റമദാന്‍; വ്യാപാര സ്ഥാപനങ്ങളിലെ വില വര്‍ധനയും തട്ടിപ്പുകളും തടയാന്‍ പ്രത്യേക സംഘം
ജിദ്ദ: റമദാന്‍ ആസന്നമായ സാഹചര്യത്തില്‍ സാധനങ്ങളുടെ വില അന്യായമായി വര്‍ധിപ്പിക്കുകയും വ്യാജ ഓഫറുകളും മറ്റും നല്‍കി ഉപഭോക്താക്കളെ പറ്റിക്കുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടികളെടുക്കാന്‍ സഊദി വാണിജ്യമന്ത്രാലയം. ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിടികൂടുന്നതിനായി മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകഴിഞ്ഞു. പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ചെറിയ കടകളും പരിശോധിച്ച് നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.
റമദാനില്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. റമദാനിലെ വന്‍ ഡിമാന്റ് കണക്കിലെടുത്ത് വിലവര്‍ധിപ്പിക്കുക, വ്യാജ ഓഫറുകള്‍ നല്‍കി ആളുകളെ പറ്റിക്കുക, വ്യാജ ട്രേഡ് മാര്‍ക്കുകള്‍ പതിച്ച് സാധനങ്ങള്‍ വില്‍ക്കുക, എക്‌സപയറി ഡേറ്റുകള്‍ തിരുത്തുക, അധിക വില രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ പതിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനാണ് പ്രത്യേക സംഘം പരിശോധനകള്‍ നടത്തുക. റമദാന്‍ പ്രൊമോഷന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറുകളും ശരിയാംവിധം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ നടത്തും.
കഴിഞ്ഞ റമദാനില്‍ 12000ത്തിലേറെ ഷോപ്പുകളും മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതില്‍ 600ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ മാത്രം വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ച 66,000 സമൂസകള്‍ ഉള്‍പ്പെടെ ധാരാളം ഭക്ഷ്യപദാര്‍ഥങ്ങള്‍ പിടികൂടി നശിപ്പിച്ചു. 77,000 വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി, പ്രമുഖ കമ്പനികളുടെ നാല് ലക്ഷത്തോളം വ്യാജസ്റ്റിക്കറുകള്‍ കണ്ടെത്തി നശിപ്പിച്ചതായും മന്ത്രാലയം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന ഉപഭോക്താക്കള്‍ 1900 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഇക്കാര്യം അറിയിക്കണമെന്നും വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."