'ആശ്രയ'ക്ക് ധനസഹായം നല്‍കി ഗവര്‍ണര്‍ പിറന്നാളാഘോഷിച്ചു
തിരുവനന്തപുരം: ആര്‍.സി.സിയിലെ നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി ആഹാരം നല്‍കുന്ന ആശ്രയ എന്ന സംഘടനക്ക് ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം തന്റെ 69-ാം പിറന്നാള്‍ ദിനത്തില്‍ സ്വന്തം സമ്പാദ്യത്തില്‍ നിന്ന് 25000രൂപയുടെ ചെക്ക് കൈമാറി. കഴിഞ്ഞ മൂന്നു വര്‍ഷമായി ആഘോഷങ്ങളൊഴിവാക്കി ആശ്രയക്ക് ധനസഹായം നല്‍കുന്നതാണ് ഗവര്‍ണറുടെ പതിവ്.
ആശ്രയ ഭാരവാഹികളായ ശാന്ത ജോസ്, ലിസി കുരിയന്‍, റജി മാത്തന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. രാജ്ഭവനില്‍ മുള ഉദ്യാനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍, പത്‌നി സരസ്വതി സദാശിവം, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ധോദാവത് എന്നിവര്‍ ഉദ്യാനത്തില്‍ തൈകള്‍ നട്ടു. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം രാജ്ഭവനില്‍ 25 സെന്റിലാണ് ഉദ്യാനം ഒരുക്കിയത്.
ഇവിടെ നേരത്തെ ഉണ്ടായിരുന്ന മുളങ്കൂട്ടത്തിനു ചുറ്റും കല്‍ത്തിട്ട കെട്ടി ചുറ്റിനും പുല്‍ത്തകിടിയും നടപ്പാതയും നിര്‍മിച്ചു. നാലുമാസം കൊണ്ട് രാജ്ഭവന്‍ ഗാര്‍ഡനിലുള്ളവര്‍ തന്നെയാണ് ഉദ്യാനം തയാറാക്കിയത്. ബുഷ് ബാംബൂ, മഞ്ഞ മുള, മിസോറാം മുള, ഈറ്റ, ഓട മുള തുടങ്ങിയ ഒന്‍പതിനം മുളകളാണ് ഇവിടെ നട്ടിട്ടുള്ളത്.
അലങ്കാരത്തിനായി പുല്‍ത്തകിടിയില്‍ കല്‍വിളക്കും ശില്‍പ്പങ്ങളുമുണ്ട്.
ഇതിനകം 116 തവണ രക്തദാനം നിര്‍വഹിച്ച രാജ്ഭവന്‍ ഗാര്‍ഡനര്‍ എം. അശോകനെ ചടങ്ങില്‍ വച്ച് ഗവര്‍ണര്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."