സൗരോര്‍ജ വേലികള്‍ പേരിലൊതുങ്ങി
കഞ്ചിക്കോട്: ജില്ലയിലെ ജനവാസമേഖലകളില്‍ വന്യമൃഗശല്യം കൂടുമ്പോഴും പ്രതിരോധ നടപടികള്‍ പ്രഹസനമാകുന്നു. ജില്ലയിലെ മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, എടത്തനാട്ടുകര, കല്ലടിക്കോട്, മുണ്ടൂര്‍, പുതുശ്ശേരി, കഞ്ചിക്കോട്, വാളയാര്‍, കൊട്ടേക്കാട് എന്നിവിടങ്ങളില്‍ കാലങ്ങളായി വന്യമൃഗഭീഷണി നേരിടുന്ന മേഖലകളാണ്. വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ ജീവനുംസ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി കോടികള്‍ മുടക്കിയ പദ്ധതികളൊക്കെ നാഥനില്ലാക്കളരിയാവുകയാണ്.
സംസ്ഥാനത്തു മാത്രം ഇതേവരെ 14 കോടിയോളം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഏഴായിരത്തോളം പരാതികള്‍ ഇതേവരെ വന്യജീവി ആക്രമണങ്ങളുടെ പേരില്‍ ലഭിച്ചതില്‍ 6.59കോടിയോളം രൂപ നഷ്ടപരിഹാര ഇനത്തില്‍ നല്‍കിയിട്ടുണ്ടെന്നാണ് അധികൃതവാദം.
പുതുശ്ശേരി മുതല്‍ വാളയാര്‍ വരെയുള്ള മേഖലകളില്‍ ഇപ്പോഴും രാപകലന്യേ കാട്ടാന ഭീതിയിലാണ് ജനങ്ങള്‍ താമസിക്കുന്നത്. എക്‌സ്പ്രസ് ട്രെയിനുകളടക്കം നിരവധി ട്രെയിനുകള്‍ കടന്നുപോകുന്ന പാലക്കാട് - കോയമ്പത്തൂര്‍ റെയില്‍വേ പാതയില്‍ കഞ്ചിക്കോട് മേഖലയില്‍ മാത്രം നിരവധി കാട്ടാനകളാണ് മുന്‍വര്‍ഷങ്ങളില്‍ ട്രെയിനിടിച്ച് ചെരിഞ്ഞിട്ടുള്ളത്.
മലയോരമേഖലകളുള്‍പ്പെടെ ട്രെയിന്‍ സര്‍വിസുള്ളതുമായ ജനവാസ മേഖലകളില്‍ സൗരോര്‍ജവേലികളും കിടങ്ങുകളും സംരക്ഷണഭിത്തികളുള്‍പ്പെടെയുള്ള പ്രതിരോധ നടപടികളുമൊക്കെ പ്രഹസനമാകുന്നതാണ് വന്യമൃഗശല്യം ഏറുന്നതിന് കാരണമാകുന്നത്. വനാതിര്‍ത്തികളിലും മലയോര മേഖലകളിലുമൊക്കെയായി നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോഴും വന്യമൃഗശല്യം നേരിടുന്നത്.
ജനവാസമേഖലകളില്‍ രാപകല്‍ വ്യത്യാസമില്ലാതെ ഇറങ്ങുന്ന കാട്ടാനകള്‍, കാട്ടുപന്നികള്‍ എന്നിവ ജീവനും സ്വത്തിനും ഭീഷണിയാകുമ്പോള്‍ കുട്ടികളുടക്കമുള്ള കുടുംബങ്ങള്‍ക്ക് പലപ്പോഴും ഉറക്കമിളച്ചിരിക്കേണ്ട സ്ഥിതിയാണ്.
കുടിലുകള്‍ തകര്‍ക്കുകയും കൃഷിവിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നതിനു പുറമെ ജീവന്‍ അപഹരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ക്കെതിരെ മുഖം തിരിക്കുകയാണ്. ഇതിനു പുറമെ മുണ്ടൂര്‍, നെല്ലിയാമ്പതി തുടങ്ങിയ വനമേഖലകളില്‍ താമസിക്കുന്നവര്‍ക്ക് വന്യമൃഗശല്യത്തില്‍നിന്നും രക്ഷ നേടുന്നതിനായി നിരവധി പ്രതിഷേധസമരങ്ങള്‍ പ്രദേശവാസികള്‍ നടത്തിയിട്ടും ഫലം കാണാത്ത സ്ഥിതിയാണ്. കഴിഞ്ഞവര്‍ഷം മാത്രം ഇത്തരത്തില്‍ വന്യജീവി ആക്രമണത്തില്‍ ജില്ലയില്‍ മാത്രം ഇരുപതിലധികം പേരാണ് മരിച്ചിട്ടുള്ളതെന്നിരിക്കെ ഇതില്‍ ഭൂരിഭാഗവും കാട്ടാനകളുടെ ആക്രമണത്തിലാണെന്നതാണ് പരിതാപകരം. കാട്ടാനകളുടെ ശല്യത്തില്‍നിന്നും രക്ഷ നേടാനായി സ്ഥാപിച്ച സൗരോര്‍ജവേലികള്‍ മിക്കയിടക്കും വെറും തൂണുകളിലൊതുങ്ങി നില്‍ക്കുകയാണ്.
മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, തിരുവിഴാംകുന്ന് മേഖലകളില്‍ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീതിയിലാണ് കഴിയുന്നത്. കാട്ടാനകള്‍ക്കു പുറമെ പന്നികളുടെ ശല്യമാണ് കാര്‍ഷികവിളകള്‍ക്ക് പലപ്പോഴും ഭീഷണിയാകുന്നത്.
വാഴ, തെങ്ങ്, കവുങ്ങ്, റബര്‍, കപ്പ, പപ്പായ എന്നിവയാണ് പ്രധാനമായും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്. മലമ്പുഴമേഖലയില്‍ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ അരക്കോടിയോളം രൂപയുടെ കാര്‍ഷികവിളകളാണ് നശിപ്പിച്ചത്. പുതുശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പെട്ട ചുള്ളിമട മേഖലയില്‍ കാട്ടാനകളിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് നിത്യസംഭവമാണ്. പ്രദേശത്തെ ചുള്ളിപ്പള്ളം മേഖലയിലെ കര്‍ഷകന്റെ പത്തിലധികം തെങ്ങുകളും രണ്ടേക്കറോളം സ്ഥലത്തെ മറ്റു കാര്‍ഷികവിളകളുമാണ് കഴിഞ്ഞ വര്‍ഷം കാട്ടാനകള്‍ നശിപ്പിച്ചത്.
ഒരു കുട്ടിക്കൊമ്പനടക്കം നാലു കാട്ടാനകളാണ് പ്രദേശത്ത് കാലങ്ങളായി സൈ്വരവിഹാരം നടത്തുന്നത്. വനാതിര്‍ത്തിയും കടന്ന് റെയില്‍പാളം മുറിച്ചുകടന്നാണ് ഇവ ജനവാസമേഖകളിലേക്കെത്തുന്നത്. റെയില്‍പ്പാളത്തില്‍ കയറി നില്‍ക്കുന്ന ഇത്തരം കാട്ടാനകള്‍ ട്രെയിനിടിച്ച സംഭവങ്ങളും കഞ്ചിക്കോട്ട് - വാളയാര്‍ റെയില്‍പാതയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാത്രികാലങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ പന്തംകൊളുത്തിയും പടക്കം പൊട്ടിച്ചും ജനങ്ങള്‍ കാട്ടിലേക്കയക്കുമെങ്കിലും ഇവ വീണ്ടും തിരിച്ചെത്തുന്നതാണ് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നത്. വാളയാര്‍ മേഖലയില്‍ ചുള്ളിമട മുതല്‍ കുരുടിക്കാട് വരെയുള്ള ഉള്‍ക്കാടുകളില്‍ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള വൈദ്യുതവേലികള്‍ തകര്‍ത്താണ് കാട്ടാനകള്‍ ജനവാസമേഖലകളിലേക്കെത്തുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ജനവാസമേഖലകളിലേക്കിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിന് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് പലപ്പോഴും സംരക്ഷണമോ സഹായങ്ങളോ ലഭിക്കില്ലെന്ന ആരോപണങ്ങളുമുയരുന്നുണ്ട്. പാലക്കാട് - കോയമ്പത്തൂര്‍ ലൈനില്‍ ട്രെയിനിടിച്ചു കാട്ടാനകള്‍ മരിക്കുന്നത് തുടര്‍ക്കഥയാകുമ്പോള്‍ ട്രെയിനിന്റെ സ്പീഡ് കുറക്കണമെന്ന് ഉത്തരവുണ്ടെങ്കിലും പലപ്പോഴും എഞ്ചിന്‍ ഡ്രൈവര്‍മാര്‍ ഇത് പാലിക്കപ്പെടുന്നില്ല.
രാത്രികാലങ്ങളില്‍ വെളിച്ചത്തിനായി കഞ്ചിക്കോട് മേഖലകളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റുകള്‍ പലതും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. രാത്രികാലങ്ങളില്‍ റെയില്‍വേ ലൈനുകളില്‍ പരശോധനകള്‍ നടത്താന്‍ വാച്ചര്‍മാര്‍ക്ക് മതിയായ സൗകര്യങ്ങളും ഉപകരണങ്ങളുമില്ലാത്തതും ഇവര്‍ക്ക് ദുരിതമാക്കുന്നുണ്ട്.
കോടികള്‍ തുലച്ച സൗരോര്‍ജ വേലികളും മറ്റു പ്രതിരോധമാര്‍ഗങ്ങളുമൊക്കെ പേരിലൊതുങ്ങുമ്പോള്‍ സംസ്ഥാനത്തു മാത്രമല്ല ജില്ലയിലെ മലയോരമേഖലകളിലും വനാതിര്‍ത്തികളിലും റെയില്‍പാതയോരങ്ങളിലും താമസിക്കുന്നവര്‍ കാലങ്ങളായി ജീവനും സ്വത്തിനും ഭീഷണി നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."