ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള പുനരധിവാസ കേന്ദ്രം തുടങ്ങി
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ (കാര്‍ഡിയോ തൊറാസിക്) വിഭാഗത്തില്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കായി പുനരധിവാസ കേന്ദ്രം തുടങ്ങി. ബുധനാഴ്ച ഡിപ്പാര്‍ട്ട്‌മെന്റ് ഹാളില്‍ പ്രവര്‍ത്തനോദ്ഘാടനം കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ് നിര്‍വ്വഹിച്ചു.
ആശുപത്രി സൂപ്രണ്ടും, ഹൃദയ ശസ്ത്രക്രിയ മേധാവിയുമായ ഡോ. റ്റി.കെ. ജയകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജിജു, ആര്‍.എം.ഒ. ഡോ. ആര്‍.പി രഞ്ചിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹൃദ് രോഗ (കാര്‍ഡിയോളജി) വിഭാഗത്തിലും ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലും ചികിത്സയില്‍ കഴിഞ്ഞവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനു വേണ്ടിയാണ് കാര്‍ഡിയാക് റി ഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ശസ്ത്രക്രിയക്ക് മുന്‍പ് രോഗിയുടെ മാനസിക പക്വത ഉറപ്പു വരുത്തുക എന്നതു കൂടാതെ, ശസ്ത്രക്രിയക്ക് ശേഷം നടത്തേണ്ട ഫിസിയോതെറാപ്പി പരിശീലനവും ഈ സെന്ററില്‍ ലഭ്യമാണ്.
അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതും രോഗിയുടെ ആരോഗ്യനില അളക്കുവാന്‍ കഴിയുന്നതുമായ കാര്‍ഡിയാക് ത്രെഡ്മില്‍, ശസ്ത്രക്രിയക്ക് മുന്‍പ് പേശീബലം അളക്കുവാനുള്ള യന്ത്രങ്ങള്‍, ശസ്ത്രക്രിയക്ക് ശേഷം ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയുന്ന (കൃത്രിമ സ്റ്റെപ്പ് (ആര്‍ട്ടിഫിഷ്യല്‍ സ്റ്റെപ്പ്), ചവിട്ടുപടി, തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ മൂന്നാമത്തേതും കേരളത്തില്‍ ആദ്യത്തേതുമാണ് ഇത്തരത്തിലുള്ള ഒരു കാര്‍ഡിയാക് റി ഹാബിലിറ്റേഷന്‍ സെന്റര്‍.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടെ വിശാഖ്, ആക്‌സാ എന്നി രണ്ടു ഫിസിയോ തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."