ബാവിക്കര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കാസര്‍കോട്: ബാവിക്കര റഗുലേറ്റര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന ജലസേചന വകുപ്പ് മതിയായ തുകയും സാങ്കേതികാനുമതിയും ലഭ്യമാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
പുഴയിലെ മണല്‍ക്കടത്തും മാലിന്യസങ്കലനവും തടയാന്‍ ജില്ലാ പൊലിസ് മേധാവി നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ അവശ്യപ്പെട്ടു. മാലിന്യരഹിതവും സുരക്ഷിതവുമായ കുടിവെള്ളം കാസര്‍കോടുകാര്‍ക്ക് അന്യമാണെന്ന് ആരോപിച്ച് എ.എം അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമ്മിഷന്‍ ജല അതോറിറ്റി, ജില്ലാ കലക്ടര്‍ എന്നിവരില്‍നിന്നു വിശദീകരണങ്ങള്‍ വാങ്ങിയിരുന്നു. ബാവിക്കരയില്‍നിന്നു മുനിസിപ്പാലിറ്റിയിലെ 40,000 പേര്‍ക്ക് ശുദ്ധജലം എത്തിക്കുന്നുണ്ടെന്ന് ജല അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വേനല്‍ക്കാലത്ത് പുഴയിലെ നീരൊഴുക്കു കുറയുമ്പോള്‍ കടലില്‍നിന്ന് ഉപ്പുവെള്ളം കയറാറുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 1983 മുതല്‍ മണല്‍ചാക്ക് കൊണ്ട് താല്‍ക്കാലിക തടയണ നിര്‍മിക്കാറുണ്ട്.
ഓരോവര്‍ഷവും താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിലുള്ള ധനനഷ്ടം ഒഴിവാക്കാന്‍ സ്ഥിരം സംവിധാനത്തിനു സര്‍ക്കാര്‍ 2.5 ലക്ഷം രൂപ ജലസേചന വകുപ്പിന് 2007ല്‍ കൈമാറിയെങ്കിലും 40 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താല്‍ക്കാലിക തടയണ പ്രയോജനരഹിതമാണെന്നും ഉപ്പുവെള്ളം കയറുന്നതു നിയന്ത്രിക്കാനായിട്ടില്ലെന്നും പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു.
ദീര്‍ഘകാല പ്രയോജനം ചെയ്യുന്ന പദ്ധതി സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ ചെയ്യണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ പ്രാപ്തിയും അനുഭവസമ്പത്തുമുള്ളവരെ മാത്രം കരാറുകാരായി നിശ്ചയിക്കണം. യഥാസമയം പണം നല്‍കി ജില്ലാ കലക്ടര്‍ നേരിട്ടു നിര്‍മാണ പുരോഗതി വിലയിരുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
പുഴയിലെ നീരൊഴുക്കു നിലനിര്‍ത്തണം. വേനല്‍ക്കാലത്ത് മാത്രം ജലദൗര്‍ലഭ്യം തിരിച്ചറിയുന്ന പതിവ് ഒഴിവാക്കണം.
പുഴകളുടെയും ഉറവകളുടെയും ഉത്ഭവകേന്ദ്രങ്ങളിലെ ജലവിതരണം നിലനിര്‍ത്തി സംരക്ഷിക്കാന്‍ ദീര്‍ഘകാല പദ്ധതി നടപ്പില്‍ വരുത്തണം.
പുഴയിലെ മണല്‍ക്കൊള്ള അവസാനിപ്പിക്കാനുള്ള ഇച്ഛാശക്തി അധികൃതരും ബഹുജനപ്രസ്ഥാനങ്ങളും പ്രകടിപ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ആവശ്യമെങ്കില്‍ ജനപ്രതിനിധികളുടെയും തദ്ദേശഭരണ സ്ഥാപമേധാവികളുടെയും യോഗം കലക്ടര്‍ വിളിച്ചുചേര്‍ക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."