ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തിലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യത്തെ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അപകടത്തിലാണ്. ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യത്തെ ജനാധിപത്യം അപകടത്തിലാകും. രാജ്യത്തെ ഉന്നത നീതിപീഠങ്ങളില്‍ എല്ലാം സ്വന്തക്കാരെ കുത്തി നിറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കണമെന്ന് ജഡ്ജിമാരുടെ നിയമനത്തിനുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെയാണ് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ പ്രതികരണം.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആര് നിലക്കൊള്ളുമെന്ന് തങ്ങള്‍ക്ക് അറിയണമെന്നും ഇതുവരെയുള്ളത് തന്നെ ധാരാളമായെന്ന് ജുഡിഷ്യറി ഒറ്റക്കെട്ടായി ഏക സ്വരത്തില്‍ സര്‍ക്കാരിനോട് പറയുമോ എന്നും ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സിബല്‍ ചോദിച്ചു. രാജ്യത്ത് മൊത്തം ആവശ്യമുള്ള 1079 ജഡ്ജി തസ്തികകളില്‍ 410ഉം ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."