കണ്ണൂര്‍ ബൈപാസ്: തുരുത്തിയില്‍ സര്‍വേ തടഞ്ഞു
പാപ്പിനിശ്ശേരി: ദേശീയപാത ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി തുരുത്തിയില്‍ നടന്ന സര്‍വേ നടപടികള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. പൊലിസ് എത്തി സ്ത്രീകളടക്കമുള്ള 23 പേരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ സര്‍വേ കല്ല് സ്ഥാപിച്ചത്. ഇന്നലെ രാവിലെ സര്‍വേ നടക്കുമെന്നറിഞ്ഞ നാട്ടുകാരും കര്‍മസമിതി ഭാരവാഹികളും പ്രദേശത്ത് സംഘടിച്ച് എത്തിയിരുന്നു.
വളപട്ടണം, കണ്ണൂര്‍ സ്റ്റേഷനില്‍ നിന്നും എ.ആര് ക്യാംപില്‍ നിന്നുമായി എത്തിയ പൊലിസ് സംഘം സ്ഥലത്ത് സംരക്ഷണം തീര്‍ത്തു. ഇതിനിടെ പൊലിസിനെ ചിലര്‍ തള്ളിമാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി.
കഴിഞ്ഞ ദിവസം സര്‍വേയുടെ ഭാഗമായി കോട്ടക്കുന്ന് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. കോട്ടക്കുന്നിലെ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചതിന് ശേഷം വളപട്ടണം പുഴയോരം ഉള്‍പ്പെടുന്ന തുരുത്തിയില്‍ സര്‍വേ ആരംഭിക്കുകയായിരുന്നു.
വളപട്ടണം പുഴയോരത്ത് സര്‍വേ നടത്തി ഏതാനും കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വളപട്ടണം പുഴ, തുരുത്തി കോളനി, വേളാപുരം, കീച്ചേരി, കല്യാശേരി വഴിയാണ് സര്‍വേ നടത്താനുള്ളത്.
അറസ്റ്റ് ചെയ്ത സമരക്കാരെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമാണ് വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."