സ്ഥലം കൈയേറി: വനിതാ കമ്മിഷന് ഇടപെടലിനെ തുടര്‍ന്ന് വീട്ടമ്മക്ക് നീതി
തിരുവനന്തപുരം: കല്ലിയൂര്‍ പഞ്ചായത്തില്‍ വഴി വികസിപ്പിക്കുന്നതിനായി വീട്ടമ്മയുടെ സ്ഥലം അനുവാദമില്ലാതെ കൈയേറിയ സംഭവത്തില്‍ വനിതാ കമ്മിഷന് ഇടപെടലിനെ തുടര്‍ന്ന് വീട്ടമ്മക്ക് നീതി ലഭിച്ചു.
വനിതാ കമ്മിഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മിഷന് അംഗം ഷാഹിദാ കമാല്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് വീട്ടമ്മക്ക് സ്ഥലം തിരികെ ലഭിച്ചത്.
കല്ലിയൂര്‍ പൊറ്റവിള വീട്ടില്‍ പരേതനായ ഡി. കുട്ടപ്പന്റെ ഭാര്യ കെ. ഭാരതിയാണ് പരാതിക്കാരി. ഇവര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് തൊട്ടടുത്ത വഴിയുടെ വികസനത്തിനെന്ന പേരില്‍ നേരത്തേ വിട്ടുകൊടുത്ത സ്ഥലം കൂടാതെ കൂടുതല്‍ സ്ഥലം കൈയേറിയെന്നായിരുന്നു പരാതി.
കോമ്പൗണ്ടില്‍ കെട്ടിയിരുന്ന മതിലിന്റെ ഒരു ഭാഗവും അനുവാദമി ല്ലാതെ ഇടിച്ചുമാറ്റി. പഞ്ചായത്ത് അംഗം, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കെതിരെ ആയിരുന്നു പരാതി. ഇടിച്ച മതിലിനു ചുറ്റും വെളളം കെട്ടി നില്ക്കുന്നതിനാല് വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
സ്ഥലം സന്ദര്‍ശിച്ച കമ്മിഷന് തുല്ല്യമായ അളവിലല്ല വഴിക്കായി സ്ഥലം എടുത്തതെന്ന് കണ്ടെത്തിയിരുന്നു. തുല്യനീതി ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതിനാല്‍ ആദ്യഘട്ടത്തില്‍ പരാതിക്കാരിയെയും എതിര്‍കക്ഷികളെയും കമ്മിഷന് ആസ്ഥാനത്ത് വിളിപ്പിച്ചിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച കമ്മിഷന് അംഗം സ്ഥലം സന്ദര്‍ശിച്ച് വീണ്ടും സ്ഥലത്തിന്റെ അളവെടുത്ത് പ്രശ്നത്തിന് പരിഹാരം നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."