മുഖ്യമന്ത്രിയുടെ തല കൊയ്യുമെന്ന്; മായന്നൂരില്‍ നക്‌സല്‍ബാരി പോസ്റ്റര്‍
ചേലക്കര: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യാന്‍ സമയമായെന്ന ഭീക്ഷണിയുമായി മായന്നൂരില്‍ നക്‌സല്‍ബാരി ഗ്രൂപ്പ് കേരള ഘടകത്തിന്റെ പേരില്‍ പോസ്റ്റര്‍. മായന്നൂര്‍ കാവിനടുത്ത് ആശാരിപടി ബസ്സ്‌റ്റോപ്പിനു സമീപമുള്ള വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പിന്റെ മതിലിലാണു ഇന്നലെ രാവിലെ പോസ്റ്റര്‍ കണ്ടെത്തിയത്. മായന്നൂര്‍ പന്തലാംമൂച്ചിയ്ക്കല്‍ അശോകന്റെ ഉടമസ്ഥതയിലുള്ളതാണു സ്ഥാപനം. കസ്റ്റഡിയില്‍ എടുത്തവരെ പൊലിസിനെ കൊണ്ടു ചവിട്ടിക്കൊന്നും ഗര്‍ഭിണികളുടെ ഗര്‍ഭം അലസിപ്പിക്കുന്ന വിധം മര്‍ദിച്ചും കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്ന പിണറായി ആദിവാസികളുടെ ആനുകൂല്യം നിഷേധിക്കുകയാണെന്നും പോസ്റ്ററില്‍ പറയുന്നു.
ജനദ്രോഹം നടത്തുന്ന പിണറായിയുടെ തല കൊയ്യാന്‍ സമയമായെന്ന ഭീക്ഷണിയോടെയാണു പോസ്റ്റര്‍ അവസാനിക്കുന്നത്. നക്‌സല്‍ ബാരി ഗ്രൂപ്പ് കേരള ഘടകം എന്നെഴുതിയതിനു താഴെ ഇതൊരു തുടക്കം മാത്രമാണെന്ന മുന്നറിയിപ്പുമുണ്ട്. ഇന്നലെ കാലത്തു വര്‍ക്ക്‌ഷോപ്പ് തുറക്കാനെത്തിയവരാണു പോസ്റ്റര്‍ ആദ്യം കാണുന്നത്.
തുടര്‍ന്നു പഴയന്നൂര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉന്നത പൊലിസ് അധികൃതര്‍ തെളിവുകള്‍ ശേഖരിച്ചു. സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ റാഫിയും എസ്.ഐ ജിജോയും സ്ഥലത്തെത്തി. പോസ്റ്റര്‍ പഴയന്നൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. വിശദമായ റിപ്പോര്‍ട്ട് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറുമെന്നും കോടതിയുടെ നിര്‍ദേശപ്രകാരം കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."