കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മദ്യക്കുപ്പി എറിഞ്ഞ സംഭവം; ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങി
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ചുറ്റുമതിലിന് മുകളിലൂടെ മദ്യം എറിഞ്ഞു നല്‍കുന്ന ദൃശ്യം പുറത്തുവന്ന സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങി. ജയിലിനകത്തേക്ക് മതിലിന് മുകളിലൂടെ മദ്യം എറിയുന്ന ദൃശ്യം സന്ദര്‍ശകരില്‍ ചിലര്‍ പകര്‍ത്തുകയായിരുന്നു.
രണ്ടുപേര്‍ മദ്യക്കുപ്പി വലിച്ചെറിയുന്ന ദൃശ്യമാണ് അധികൃതര്‍ക്കു ലഭിച്ച വിഡിയോയിലുള്ളത്. മദ്യത്തിന് പുറമെ മയക്കുമരുന്നും മൊബൈല്‍ ഫോണും ഇത്തരത്തില്‍ തടവുകാര്‍ക്ക് എറിഞ്ഞു കൊടുക്കുന്നുണ്ടെന്നാണ് വിവരം. സന്ദര്‍ശകവേളയില്‍ നിശ്ചയിക്കുന്ന സമയത്താണ് മതിലിന് പുറത്തുനിന്ന് മദ്യം ഉള്‍പ്പെടെ എറിഞ്ഞു കൊടുക്കുന്നത്.
ചെരുപ്പുകളില്‍ ഒളിപ്പിച്ച് സിം കാര്‍ഡുകളും മൊബൈല്‍ ഫോണും ഇത്തരത്തില്‍ നല്‍കുന്നുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. 840 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 1200 പേരാണ് ഇപ്പോഴുള്ളത്.
ഇതേത്തുടര്‍ന്ന് ജയിലധികൃതര്‍ക്ക് തടവുകാരെ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ മുതലെടുത്താണ് ജയിലിലേക്ക് മദ്യവും മയക്കുമരുന്നുമെല്ലാം കടത്തുന്നത്. ശുഹൈബ് വധക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സി.പി.എം പ്രവര്‍ത്തകന്‍ ആകാശിന് വഴിവിട്ട് സഹായങ്ങള്‍ ചെയ്തതായുള്ള കെ. സുധാകരന്റെ ആരോപണവും തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തിയ സാക്ഷികളെ സി.പി.എം തടവുകാര്‍ ഭീഷണിപ്പെടുത്തിയതും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ വിവാദത്തിലാക്കിയിരുന്നു.
പാര്‍ട്ടി തടവുകാര്‍ പിരിവെടുത്ത് ടെലിവിഷന്‍ സെറ്റ് വാങ്ങിയതും ജയില്‍ വകുപ്പിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മദ്യക്കുപ്പികള്‍ എറിയുന്ന ദൃശ്യവും പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."