സിവില്‍ സര്‍വിസ്: കൊല്ലത്തിന് മിന്നുംതിളക്കം
കൊല്ലം: സിവില്‍ സര്‍വിസ് പരീക്ഷയില്‍ ജില്ലയില്‍ മൂന്നുപേര്‍ക്ക് മികച്ച വിജയം. സുശ്രീ 151-ാം റാങ്കും 171-ാം റാങ്ക് നേടി മാധവിക്കുട്ടിയും 380-ാം റാങ്കുമായി ഡോ.സദ്ദാം നവാസും കൊല്ലത്തിന് തിളക്കമായി.
അഞ്ചല്‍ കുട്ടങ്കര കലാഭവനില്‍ സി.ആര്‍.പി.എഫ് റിട്ട. ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍-ശ്രീകല ദമ്പതികളുടെ മകളാണ് സുശ്രീ(22)സിവില്‍ സര്‍വിസില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ 151-ാം റാങ്കും കേരളത്തില്‍ അഞ്ചാം റാങ്കും കൊല്ലം ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയാണ് അഞ്ചല്‍ സുശ്രീ നാടിന് അഭിമാനമായത്. അഞ്ചല്‍ ശബരിഗിരി സ്‌കൂളില്‍ പ്ലസ്ടു കഴിഞ്ഞ സുശ്രീ 2013 - 16ല്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ ഇംഗ്ലീഷ് ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദത്തില്‍ ഒന്നാം റാങ്ക് നേടിയിരുന്നു. പ്ലസ്ടു പഠനത്തിന് ശേഷം സ്വന്തമായി സിവില്‍ സര്‍വിസ് പഠനം തുടരുകയും ഡിഗ്രി പഠനത്തോടൊപ്പം കേരള ഗവണ്‍മെന്റിന്റെ സിവില്‍ സര്‍വിസ് അക്കാദമിയില്‍ ആഴ്ചയില്‍ ഒരു ദിവസം കോച്ചിങ് നടത്തുകയും ചെയ്തു. ദേവിശ്രീയാണ് സഹോദരി.
മാധവിക്കുട്ടി എം.എസ് മാടന്‍നട തൊടിയില്‍ 'മാധവ'ത്തില്‍ ആര്‍. സൂര്‍ദാസിന്റെയും തിരുവനന്തപുരം ഫുഡ് സേഫ്റ്റി അസി.കമ്മിഷണര്‍ എ.കെ മിനിയുടെയും മകളാണ്. കരിക്കോട് ടി.കെ.എം എന്‍ജിനീയറിങ് കോളജിലായിരുന്നു പഠനം.
2015ല്‍ സിവില്‍ സര്‍വിസ് ലഭിച്ച ഭര്‍ത്താവ് കൊല്ലം പാലത്തറ ബോധിനഗര്‍ കാര്‍ത്തികയില്‍ ഡോ.രാജേന്ദ്രന്റെയും എസ്.എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗ രജിത രാജേന്ദ്രന്റെയും മകനായ കൃഷ്ണരാജ് തമിഴ്‌നാട് കാഞ്ചീപുരം എ.എസ്.പിയാണ്.
സിവില്‍ സര്‍വിസ് പരീക്ഷ മലയാളത്തിലെഴുതി റാങ്ക് നേടിയ ഡോ.സദ്ദാം നവാസ് ചിതറ തലവരമ്പ് തെക്കുംകര വീട്ടില്‍ ബദറുദ്ദീന്റെ മകനാണ്. ഹോമിയോ ഡോക്ടറായ സദ്ദാം നവാസ് കഴിഞ്ഞ വര്‍ഷവും സിവില്‍ സര്‍വിസ് പരീക്ഷയെഴുതിയിരുന്നു.
കന്നിയങ്കത്തിലെ പരാജയം മുഖവിലയ്‌ക്കെടുക്കാതെ വീണ്ടും പരിശ്രമിച്ചപ്പോള്‍ റാങ്ക് കൈപ്പിടിയിലൊതുങ്ങി.
ചിതറ ഗവ.എല്‍.പി സ്‌കൂളിലും ചിതറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ഹോമിയോയില്‍ ബിരുദം നേടി. പ്രാക്ടീസ് തുടങ്ങിയെങ്കിലും സിവില്‍ സര്‍വിസ് മോഹം മനസില്‍ ഉറച്ചുനിന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷാനവാസ്, മുബീന, റുബീന എന്നിവര്‍ സഹോദരങ്ങളാണ്.
കരുനാഗപ്പള്ളി വള്ളികുന്നം കന്നിമേല്‍ കാരൂര്‍തെക്കതില്‍ വീട്ടില്‍ അബ്ദുല്‍ ഹമീദിന്റെയും, നസീമാ ബീഗത്തിന്റെയും മകന്‍ അഫ്‌സല്‍ ഹമീദിന് 800 ാം റാങ്ക് ലഭിച്ചു. 2015 മുതല്‍ അഫ്‌സല്‍ നടത്തിയ പരിശ്രമമാണ് വിജയത്തിലെത്തിയത്.
കളമശേരി കുസാറ്റില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദവും, ഇഗ്‌നോയില്‍നിന്നു സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി. കഴിഞ്ഞ ഏഴു വര്‍ഷമായി ഐ.ടി മേഖലയില്‍ ജോലി ചെയ്യുകയാണ് അഫ്‌സല്‍. സബൂറയാണ് ഭാര്യ. രണ്ട് വയസുള്ള ഹസന്‍ അഫ്‌സലാണ് മകന്‍.
നാലാംശ്രമത്തില്‍ 58ാം റാങ്കിന്റെ കരുത്തില്‍ ഹരി
തൃശൂര്‍: നാലാംശ്രമത്തിലാണ് ഇരിങ്ങാലക്കുട സ്വദേശി ഹരി കല്ലിക്കാട്ടിന്റെ സിവില്‍ സര്‍വിസ് എന്ന മോഹം പൂവണിഞ്ഞത്.
കഴിഞ്ഞവര്‍ഷം ഫൈനല്‍ ലിസ്റ്റില്‍നിന്ന് പുറത്തായപ്പോള്‍ ഹരി ഉറപ്പിച്ചതായിരുന്നു തന്റെ പ്രവര്‍ത്തന മേഖല സിവില്‍ സര്‍വിസ് തന്നെയായിരിക്കുമെന്ന്. ഹരിയുടെ നിശ്ചയദാര്‍ഢ്യമാണ് ഇത്തവണ 58ാം റാങ്കിലേക്ക് വഴിമാറിയത്.
ഇരിങ്ങാലക്കുട കുരുമ്പിശേരി ഗോപിയുടേയും ഇന്ദിരയുടേയും മൂന്നു മക്കളില്‍ ഇളയതാണ് ഹരി. ബി.ടെക്കിനുശേഷം സിവില്‍ സര്‍വിസ് പരിശീലനത്തിലേക്ക് തിരിയുകയായിരുന്നു. 2014 ആദ്യശ്രമത്തില്‍ പ്രിലിമിനറിയും മെയിനും പാസായെങ്കിലും ഇന്റര്‍വ്യൂവില്‍ വീണു.
രണ്ടാംശ്രമത്തില്‍ പ്രിലിമിനറിയില്‍ കാലിടറി. ഇത്തവണ മലയാളികളുടെ പട്ടികയില്‍ നാലാം സ്ഥാനത്തോടെയാണ് അഖിലേന്ത്യ തലത്തില്‍ 58ാം റാങ്കിന്റെ തിളക്കവുമായി ഹരി ഭരണ സര്‍വിസിലേക്ക് കയാറാനൊരുങ്ങുന്നത്.
കാഞ്ഞങ്ങാടിന് അഭിമാനമായി വിഷ്ണു പ്രദീപ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പൊതുപ്രവര്‍ത്തകനും, എഴുത്തുകാരനുമായ അഡ്വ.സുധാകരന്റെ മകന്‍ വിഷ്ണു പ്രദീപ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 608ാം റാങ്കുനേടി കാഞ്ഞങ്ങാടിന്റെ അഭിമാനമായി.
കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ കലക്ടര്‍ ആയിത്തീരണമെന്നാണ് വിഷ്ണു ആഗ്രഹിച്ചിരുന്നത്.
തിരുവനന്തപുരം മോഹന്‍ദാസ് എന്‍ജി. കോളജില്‍ പഠനം നടത്തിയ ശേഷം ചെന്നൈയിലും, ബംഗളൂരുവിലും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തു.
2013ല്‍ ജോലി രാജിവച്ചു സിവില്‍ സര്‍വിസ് പരീക്ഷക്കുള്ള തയാറെടുപ്പ് തുടങ്ങി. ക്ലാസുകള്‍ കൂടാതെ ഇന്റര്‍നെറ്റ് മുഖാന്തരവും പഠനം നടത്തി. പാസാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും റാങ്ക് കിട്ടുമെന്ന പ്രതീക്ഷ ഇല്ലായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു.
സുധാകരന്‍ എലിസബത്ത് ദമ്പതികളുടെ മകനായ വിഷ്ണുവിന്റെ സഹോദരന്‍ സിദ്ധാര്‍ഥ്. പിതാവ് അഡ്വ.സുധാകരനോടൊപ്പം ഹൊസ്ദുര്‍ഗ് ബാറില്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു. രക്ഷിതാക്കളും, സഹപാഠികളും തന്റെ വിജയത്തിന് സഹായിച്ചിട്ടുണ്ടെന്ന് വിഷ്ണു പറഞ്ഞു.
രമിത്തിന്റെ ആഗ്രഹം കേരളത്തിലെ ഐ.എ.എസ് ഓഫിസറാകാന്‍
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് ചെന്നിത്തലയുടെ ആഗ്രഹം കേരളത്തിലെ ഐ.എ.എസ് ഓഫിസറാകാന്‍. അതിനായി കഠിനമായി പരിശ്രമിക്കാന്‍ തന്നെയാണ് രമിത്തിന്റെ തീരുമാനം.
ഇത്തവണ 210ാമത്തെ റാങ്ക് നേടിയാണ് രമിത് രാജ്യത്തെ ഏറ്റവും വലിയ മല്‍സര പരീക്ഷയില്‍ വിജയിയായത്. റാങ്കു പ്രകാരം ഇത്തവണ ഐ.പി.എസ് കിട്ടാനാണ് സാധ്യത. നിയമനം ലഭിക്കുന്ന തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനോടൊപ്പം പരിശീലനവും പരീക്ഷയെഴുത്തും തുടരുമെന്നും രമിത്ത് സുപ്രഭാതത്തോട് പറഞ്ഞു.
ഐ.എ.എസ് എടുക്കുകയെന്നത് രമിത്തിന്റെ കോളജ് കാലം മുതലേയുള്ള ആഗ്രഹമാണ്. ആഗ്രഹം പറഞ്ഞപ്പോള്‍ അച്ഛനും അമ്മയ്ക്കും നൂറുസമ്മതം. അവരുടെ നിരന്തരമായ പ്രോത്സാഹനമാണ് വിജയത്തിലെത്തിച്ചത്.
സിവില്‍ സര്‍വിസ് പരീക്ഷയില്‍ റാങ്കുനേടിയതോടെ നിരവധിപേര്‍ ഫോണിലൂടെയും നേരിട്ടും അഭിനന്ദനങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി, മുഖ്യമന്ത്രി പിണറായി വജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി വി.എസ് സുനില്‍കുമാര്‍, എം.വി ജയരാജന്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
ഡല്‍ഹി സെന്റ്‌പോള്‍സ് സ്‌കൂളിലാണ് രമിത് പഠിച്ചത്. നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് നേടി. പിന്നീട് ഇന്‍ഫോസിസ്, സണ്‍ടെക് തുടങ്ങിയ അനേകം മികച്ച സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചെങ്കിലും സിവില്‍ സര്‍വിസ് പരിശീലനം തിരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരത്തായിരുന്നു പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."