ചോക്കാട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ അഴിമതി കണ്ടെത്തി
കാളികാവ്: ചോക്കാട് സഹകരണ ബാങ്കില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ പേരിലുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തിരിമറി നടത്തിയത് ഓഡിറ്റര്‍ പിടികൂടിയതോടെയാണ് ലക്ഷങ്ങളുടെ അഴിമതിയുടെ ചുരുളഴിയുന്നത്. രണ്ടായിരത്തില്‍ തുടങ്ങിയ ബാങ്ക് ഇപ്പോഴും സി.പി.എമ്മാണ് ഭരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലാണ് ബാങ്കില്‍ നടക്കുന്നതെന്നും സി.പി.എം ഏരിയാ നേതാവിനെ ജൂനിയര്‍ ക്ലര്‍ക്കായി നിയമിച്ച് ബിനാമിയെക്കൊണ്ട് ജോലി ചെയ്യിച്ചാണ് കനത്ത ശമ്പളം പറ്റുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. കാര്‍ഷിക വായ്പയുടെ മറവില്‍ കര്‍ഷകരില്‍നിന്ന് കൊള്ളപ്പലിശയാണ് ചോക്കാട് സഹകരണ ബാങ്ക് ഈടാക്കുന്നത്. മറ്റ് ഇതര സഹകരണ ബാങ്കുകള്‍ നാലു ശതമാനത്തിന് കാര്‍ഷിക വായ്പ നല്‍കുമ്പോള്‍ ഇവിടെ ഏഴു ശതമാനവും അതിലധികവുമാണ് ഈടാക്കുന്നത്. ബാങ്കിലെ കളക്ഷന്‍ ഏജന്റുമാര്‍ മുതല്‍ ബാങ്ക് പ്രസിഡന്റ് വരെ വന്‍ അഴിമതി നടത്തിയത് പുറത്ത് വന്നിട്ടുണ്ടെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.
ബാങ്കിന്റെ ഭരണഘടന പ്രകാരം ഭരണ സമിതിയില്‍ എസ്.സി വിഭാഗത്തിന്റെ അംഗത്വം ഇതു വരെ നികത്തിയിട്ടില്ല.
വൈസ് പ്രസിഡന്റ് പദവിയും ഒഴിഞ്ഞു കിടക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ ജീവനക്കാര്‍ വിതരണം ചെയ്യുന്നതിന് പകരം സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകരാണ് വിതരണം നടത്തുന്നതെന്നും അക്ഷേപമുണ്ട്. ബാങ്കില്‍ വ്യാപകമായ അഴിമതിയുടെ പേരില്‍ കഴിഞ്ഞ ദിവസം ജീവനക്കാരും ഭരണസമിതി അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പാര്‍ട്ടി അണികള്‍ക്കിടയിലും കടുത്ത അമര്‍ഷമാണ് നിലനില്‍ക്കുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാര്‍ഷിക മേഖലയായ ചോക്കാടിന്റെ വികസനത്തിന് സ്ഥാപിച്ച ബാങ്ക് ഭരണ സമിതിയുടെ അഴിമതി കാരണം ഇപ്പോള്‍ കടുത്ത നഷ്ടത്തിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഉപകാരപ്രദമായി ബാങ്ക് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി കടുത്ത സമര പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
അബ്ദുല്‍ ഹമീദ് കരുവാടന്‍, എം.ഹമീദ് ഉദിരംപൊയില്‍, ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍, പുലത്ത് ഹംസ കുഞ്ഞാപ്പു, ചോലയില്‍ കബീര്‍, മുപ്ര ശറഫുദ്ദീന്‍, സി.കെ കുഞ്ഞാണി, ഒ.കെ അനീസ്, ടി.എ സമീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."