ജില്ലയില്‍ അനധികൃത കുന്നിടിക്കല്‍ വ്യാപകമാവുന്നതായി പരാതി
പൊന്നാനി: മലപ്പുറം ജില്ലയില്‍ അനധികൃത കുന്നിടിക്കല്‍ വ്യാപകമാകുന്നു. ജിയോളജി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പലയിടങ്ങളിലും കുന്നിടിക്കല്‍ നടക്കുന്നത്. ഇവ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നാണ് ആശങ്ക. വട്ടംകുളം, എരുവപ്ര, കോക്കൂര്‍, ആനക്കര, മുതൂര്‍, വാഴയൂര്‍, ചീക്കോട്, കൊണ്ടോട്ടി, വളാഞ്ചേരി എന്നിവിടങ്ങളിലാണ് അനധികൃത കുന്നിടിക്കല്‍ വ്യാപകമാകുന്നത്. മുതൂരില്‍ അനധികൃതമായ മണ്ണെടുപ്പിനിടെ രണ്ടുപേര്‍ മണ്ണുലോറിയിടിച്ച് മരണപ്പെട്ടിരുന്നു. മണ്ണെടുത്ത് വന്ന ലോറി പുലര്‍ച്ചെ കാല്‍നടയാത്രക്കാരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു.
യാതൊരു നിയന്ത്രണവുമില്ലാതെ സ്ഥലമുടമയുടെ ഒത്താശയോടെ കുന്നിടിച്ച് മണ്ണ് കടത്തുകയാണ്. അനധികൃത കുന്നിടിക്കല്‍ വ്യാപകമായ വളാഞ്ചേരി മാടത്തേരികുന്നിലെ ജനങ്ങള്‍ ഏറെ ആശങ്കയോടെയാണ് കഴിയുന്നത്. നിരവധി തവണ സ്ഥലമുടമയോട് കുന്നിടിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും വീണ്ടും മണ്ണെടുപ്പ് തുടരുകയാണ്. ഇനിയൊരു മഴക്കാലത്തെ അതിജീവിക്കാന്‍ തങ്ങളുടെ വീട് ഉണ്ടാകില്ലെന്ന ആശങ്കയിലാണ് ആനക്കര, മൂതൂര്‍, വട്ടംകുളം നിവാസികള്‍. പൊന്നാനി കോള്‍മേഖലയിലേക്ക് ആവശ്യമായ മണ്ണിന്റെ മറവിലാണ് കുന്നിടിക്കല്‍ വ്യാപകമാവുന്നത്. കോക്കൂരില്‍ അനധികൃതമായി മണ്ണെടുക്കുന്നത് തടഞ്ഞ വില്ലേജ് ഓഫീസറെ മണ്ണ് മാഫിയ ആക്രമിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. അന്ന് വില്ലേജ് ഓഫീസര്‍ക്ക് വേണ്ടി രക്ഷക്കെത്തിയത് സമീപജില്ലയിലെ മണ്ണെടുപ്പ് തൊഴിലാളികള്‍ തന്നെയുമായിരുന്നു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ അനധികൃത മണ്ണെടുപ്പ് നടക്കുന്നത് എടപ്പാള്‍, കോക്കൂര്‍, എരുവപ്ര, വട്ടംകുളം, മൂതൂര്‍ മേഖലകളിലാണ്. കോള്‍മേഖലക്ക് എടുക്കാനായി ജിയോളജി നല്‍കിയ പാസിന്റ മറവിലാണ് അനധികൃത മണ്ണെടുപ്പ്. നേരം പുലരുമ്പോഴേക്കും കുന്നുകള്‍ അപ്രത്യക്ഷ്യമാകുന്ന സ്ഥിതിയാണിവിടെ നിലനില്‍ക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായ നിരവധി കുന്നുകളാണ് ഇവിടെ അപ്രത്യക്ഷമായത്. ജിയോളജി വകുപ്പിന്റെ ഒത്താശയോടെയാണ് ഈ കുന്നിടിക്കലെന്നാണ് ആരോപണം. മണ്ണെടുപ്പ് ചോദ്യം ചെയ്ത വട്ടംകുളത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ മാസങ്ങള്‍ക്ക് മുമ്പ് മണ്ണ് മാഫിയ ക്രൂരമായി മര്‍ദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."