ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന തോണി കണ്ടെത്തി
തിരുവനന്തപുരം: വിദേശ വനിതയായ ലിഗയുടെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ ഇവര്‍ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന തോണി കണ്ടെത്തി. വിരലടയാള വിദഗ്ധര്‍ ഇതില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു.
ഇതിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത വിദേശികളെ യോഗ പഠിപ്പിക്കുന്നയാളെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.
സ്ഥിരമായി ഓവര്‍ കോട്ട് ഉപയോഗിക്കുന്നയാളാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി കോവളത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ഇയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ശ്വാസം മുട്ടിയാകാം മരണം സംഭവിച്ചതെന്ന വിവരമാണ് ലിഗയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കിയത്. മൃതദേഹം കിടന്നിരുന്ന രീതിയും സംശയം ജനിപ്പിക്കുന്നതാണ്. ആളൊഴിഞ്ഞ സ്ഥലത്ത് ലിഗ എങ്ങനെ എത്തിയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
ഒറ്റയ്ക്ക് എത്തുന്ന വിദേശികളെ പാട്ടിലാക്കി ഇവിടേക്ക് എത്തിക്കുന്ന സംഘങ്ങളുമൊക്കെ പ്രദേശത്ത് സജീവമാണെന്ന വിവരവും കിട്ടിയിട്ടുണ്ട്.
ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരി എലിസ വസ്ത്രങ്ങള്‍ ലിഗയുടേത് തന്നെയെന്ന് മൊഴി നല്‍കിയെങ്കിലും ഓവര്‍ കോട്ട് ലിഗയുടേതല്ലെന്ന് പറഞ്ഞിരുന്നു.
ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം മുന്നോട്ട് പോകുന്നത്. കോവളത്തെ കഞ്ചാവ്, ചീട്ടുകളി സംഘങ്ങളും പൊലിസ് നിരീക്ഷണത്തിലാണ്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നോ നാളെയോ ലഭിക്കും. ഇതോടെ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."