ബലാത്സംഗത്തെ കരുവാക്കുന്ന ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടി വേണം
കൊല്ലം: രാജ്യത്ത് ന്യൂനപക്ഷങ്ങളില്‍ ഭീതി നിറയ്ക്കാന്‍ വേണ്ടി ബലാത്സംഗത്തെ കരുവാക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
കത്‌വാ, ഉന്നാവോ സംഭവങ്ങള്‍ ഇതിന് അടിവരയിടുന്നു. തങ്ങള്‍ക്കെതിരേ നീങ്ങിയാല്‍ ഇതായിരിക്കും അനുഭവമെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താനും ന്യൂനപക്ഷ സമുദായങ്ങളില്‍ ഭീതി വിതയ്ക്കാനുമുദ്ദേശിച്ചാണ് പല സംഭവങ്ങളും അരങ്ങേറുന്നത്. ഇത്തരം സംഭവങ്ങളിലെ പ്രതികളെ പിന്തുണയ്ക്കുകയാണ് ബി.ജെ.പി നേതാക്കളും ഉദ്യോഗസ്ഥരും.
ദലിത് വിഭാഗങ്ങള്‍ക്കെതിരേയും ഇതേ തന്ത്രമാണ് അവലംബിക്കുന്നത്. 2016ലെ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ദലിതര്‍ക്ക് നേരേയുള്ള ആക്രമണങ്ങളില്‍ ഭൂരിഭാഗവും ദലിത് സ്ത്രീകള്‍ക്ക് നേരെയാണ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കത്‌വാ സംഭവത്തില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെപ്പോലും തടസപ്പെടുത്താനാണ് ബി.ജെ.പിയോട് ആഭിമുഖ്യമുള്ള ജമ്മുവിലെ അഭിഭാഷകര്‍ ശ്രമിച്ചത്. ജമ്മുമേഖലയില്‍ നിന്നും മുസ്‌ലിംകളെ പലായനം ചെയ്യിക്കുക എന്നതായിരുന്നു ഈ ക്രൂര കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശം.
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ നിയമമുണ്ടെങ്കിലും അത് നടപ്പാക്കുന്ന കാര്യത്തില്‍ തികഞ്ഞ പരാജയമാണ്. വിവിധ മേഖലകളില്‍'കാസ്റ്റിംഗ് കൗച്ച്'നിലവിലുള്ള കാര്യം അടുത്തിടെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ദുരഭിമാനക്കൊല വ്യാപകമായി. നടപടികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇത്തരം സാമൂഹികപ്രശ്‌നങ്ങള്‍ ഗൗരവമര്‍ഹിക്കുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി.
കൊറിയകള്‍ തമ്മില്‍ നടന്ന ഉച്ചകോടിയെ പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനത്തിന്റേതായ പുതിയ അന്തരീക്ഷത്തിന് ഇത് വഴിതെളിക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
പുതിയ സംഭവവികാസങ്ങള്‍ അമേരിക്കയെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. അതുമൂലം സമാധാനശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ ജാഗരൂകരായിരിക്കണമെന്നും പാര്‍ട്ടികോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
പ്രതിരോധ രംഗത്ത് വിദേശ ആയുധഉല്‍പാദകരെയും സ്വകാര്യകോര്‍പ്പറേറ്റ് ഭീമന്മാരെയും അനുവദിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രതിരോധ നയത്തെ പാര്‍ട്ടികോണ്‍ഗ്രസ് അപലപിച്ചു.
തന്ത്രപ്രധാനമായ മേഖലകളില്‍ കടന്നുകയറാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. പ്രതിരോധമേഖലയിലെ സ്വകാര്യപങ്കാളിത്തം ഊര്‍ജിതപ്പെടുത്തുന്ന നയങ്ങളാണ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇറക്കുമതി ചെയ്യുന്ന ആയുധങ്ങള്‍ക്ക് പകരം രാജ്യത്തുതന്നെ ഇവ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എന്‍.ഡി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രാജ്യത്തെ പൊതുമേഖല ഓര്‍ഡിനന്‍സ് ഫാക്ടറികളില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചശേഷം ഇത് ഉല്‍പാദിപ്പിക്കാനുള്ള ലൈസന്‍സ് സ്വകാര്യമേഖലയ്ക്ക് നല്‍കുകയാണ് ചെയ്തത്.
റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ലൈസന്‍സ് റദ്ദാക്കിയ ശേഷം അവയുടെ ഉല്‍പാദനം അംബാനിഗ്രൂപ്പിന് നല്‍കി. പ്രതിരോധമേഖലയിലെ ഉല്‍പാദനം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും എതിര്‍ക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."