ചന്തേര അടിപ്പാത ഗതാഗത യോഗ്യമാക്കല്‍: നാട്ടുകാര്‍ യോഗം ചേര്‍ന്നു
ചെറുവത്തൂര്‍: ജില്ലയിലെ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പി. കരുണാകരന്‍ എം.പിയുടെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ ചന്തേരയില്‍ നാട്ടുകാരുടെ യോഗം ചേര്‍ന്നു. അടിപ്പാത അനുയോജ്യമല്ലെന്നു റെയില്‍വേ അറിയിച്ച പ്രദേശങ്ങളില്‍ നിര്‍ബന്ധപൂര്‍വ അടിപ്പാത നിര്‍മിച്ചതുകാരണമാണ് ഉപയോഗ്യശൂന്യമായതെന്നു പി. കരുണാകരന്‍ എം.പി പറഞ്ഞിരുന്നു. എം.പി യുടെ പ്രസ്താവനയ്‌ക്കെതിരേ ചന്തേര പടിഞ്ഞാറേക്കരയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നു പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ടു പരസ്യ പ്രതികരണങ്ങള്‍ വിലക്കുകയായിരുന്നു. ഇതിനിടയിലാണു ചന്തേര പടിഞ്ഞാറേക്കര നവോദയ വായനശാലയുടെ നേതൃത്വത്തില്‍ അടിപ്പാത ഗതാഗത യോഗ്യമാക്കാന്‍ വഴികള്‍ തേടി നാട്ടുകാരുടെ യോഗം സംഘടിപ്പിച്ചത്. അടിപ്പാത പണിതില്ലെങ്കില്‍ വോട്ട് ചെയ്യില്ലെന്നുവരെ പറഞ്ഞപ്പോഴാണ് ചെന്നൈയില്‍ പോയി നിര്‍ബന്ധപൂര്‍വം അതിനുള്ള അനുമതി നേടിയതെന്നും അടിപ്പാതയിലെ വെള്ളം പഞ്ചായത്ത് പ്രസിഡന്റ് തന്നെ കുടിച്ചു വറ്റിക്കട്ടെയെന്നും എം.പി പറഞ്ഞിരുന്നു. ഇതാണ് പ്രദേശവാസികളെ ചൊടിപ്പിച്ചത്.
ഉദ്ഘാടനം കഴിഞ്ഞു നാലുവര്‍ഷം പിന്നിടുമ്പോഴും ചന്തേര റെയില്‍വേ അടിപ്പാത ഉപയോഗശൂന്യമായി കിടക്കുകയാണ്. ഉറവ വരുന്ന വയല്‍പ്രദേശമായതിനാല്‍ വെള്ളക്കെട്ട് എല്ലാ കാലത്തും നിലനില്‍ക്കുന്നു എന്നതാണ് പ്രശ്‌നം. പടന്ന, പിലിക്കോട് പഞ്ചായത്തുകളെ റെയില്‍ കുരുക്ക് ഒഴിവാക്കി ബന്ധിപ്പിക്കുന്നതിനായാണ് ചന്തേര റെയില്‍വേ ഹാള്‍ട്ടിനു വടക്കുമാറി പാളത്തിനടിയിലൂടെ പാത നിര്‍മിച്ചിരിക്കുന്നത്. അടിപ്പാത നിര്‍മാണത്തിനായി 1.48 കോടി രൂപ എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നാണ് കൈമാറിയത്. സമീപ റോഡുകള്‍ നിര്‍മിക്കുന്നതിനു 25 ലക്ഷം രൂപ പിലിക്കോട് പഞ്ചായത്തും വകയിരുത്തി. പിലിക്കോട് വയല്‍, കുനത്തൂര്‍, പടിഞ്ഞാറക്കര, കോളിക്കര, കിനാത്തില്‍, തടിയന്‍കൊവ്വല്‍ മേഖലയിലുള്ളവര്‍ക്ക് വേഗത്തില്‍ ദേശീയപാതയിലേക്കും മറ്റും എത്തിച്ചേരാന്‍ കഴിയുമെന്നതാണ്അടിപ്പാത യാഥാര്‍ഥ്യമായാലുള്ള പ്രധാനപ്പെട്ട ഗുണം. യോഗത്തില്‍ പി.വി ചന്ദ്രന്‍, രാഗേഷ് പയങ്ങപ്പാടന്‍, ബാലന്‍, പി.വി രമേശന്‍, കെ.ടി ശിവദാസ്, സി.എം വിനയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."