ക്ലാസിക്ക് സെമി
മ്യൂണിക്ക്: കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടറില്‍ ഇരു പാദങ്ങളിലായി 6-3ന് കീഴടക്കി മുന്നേറിയ റയല്‍ മാഡ്രിഡിനോട് പകരം ചോദിക്കാന്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ഇന്നിറങ്ങും. യുവേഫ ചാംപ്യന്‍സ് ലീഗ് സെമിയില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടം. മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് നിലവിലെ കിരീട ജേതാക്കളായ റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടും. ആദ്യപാദ പോരാട്ടം ഇന്ന് സ്വന്തം തട്ടകമായ അലയന്‍സ് അരീനയിലാണെന്ന ആത്മവിശ്വാസത്തിലാണ് ബയേണിന്റെ പടപ്പുറപ്പാട്. രണ്ടാം പാദ മത്സരം മെയ് ഒന്നിന് റയലിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബുവില്‍ അരങ്ങേറും.
ബുണ്ടസ് ലീഗയിലെ കിരീട നേട്ടത്തിന്റെ കരുത്തിലാണ് ബയേണ്‍ കളിക്കാനിറങ്ങുന്നത്. സ്പാനിഷ് ലാ ലിഗയില്‍ ഇത്തവണ കിരീട പ്രതീക്ഷയില്ലെങ്കിലും ചാംപ്യന്‍സ് ലീഗിലെ അനുപമമായ റെക്കോര്‍ഡിന്റെ ബലത്തിലാണ് റയല്‍ എവേ പോരിനായി ജര്‍മനിയില്‍ എത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ തവണ കീഴടക്കിയ ബയേണല്ല ഇത്തവണ എന്ന് റയലിന് ശരിക്കും അറിയാം. നടപ്പ് സീസണിന്റെ തുടക്കത്തില്‍ കാര്‍ലോ ആന്‍സലോട്ടിയെ പുറത്താക്കി പഴയ വീര നായക പരിവേഷമുള്ള കോച്ച് ജുപ് ഹെയ്‌നക്‌സിനെ വീണ്ടും കൊണ്ടുവന്ന് കളിയില്‍ അടിമുടി മാറ്റം വരുത്തിയാണ് ബാവേറിയന്‍സ് നില്‍ക്കുന്നത്. യൂറോപ്യന്‍ ലീഗുകളില്‍ നിലവില്‍ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കുന്ന സംഘമാണ് ബയേണ്‍. മുന്നേറ്റത്തില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ മികവാണ് ബയേണിന്റെ പ്രധാന കരുത്ത്. എല്ലാ മത്സരങ്ങളിലുമായി ബയേണിനായി ഈ സീസണില്‍ പോളിഷ് നായകന്‍ 39 ഗോളുകള്‍ നേടിക്കഴിഞ്ഞു. കഴിഞ്ഞ തവണ റയല്‍ ബയേണിനെ കീഴടക്കുമ്പോള്‍ ടീമിലുണ്ടായിരുന്ന ജെയിംസ് റോഡ്രിഗസ് ഇത്തവണ ബയേണ്‍ നിരയിലാണ്. ഗോളടിപ്പിക്കാനും ഗോളടിക്കാനുമുള്ള മികവാണ് കൊളംബിയന്‍ താരത്തിന്റെ മിടുക്ക്. സ്വന്തം തട്ടകത്തിലാണ് ആദ്യപാദമെന്നതും ബയേണിന് കരുത്തേകുന്ന ഘടകമാണ്. ഈ സീസണില്‍ സ്വന്തം തട്ടകത്തില്‍ കളിച്ച 15 ബുണ്ടസ് ലീഗ മത്സരങ്ങളില്‍ 13ലും അവര്‍ വിജയം സ്വന്തമാക്കി. രണ്ട് മത്സരങ്ങളില്‍ സമനിലയും. നടപ്പ് ചാംപ്യന്‍സ് ലീഗിലെ ഹോം മത്സരങ്ങളില്‍ ആന്റര്‍ലെറ്റ്, സെല്‍റ്റിക്ക്, പി.എസ്.ജി, ബെസിക്റ്റസ് ടീമുകളെ കീഴടക്കിയ അവര്‍ സെവിയ്യയോട് സമനില പിടിച്ചും സ്വന്തം തട്ടകത്തില്‍ മികവ് ആവര്‍ത്തിച്ചാണ് സെമിയിലേക്ക് എത്തിയിരിക്കുന്നത്.
ആന്‍സലോട്ടി പരിശീലിപ്പിക്കുമ്പോള്‍ പ്രതിരോധത്തിലാണ് ബയേണ്‍ പ്രധാനമായും വീഴ്ച വരുത്തിയിരുന്നത്. ഹെയ്‌നക്‌സ് വന്നതോടെ കഥ മാറി. ഇത്തവണ ചാംപ്യന്‍സ് ലീഗില്‍ ഇതുവരെ എട്ട് ഗോളുകള്‍ മാത്രമാണ് ടീം വഴങ്ങിയത്. ജെറോം ബോട്ടെങ്, മാറ്റ് ഹമ്മല്‍സ് എന്നീ താരങ്ങളുടെ കരുത്താണ് അവരുടെ പ്രതിരോധത്തിലെ സ്ഥിരതയുടെ അടിസ്ഥാനം.
2012-13 സീസണില്‍ ബുണ്ടസ് ലീഗ, ജര്‍മന്‍ കപ്പ്, ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി അഭിമാനത്തോടെ ബയേണിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ജുപ് ഹെയ്‌നക്‌സ് സമാന നേട്ടത്തിനരികിലാണ് താത്കലിക ചുമതലയേറ്റ ഈ ഘട്ടത്തിലും നില്‍ക്കുന്നത്.
സ്പാനിഷ് ലാ ലിഗയില്‍ ഈ സീസണിലെ റയലിന്റെ പ്രകടനം ആശാവഹമല്ല. അതേസമയം യൂറോപ്യന്‍ പോരാട്ട വേദിയില്‍ അവര്‍ തങ്ങളുടെ മാറ്റ് കുറയാതെ കാക്കുന്നു. ലാ ലിഗയിലെ കിരീട പ്രതീക്ഷ എന്നോ അവസാനിച്ചെങ്കിലും ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് റയല്‍. ചാംപ്യന്‍സ് ലീഗിന്റെ നടപ്പ് ഘട്ടത്തില്‍ കരുത്തരായ എതിരാളികളെ കാര്യമായി നേരിട്ട് തന്നെയാണ് അവര്‍ ജര്‍മനിയിലേക്ക് എത്തിയിരിക്കുന്നത്. ടോട്ടനം ഹോട്‌സ്പര്‍, ബൊറൂസിയ ഡോര്‍ട്മുണ്ട്, പി.എസ്.ജി, യുവന്റസ് ടീമുകളെ കീഴടക്കി എത്തിയതിന്റെ ആത്മവിശ്വാസം അവര്‍ക്കുണ്ട്.
ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമാണ് പരിശീലകന്‍ സിനദിന്‍ സിദാന്‍ മുന്നില്‍ കാണുന്നത്. സീസണിന്റെ തുടക്കത്തില്‍ ഫോമില്ലാതെ ഉഴറിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ മാരക ഫോമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതുതന്നെയാണ് റയലിന്റെ കരുത്ത്. ഒപ്പം മധ്യനിര താരങ്ങളായ ലൂക മോഡ്രിച്- ടോണി ക്രൂസ് സഖ്യത്തിന്റെ നിര്‍ണായക നീക്കങ്ങളും അവര്‍ക്ക് തുണയാണ്. അസെന്‍സിയോ അടക്കമുള്ള താരങ്ങളുടെ സാന്നിധ്യവും ടീമിന്റെ ശക്തി കൂട്ടുന്നു.
മിന്നും ഫോമിലുള്ള മുന്നേറ്റ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരുടെ നേര്‍ക്കുനേരങ്കമായും ഇന്നത്തെ മത്സരം മാറും. ഒപ്പം നിര്‍ണായക തന്ത്രങ്ങളുമായി ടീമിനെ ഒരുക്കുന്ന ഇരു പക്ഷത്തെ പരിശീലകരുടെ നീക്കങ്ങളും മത്സരത്തെ ശ്രദ്ധേയമാക്കി നിര്‍ത്തുന്നു. ലോകമെമ്പമാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത് ഫൈനലിന് മുന്‍പൊരു സൂപ്പര്‍ ഫൈനല്‍ പോരാട്ടം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."