എന്തിനെയും എതിര്‍ക്കുന്നത് ചിലരുടെ ശീലം: മുഖ്യമന്ത്രി
കൊച്ചി: എന്തെങ്കിലും പദ്ധതികള്‍ വരുമ്പോള്‍ വിവാദങ്ങളും എതിര്‍പ്പുകളും പുതുമയുള്ള കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ ഏത് കാര്യത്തിലാണ് പ്രയാസം അനുഭവിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററായ ബോള്‍ഗാട്ടി ലുലു ഗ്രാന്‍ഡ് ഹയാത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗത പ്രാസംഗികനായിരുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ ഉയര്‍ന്ന ചില വിവാദങ്ങളും എതിര്‍പ്പുകളും ചൂണ്ടിക്കാട്ടുകയും ഒരു ഘട്ടത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ തയാറെടുത്തിരുന്നു എന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നാടിന്റെ നന്മയെ കരുതി ചില കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ എതിര്‍പ്പുമായി ചിലര്‍ വരും. ഇത് നമ്മുടെ ശീലമായി. തന്നെ പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചുവെന്ന് യൂസഫലി പറഞ്ഞ ചിലരെങ്കിലും എതിര്‍പ്പുകളും വിവാദങ്ങളുമൊക്കെ നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥാനത്ത് ഇരുന്നവര്‍ ആയിരുന്നു.
അവര്‍ അതിനായി യാതൊന്നും പ്രവര്‍ത്തിയില്‍ ചെയ്തിട്ടില്ല. നല്ല രീതിയില്‍ സംസാരിക്കുകയും എന്നാല്‍ മറുഭാഗത്ത് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യും. നാടിന്റെ വികസനത്തിന് ബൃഹത് സംരംഭങ്ങള്‍ അനിവാര്യമാണ്. പിന്തുണയും സഹകരണവും ആണ് അവര്‍ക്ക് വേണ്ടത്. എന്തിനെയും പാര വയ്ക്കുന്ന സമീപനം തുടര്‍ന്ന് കൊണ്ടുപോകരുത്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനായി നിക്ഷേപം ഉണ്ടാകണം. ഇവിടെ തന്നെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണമെന്നും പിണറായി പറഞ്ഞു. നാടിന്റെ വികസനത്തിന് ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്റര്‍ പോലുള്ള സംരംഭങ്ങള്‍ ആവശ്യമാണ്. ലോകം ഇവിടെ കേന്ദ്രീകരിക്കാന്‍ പോകുകയാണ്.
ഇതിലൂടെ ഒരുപാട് അവസരങ്ങള്‍ ലഭിക്കും. നാട് നാളേക്കുള്ളതാണ്. മാറിയ നാടിനെ അടുത്ത തലമുറക്ക് ഐശ്വര്യത്തോടെ ഏല്‍പ്പിച്ചു കൊടുക്കാന്‍ സാധിക്കണം. ഇത് എളുപ്പമുള്ള കാര്യമല്ല. ഇതിന് കൂട്ടായി പ്രവര്‍ത്തിക്കുകയും കൂട്ടായി നേതൃത്വം വഹിക്കുകയും ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്. പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."