82ാം വയസിലും നാരായണേട്ടന് കരിമ്പന നട്ടുകൊണ്ടിരിക്കുകയാണ്
പാലക്കാട്: ടിപ്പുവിന്റെ കോട്ടക്കലങ്കാരമായും സഞ്ചാരികള്‍ക്ക് ആശ്വാസമായും കരിമ്പന നിഴലുകള്‍ പരത്തിനില്ക്കുമ്പോള് കണ്ണനൂര്‍ മേലേപുരവീട്ടീല് നാരായണേട്ടന് ഇന്ന് ഏറെ സന്തുഷ്ടനാണ്. പാലക്കാടിന്റെ പൈതൃകമായ കരിമ്പനകള്‍ നാട്നീങ്ങികൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇദ്ദേഹം കോട്ടക്കകത്ത് തൊളളായിരത്തോളം പനകള്‍ നട്ടുപിടിപ്പിച്ചത്. ടിപ്പുവിന്റെ കോട്ടയുടെ ദൃശ്യത്തിന് ഭംഗം വന്നേക്കാം എന്ന കാരണത്താല്‍ പുരാവസ്തുവകുപ്പ് അറുനൂറോളം കരിമ്പനകള്‍ പിഴുതെറിഞ്ഞു.
പാലക്കാടിന്റെ കാലവസ്ഥക്ക് അനുയോജ്യമായ മൂന്നുറോളം കരിമ്പനകളാണ് ഇപ്പേള്‍ കോട്ടക്ക് ചുറ്റുമുളളത്. കുട്ടിക്കാലത്തെയുളള അതിയായ സ്നേഹമാണ് അദ്ദേഹത്തെ കരിമ്പനകള്‍ വെച്ച് പിടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. നാരായണേട്ടന് ഇപ്പോള്‍ 82 വയസുണ്ട്. 1990ല്‍ ആര്.ടി.ഒ ഓഫീസില്‍ നിന്നും വിരമിച്ച നാരായണേട്ടന് 1992 മുതല്‍ 2002 കാലഘട്ടത്തിലാണ് കരിമ്പനകള്‍ വെച്ചു പിടിപ്പിച്ചത്.
ഇത് കണ്ടു നിന്നവര്‍ ആദ്യം ആശ്ചര്യത്തോടെ നോക്കി, പിന്നെ സഹതാപമായി, പരിഹാസമായി, ഒടുവിലിപ്പോള്‍ ആരാധനയും.പാലക്കാട് പാലാട്ട് ജംഗ്ഷനില്‍ മാസ്റ്റര്‍ സര്‍വിസ് എന്ന സ്ഥാപനനടത്തിപ്പ് തിരക്കിനിടയിലും കോട്ടയില്‍ കരിമ്പന നിഴലുകള്‍ പരത്താന്‍ നാരായണേട്ടന് കഴിഞ്ഞിരുന്നു. ജെ.സി.ബി ഉപയോഗിച്ച് കരിമ്പനകള്‍ പിഴുതുകളഞ്ഞപ്പോള് നെഞ്ചിനകത്ത് വല്ലാത്ത പിടച്ചിലായിരുന്നു, പെറ്റമ്മക്ക് സ്വന്തം കുഞ്ഞിന്റെ മരണം നേരില്‍ കണ്ടതു പോലെയാണെന്ന് നാരായണേട്ടന് വികാരഭരിതമായി പറഞ്ഞു. സര്‍ക്കാറിന്റെ സ്ഥലത്താണ് കരിമ്പനകള്‍ എന്നതിനാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ നിര്‍വ്വാഹമില്ലായിരുന്നു. അക്കാരണത്താല്‍ കരിമ്പനകള്‍ മുന്നൂറായി കുറഞ്ഞു. ചൂണ്ടിക്കാണിച്ചാല്‍ പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ ഓക്സിജന്‍ പുറന്തളളുന്ന വൃക്ഷം കരിമ്പനയാണെന്ന് പറയപ്പെടുന്നു. പക്ഷെ പ്രകൃതിയിലുളള ഈ വക കാര്യങ്ങള്‍ അറിയാതെയാണ് അറുനൂറോളം കരിമ്പനകള്‍ പുരാവസ്തുവകുപ്പ് പിഴുതെടുത്ത് കളഞ്ഞത്. കരിമ്പനകള്‍ പിഴുതെടുത്തപ്പോള്‍ അദ്ദേഹം ഏറെ ദുഖിച്ചു കാരണം അദ്ദേഹത്തിന് അതിനെ പ്രതിരോധിക്കാനുളള സാഹചര്യം ഇല്ലായിരുന്നതിനാന് നോക്കി നിന്നതേയുള്ളു. പാലക്കാട് മുന്നോട്ട് മുതലായ ചില സംഘടനകള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാക്കി വന്ന കരിമ്പനകള്‍ പിഴുതറിയുന്നത് പുരാവസ്തുവകുപ്പ് നിര്‍ത്തി. അങ്ങനെ ബാക്കി കരിമ്പനകള്‍ മൂന്നുറോളം ഇപ്പോള്‍ കോട്ടക്ക് ചുറ്റും കാണാം.
എന്നിട്ടും തകര്‍ന്നില്ല നാരായണേട്ടന്. സ്നേഹിതരായ കണ്ണാടി ടി.ജി.ചെന്താമരാക്ഷന്,പരോതനായ എസ്.ബാലകൃഷ്ണന്, വി.കരുണമുര്ത്തി എന്നിവര്‍ ചേര്‍ന്ന് കണ്ണാടി വില്ലേജ് മുതല്‍ കുഴല്‍മന്ദം പഞ്ചായത്തിലുളള മലമ്പുഴ കനാല്ബണ്ടിന് ചുറ്റും ഏകദേശം മൂന്ന് കിലോമിറ്ററോളം സ്ഥലത്ത് ആയിരത്തോളം കരിമ്പനകള്‍ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.
ബാല്യകാലത്ത് കരിമ്പനയുടെ ഇളന്നന്‍ തിന്നിട്ടുണ്ട്. പ്രകൃതിയും ഭൂമിയും തനിക്ക് നല്കിയ ഉപഹാരത്തിന് നന്ദിയായി ഭൂമിക്കായിഎന്തെങ്കിലും നല്‍കണമെന്ന ചിന്തയുടെ ഫലമായാണ് കരിമ്പനകള്‍ നട്ടുപിടിപ്പിച്ചത്. കരിമ്പനക്കാടുളള പഴയ പാലക്കാടിനെ തിരിച്ച് പിടിക്കുക എന്നതാണ് ഇപ്പോള്‍ അദ്ദേഹം സ്വപ്നം കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."