ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍
കൊച്ചി: വന്‍കിട റിസോര്‍ട്ട് ഉടമകളടക്കം വന്‍ തോതില്‍ കൈയേറിയ എറണാകുളം ചെറായിയിലെ 404 ഏക്കര്‍ വഖ്ഫ് ഭൂമി സംബന്ധിച്ച തര്‍ക്കം വീണ്ടും വഴിത്തിരിവിലേക്ക്. ഫാറൂഖ് കോളജ് മാനേജ്‌മെന്റിനായി ചെറായിയില്‍ വഖ്ഫ് ചെയ്ത 404 ഏക്കര്‍ ഭൂമി കൈയേറി കൈവശപ്പെടുത്തിയ ആര്‍ക്കും കരമടയ്ക്കാനോ പോക്കുവരവ് നടത്താനോ കഴിയില്ലെന്ന പുതിയ ഹൈക്കോടതി ഇടക്കാല ഉത്തരവ് മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കൈയേറ്റക്കാര്‍.
എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള വഖ്ഫ് സംരക്ഷണ വേദി 2017ല്‍ മുനമ്പം എസ്റ്റേറ്റ് വഖ്ഫ് ഭൂമിയിലെ അനധികൃത കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സ്വത്തിന്റെ കാവല്‍ക്കാരുടെ നിരുത്തരവാദിത്വം കൊണ്ട് അന്യാധീനപ്പെട്ട വഖഫ് ഭൂമി സംബന്ധിച്ച നിയമ നടപടികള്‍ക്ക് ജീവന്‍ വച്ചത്.
ചെറായി ബീച്ചിലെ വലിയ റിസോര്‍ട്ടുകളും കോട്ടേജുകളുമെല്ലാം അടങ്ങുന്ന ബീച്ച് ജങ്ഷനില്‍ നിന്നും 500 മീറ്റര്‍ വടക്കോട്ട് മാറിയാല്‍ കാണുന്ന 404 ഏക്കര്‍ 76 സെന്റ് ഭൂമി വഖ്ഫ് ഭൂമിയായി ജസ്റ്റിസ് നിസാര്‍ കമ്മിഷന്‍ 2009ല്‍ കണ്ടെത്തിയതാണ്. 2008ല്‍ പാലോളി മുഹമ്മദ് കുട്ടി വഖ്ഫ് മന്ത്രിയായിരുന്നപ്പോഴാണ് അന്യാധീനപ്പെട്ട വഖ്ഫ് ഭൂമി കണ്ടെത്താന്‍ നിസാര്‍ കമ്മിഷനെ നിയോഗിച്ചത്.
ഈ 404 ഏക്കറില്‍ 600 കുടുംബങ്ങള്‍ ഉണ്ടെന്നും ഭൂമിയില്‍ നിന്ന് ഇവരെ ഒഴിപ്പിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ച് മുന്‍പാകെ സ്വീകരിച്ച നിലപാട്. തുടര്‍ന്ന് പോക്കുവരവ് നടത്തുവാനും സര്‍ട്ടിഫിക്കറ്റ് നല്‍കുവാനും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കി സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇതിനെതിരേ കേരള വഖ്ഫ് സംരക്ഷണവേദി പ്രസിഡന്റ് ടി.എം അബ്ദുല്‍സലാം, സെക്രട്ടറി നാസര്‍ മനയില്‍ എന്നിവര്‍ നല്‍കിയ അപ്പീലിലാണ് എട്ട് മാസം മുന്‍പ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
ഇതോടെ കൈയേറ്റക്കാരുടെ കൈവശമിരിക്കുന്ന ഈ ഭൂമിയില്‍ കരമടയ്ക്കാനോ പോക്കുവരവ് നടത്താനോ പാടില്ലെന്ന് നിര്‍ദേശിച്ച് സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനിടെ പോളക്കുളം, കൊടക് മഹീന്ദ്രയടക്കം വന്‍കിടക്കാരായ 16 പേര്‍ക്ക് വഖ്ഫ് ബോര്‍ഡ് നോട്ടിസയക്കുകയും ഗസറ്റ് വിജ്ഞാപനം നടത്തുകയും ചെയ്‌തെങ്കിലും ചിലരൊഴിച്ച് മറ്റാരും നോട്ടിസിന് മറുപടി നല്‍കിയില്ല.
തൊരു അടിസ്ഥാന രേഖകളുമില്ലാത്ത എന്നാല്‍ നാളിതുവരെ വഖ്ഫ് ബോര്‍ഡ് കൃത്യമായി പോക്ക് വരവ് നടത്തിയ വ്യക്തമായ രേഖകളുള്ള ഭൂമിയിലാണ് അനധികൃതമായി വന്‍കിട റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മിച്ചിരിക്കുന്നത്.
ഇരുനൂറില്‍ താഴെ മാത്രം കുടുംബങ്ങളാണ് ഈ ഭൂമിയില്‍ രേഖകളില്ലാതെ താമസിക്കുന്നത്. എന്നാല്‍ അറുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നതായാണ് പ്രചാരണമെങ്കിലും ഭൂമിയുടെ നാലില്‍ മൂന്ന് ഭാഗവും കൈവശപ്പെടുത്തിയത് വന്‍കിടക്കാരാണ്.
അതിനാല്‍ വന്‍കിടക്കാരൊഴിച്ച് മറ്റുള്ളവര്‍ക്കെതിരേ ബോര്‍ഡ് നിയമ നടപടികളൊന്നുമെടുത്തിട്ടുമില്ല.
എന്നാല്‍ സ്‌റ്റേ ഉത്തരവുകള്‍ വരും മുന്‍പേ കുടുംബങ്ങളെ ഭയപ്പെടുത്തി സമര രംഗത്തിറക്കി വിഷയത്തെ സാമുദായികവല്‍ക്കരിക്കാനും വഴിതിരിച്ചുവിട്ട് നേട്ടമുണ്ടാക്കാനുമുള്ള ശ്രമത്തിലാണ് വന്‍കിട കൈയേറ്റക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."