ശ്രദ്ധാകേന്ദ്രം; എങ്കിലും വിഷമവൃത്തത്തില്‍ മാണി
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. തെരഞ്ഞെടുപ്പ് വേളയിലും ഇടതുമുന്നണിയില്‍ തുറന്നപോരിനു നിമിത്തമാകുന്ന മാണി, എന്നാല്‍ തെരഞ്ഞെടുപ്പില്‍ എന്തുനിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ കടുത്ത അനിശ്ചിതത്വത്തിലുമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ എല്‍.ഡി.എഫില്‍നിന്നും യു.ഡി.എഫില്‍നിന്നും മാണിക്കുനേരെ സ്വാഗതഹസ്തങ്ങള്‍ നീളുന്നുണ്ട്. ഇടതുപാളയത്തില്‍ ചേക്കേറാന്‍ തന്നെയാണ് മാണിയുടെയും പാര്‍ട്ടിയില്‍ ഒപ്പംനില്‍ക്കുന്ന ചില നേതാക്കളുടെയും ആഗ്രഹമെങ്കിലും മുന്നണിയിലെ പരസ്യമായ പൊട്ടിത്തെറി അതിനു വിഘാതമാകുകയാണ്.
മാണിക്കു പച്ചക്കൊടി കാട്ടി സി.പി.എം നേതാക്കള്‍ കാത്തുനില്‍ക്കുമ്പോള്‍ മാണിയുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാട് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിരക്കിനിടയിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചതോടെ മാണിയുടെ ഇടതുപ്രതീക്ഷ തീര്‍ത്തും മങ്ങുകയാണ്. കാനത്തിനെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി രംഗത്തുവന്നതോടെ മാണിയുടെ പേരില്‍ ഇടതുമുന്നണിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം മുറുകുകയുമാണ്.
മറുവശത്ത് മാണിയെ തിരികെ മുന്നണിയിലെത്തിക്കാനുള്ള ശ്രമം യു.ഡി.എഫ് തുടരുന്നുണ്ട്. മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് യു.ഡി.എഫിന് ഏറെ നിര്‍ണായകമായതിനാല്‍ മാണിയുടെ തിരിച്ചുവരവിനോട് എല്ലാ ഘടകകക്ഷികള്‍ക്കും യോജിപ്പാണുള്ളത്. ഇടതുമുന്നണിയിലേക്ക് വഴി അടഞ്ഞ സാഹചര്യത്തില്‍ മാണി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യു.ഡി.എഫ് നേതൃത്വം.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും പാര്‍ട്ടിയുടെ ഭാവി നിര്‍ണയിക്കുക എന്നതിനാല്‍ ഉടന്‍ തന്നെ ഒരു തീരുമാനത്തിലെത്തേണ്ടത് അനിവാര്യമായ അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ്. അതേസമയം, യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവ് മാണിയുടെ ചില ഭാവി രാഷ്ട്രീയ കണക്കുകൂട്ടലുകളുമായി ഒത്തുപോകുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."