പട്ടികജാതി വികസനം: ജില്ലയില്‍ ചെലവഴിച്ചത് 46.59 കോടി
കോട്ടയം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ഒരു വര്‍ഷം ജില്ലയില്‍ ചെലവിട്ടത് 46.59 കോടി രൂപ. പതിനാല് സ്‌കീമുകളിലായാണ് ഈ തുക ചെലവഴിച്ചിട്ടുള്ളത്.
10.67 കോടി രൂപ ചെലവഴിച്ച് ഭൂരഹിതരായ 280 പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. വിവിധ ഗ്രാമപഞ്ചായത്തുകളിലുള്ള 256 പേര്‍ക്ക് അഞ്ച് സെന്റ് വീതവും മുനിസിപ്പാലിറ്റികളില്‍ താമസിക്കുന്ന 24 പേര്‍ക്ക് മൂന്നു സെന്റു വീതവും വാങ്ങുന്നതിന് ധനസഹായം നല്‍കി.
ആളൊന്നിന് ഗ്രാന്റായി പഞ്ചായത്തുകളില്‍ 3.75 ലക്ഷവും മുനിസിപ്പാലിറ്റികളില്‍ 4.50 ലക്ഷവും ആണ് നല്‍കിട്ടുള്ളത്. സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാതിരുന്ന 454 പേര്‍ക്ക് പുതിയ വീടു നിര്‍മ്മിക്കുന്നതിന് നല്‍കിയ 786 ലക്ഷം രൂപയ്ക്കു പുറമേ ഭൂമിയില്ലാതിരുന്ന വേടന്‍, നായാടി, ചക്ലിയാന്‍, കള്ളാടി എന്നീ സമുദായത്തില്‍പ്പെട്ട 29 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് 108.75 ലക്ഷം രൂപയും 35 പേര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിന് 62.87 ലക്ഷം രൂപയും ചെലവഴിച്ചു.
അംബേദ്കാര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ എഴുന്നൂറ് ലക്ഷം രൂപ ചെലവഴിച്ച് പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു.
നാല്‍പ്പതില്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളുടെ വികസനം ബന്ധപ്പെട്ട എം.എല്‍.എമാരുടെ മേല്‍നോട്ടത്തിലാണ് നടപ്പാക്കിയത്.
കോളനി വികസനത്തിന് നടപ്പാക്കിവരുന്ന ഗാന്ധിഗ്രാമം പദ്ധതിയില്‍ ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഹൈസ്‌കൂളില്‍ പഠിക്കുന്ന 380 വിദ്യാര്‍ത്ഥികള്‍ക്ക് വീടിനോടു ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കാന്‍ രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
നാല് ഗഡുക്കളായി നല്‍കുന്ന തുക ഉപയോഗിച്ച് ആറ് വീടുകളില്‍ മുറി നിര്‍മ്മാണം പൂര്‍ത്തിയായി.
അയ്യങ്കാളി ടാലന്റ് സേര്‍ച്ച് സ്‌കീമില്‍ തെരഞ്ഞെടുക്കപ്പെട്ട 192 വിദ്യാര്‍ത്ഥികള്‍ക്കായി എട്ട് ലക്ഷത്തില്‍പ്പരം രൂപ സ്‌കോളര്‍ഷിപ്പായി നല്‍കി.
തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് സ്വന്തമായും ഗ്രൂപ്പുചേര്‍ന്നും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 12.24 ലക്ഷം രൂപയും വിദേശത്ത് തൊഴില്‍ നേടുന്നതിന് പത്ത് ലക്ഷം രൂപയും ധന സഹായം നല്‍കി. 18 നും 40 നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് സഹായം നല്‍കിയിട്ടുള്ളത്. 453 പെണ്‍കുട്ടികള്‍ക്ക് 277 ലക്ഷം രൂപ വിവാഹ ധനസഹായമായി നല്‍കി.
വിവിധ രോഗങ്ങള്‍ ബാധിച്ച 407 പേര്‍ക്ക് ചികിത്സക്കായി 79.87 ലക്ഷം രൂപയും അതിക്രമങ്ങള്‍ക്കിരയായ 29 പേര്‍ക്ക് പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമുള്ള ധനസഹായമായി മുപ്പതു ലക്ഷത്തില്‍പ്പരം രൂപയും നല്‍കി.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ സ്പില്‍ ഓവര്‍ ഉപയോഗിച്ചുള്ള പദ്ധതികളും വിജയകരമായി പൂര്‍ത്തീകരിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."