അഹന്ത കൊണ്ട് അന്ധരാവുന്നവര്‍
ജനാധിപത്യം പുഷ്‌കലമാവുന്നത് അതര്‍ഹിക്കുന്ന കരങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴാണ്. അനര്‍ഹരും അഹങ്കാരികളുമാണ് അതിന്റെ ചുക്കാന്‍ പിടിക്കുന്നതെങ്കില്‍ അതിനോളം മ്ലേഛമായി മറ്റൊരു ഭരണക്രമമില്ല. പരസ്പരം മാനിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളും അവയ്ക്കിടയിലെ കൊടുക്കല്‍ വാങ്ങലുമാണ് ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കുന്നത്. അതിന്റെ സ്ഥാനത്ത്, തമ്മില്‍ കടന്നാക്രമിക്കാനുള്ള പ്രവണതയാണുള്ളതെങ്കില്‍ നരകതുല്യമാവും ജനജീവിതം.
ആരാണ് വലിയവന്‍ എന്ന ചോദ്യം തന്നെ അല്‍പന്മാരില്‍ നിന്നുയരുന്നതാണ്. അത്തരക്കാര്‍ ഇപ്പോള്‍ അധികാരസ്ഥാനങ്ങളില്‍ പെരുകിയതു കൊണ്ടാവും 'ഞാനോ നീയോ' എന്ന ചോദ്യം വലിയ ശബ്ദത്തോടെ ഉയരുന്നത്. തങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തവരാണെന്ന ചിന്ത ഇവരില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. അതിനുള്ള എന്തെങ്കിലും ശ്രമം എവിടെ നിന്നെങ്കിലും ഉയരുന്നുവെന്ന ചെറിയ സൂചന പോലും ഇവരെ വെകിളി പിടിപ്പിക്കും. അങ്ങനെയെന്തെങ്കിലുമുണ്ടായാല്‍ നില മറന്ന് ആക്രോശിക്കും, അധികാര ദുര മൂത്ത് അന്ധരായിത്തീര്‍ന്നവര്‍.
ചിലര്‍ ഉപവിഷ്ടരാവുമ്പോള്‍ കസേരകള്‍ സിംഹാസനങ്ങളായി മാറും എന്നു പറയാറുണ്ട്. വിനയം കൊണ്ടും വിജ്ഞാനം കൊണ്ടും വലിയവരായവരാണ് അത്തരക്കാര്‍. പൂര്‍വികരായ അത്തരം വിശിഷ്ടവ്യക്തികള്‍ ഇരുന്ന കസേരകളില്‍ ഇത്തിരിക്കുഞ്ഞന്മാര്‍ ഉപവിഷ്ടരായതിന്റെ കെടുതിയാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഇവരില്‍ ആര് ആരേക്കാള്‍ മുമ്പില്‍ എന്ന് വേര്‍തിരിച്ചറിയാനാവാത്ത വിധം സര്‍വം മ്ലേഛമയമാണ്. മാന്യന്മാര്‍ മൗനികളായി മാറിനില്‍ക്കുന്നതല്ലേ ഉചിതം എന്ന് ഒരുവേള ചിന്തിച്ചു പോവാം. പക്ഷെ അതും അപകടകരമാണ്. അരുത് എന്ന് എതിര്‍ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ എല്ലാം തങ്ങള്‍ക്ക് കീഴെ എന്ന ചിന്തയില്‍ അല്‍പന്മാര്‍ സര്‍വതും കീഴ്‌മേല്‍ മറിക്കും. ഇപ്പോള്‍ തന്നെ രാജ്യത്തിന്റെ അവസ്ഥ ഏതാണ്ട് ആ മട്ടിലായിട്ടുണ്ട്. അമ്പത്തിയാറ് ഇഞ്ച് നെഞ്ചളവിന്റെ അഹന്തയില്‍ അഭിരമിക്കുന്ന ഒരാള്‍, ജുഡിഷ്യറിയുടെ പ്രത്യേകാവകാശ സംരക്ഷണത്തില്‍ മറ്റൊരാള്‍, വര്‍ഗീയതയില്‍ ആള്‍ക്കൂട്ടത്തെ മയക്കി വേറെ ചിലര്‍. നോട്ട് നിരോധനം പോലെ, ജി.എസ്.ടി പോലെ സുപ്രധാന തീരുമാനങ്ങളിലൊന്നും ജനാധിപത്യത്തിന്റെ ജീവവായുവായ കൂടിയാലോചനകള്‍ ഉണ്ടാവുന്നില്ല. അതിന്റെ ദുരന്തം രാജ്യം ഇപ്പോഴും അനുഭവിക്കുന്നു. ഭരണവും ഭരണകക്ഷിയുമെല്ലാം ഒരാളിലേക്ക് ചുരുങ്ങിയിരിക്കുന്നു. 'ഞാന്‍ തന്നെയാണ് രാജ്യം' എന്ന മുദ്രാവാക്യത്തിലേക്ക് ഇനി അധിക ദൂരമില്ല. നീതിപീഠത്തിന്റെ അവസ്ഥയും ഇതേ രീതിയിലാണ്. സമവായ ശ്രമങ്ങളില്ല. മുതിര്‍ന്ന സഹപ്രവര്‍ത്തകരെ പോലും മാറ്റി നിര്‍ത്തിയാണ് ഒറ്റയാള്‍ തീരുമാനങ്ങള്‍. കാര്യങ്ങള്‍ ഇംപീച്ച്‌മെന്റിലേക്ക് നീങ്ങുമ്പോള്‍ രണ്ടു ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള അപകടകരമായ ഏറ്റുമുട്ടലാണ് ദൃശ്യമാവുന്നത്.
രാജ്യരക്ഷയോ ജനനന്മയോ ഒന്നുമല്ല ഈ അധികാര വടംവലിക്ക് ആധാരമായ തര്‍ക്കവിഷയം. ചിലരുടെ താന്‍പോരിമയാണ് പ്രശ്‌നം. ആരും ജനങ്ങള്‍ക്കും ഭരണഘടനക്കും മുകളിലല്ലെന്ന ബാലപാഠം ബന്ധപ്പെട്ടവര്‍ മറന്നു പോയിരിക്കുന്നു. അധികാരത്തിലിരിക്കുന്നവര്‍ ജനങ്ങളുടെ ദാസന്മാരാകണമെന്ന തത്വവും ബോധപൂര്‍വം തമസ്‌കരിക്കപ്പെടുകയാണ്. അധികാരം കൊണ്ട് തലക്കനം വന്നവരും അഹങ്കാരം കൊണ്ടു കണ്ണു കാണാതായവരും മനുഷ്യരെ കാണില്ല. മറ്റുള്ളവരെ മാനിക്കുകയുമില്ല. പരപുച്ഛമാണ് അത്തരക്കാരുടെ മുഖമുദ്ര.
1300 വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനീസ് സഞ്ചാരി ഹുയാന്‍സാങ് ഇന്ത്യയിലെത്തിയപ്പോള്‍ കണ്ട അഹങ്കാരിയായ ഒരു പണ്ഡിതനെകുറിച്ച് വിവരിക്കുന്നുണ്ട്. ബിഹാറിലെ കര്‍ണസുവര്‍ണ എന്ന നഗരത്തില്‍ വച്ചാണ് നെഞ്ചില്‍ ചെമ്പുതകിടും തലയില്‍ തീപന്തവുമായി ഇയാളെ കണ്ടത്. കൈയില്‍ ഒരു ദണ്ഡുമുണ്ടായിരുന്നു. അറിവിന്റെ ആധിക്യം കാരണം നെഞ്ച് പൊട്ടാതിരിക്കാനായിരുന്നു ഇയാള്‍ ചെമ്പുതകിട് കെട്ടിയത്! ചുറ്റും അജ്ഞാനികളായി കഴിയുന്ന ജനങ്ങള്‍ക്ക് വഴികാണിക്കാനാണ് തലയില്‍ പന്തം കൊളുത്തിവച്ചതെന്നും ഇയാള്‍ ഹുയാന്‍സാങിനോട് പറഞ്ഞത്രെ. അറിവുകൊണ്ടും അധികാരം കൊണ്ടും അര്‍ഥം കൊണ്ടും അഹങ്കാരികളായി സമനില തെറ്റിയവരെ ഇന്നും എവിടേയും കാണാം. ഭ്രാന്തന്മാരുടെ ഏറ്റവും വലിയ പ്രശ്‌നം സ്വന്തം രോഗം അവര്‍ അംഗീകരിക്കില്ല എന്നതാണ്. അവരുടെ രോഗത്തിന്റെ കെടുതികള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാവട്ടെ മറ്റുള്ളവരും. ഇന്ത്യാ മഹാരാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അത്തരമൊരു അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."