യപ്പെട്ടു. ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പ് കേട്ട് പരിസരവാസികള്‍ മുഴുവന്‍ പള്ളിയിലേക്കെത്തി. ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു.
വിവരമറിഞ്ഞ് കഠിനംകുളം പൊലിസ് എത്തിയെങ്കിലും സ്ഥിതി നിയന്ത്രിക്കാനായില്ല. തുടര്‍ന്ന് കടയ്ക്കാവൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസെത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ സ്ഥലത്തു പൊലിസ് ക്യാംപ് ചെയ്യുകയാണ്.
സംഭവത്തെ തുടര്‍ന്ന് ഇന്നലെ ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയില്ല. മസ്ജിദിന് മുന്നിലുള്ള ഓട്ടോസ്റ്റാന്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."