ആലത്തൂര്‍ പൊലിസിന് നിയമത്തിന് പുറത്തോ?
പാലക്കാട് : ഹൈക്കോടതി വിധി, മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്, ആഭ്യന്തരവകുപ്പ് ഉത്തരവ് ഇതെല്ലാം ഉണ്ടായിട്ടും നിയമം നടപ്പിലാക്കിക്കിട്ടാന്‍ അധികൃതര്‍ക്കുമുന്നില്‍ കൂപ്പുകൈകളുമായി യുവാവ് ഊരുതെണ്ടുന്നു. ഗോവിന്ദാപുരം സ്വദേശി ജി.പി ജിനേഷ് കുമാറാണ് ഒന്നരപതിറ്റാണ്ടിലേറെയായി നീതിക്കുവേണ്ടി അലയുന്നത്. 18 വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമത്രയും സ്വരൂപിച്ച് ഗോവിന്ദാപുരം വേല്‍സ് ഫാം പാട്ടത്തിനെടുത്തതോടെയാണ് ജിനേഷിന്റെ കഷ്ടകാലം ആരംഭിക്കുന്നത്.
പാട്ടഭൂമി കാണിച്ച് ഇന്ത്യന്‍ബാങ്കില്‍ നിന്നും ഒരു കോടി അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നത് മറച്ചുവെച്ചാണ് ഭൂമിയുടെ ഉടമ കനകവേല്‍ ജിനേഷിന് 44 ഏക്കര്‍ തോട്ടം പാട്ടത്തിന് നല്‍കുന്നത്. പാട്ടത്തിനെടുത്തെങ്കിലും പ്രസ്തുത ഭൂമിയില്‍ നിന്നും ജിനേഷിന് ആദായമെടുക്കാനും തോട്ടത്തില്‍ പ്രവേശിക്കാനും പറ്റാത്ത തരത്തില്‍ പ്രദേശത്തെ ചില രാഷ്ട്രീയ-കള്ളക്കടത്ത് സംഘങ്ങള്‍ ഇടപെട്ടുതുടങ്ങിയപ്പോഴാണ് ജിനേഷ് ചെന്നുപെട്ട ചതി മനസ്സിലാക്കുന്നത്.
ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ എത്താതെ കേരളത്തിലേക്ക് വലിയ ചരക്കുലോറികള്‍ വരെ കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന രഹസ്യപാത ഈ തോട്ടത്തിലൂടെ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ പാതയുടെ ഗുണഭോക്താക്കളാണ് തനിക്ക് തോട്ടഭൂമിയില്‍ സൈ്വര്യമായി കൃഷിചെയ്യാന്‍ തടസ്സങ്ങളുണ്ടാക്കുന്നതെന്നും മനസ്സിലാക്കിയ ജിനേഷ് ആദ്യം സമീപിച്ചത് അന്നത്തെ ഭരണകൂടത്തെയായിരുന്നു.
തോട്ടഭൂമിയിലൂടെ കള്ളക്കടത്ത് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഖജനാവിന് കോടികള്‍ നഷ്ടമാകുന്നുണ്ടെന്നും പ്രദേശത്ത് പൊലിസ് സാന്നിദ്ധ്യവും എക്‌സൈസ്, വില്‍പ്പന നികുതി വകുപ്പുകളുടെ പരിശോധനയും ഉണ്ടാവണമെന്നായിരുന്നു ജിനേഷ് ആവശ്യപ്പെട്ടിരുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്കൊരുങ്ങുന്നുവെന്ന സൂചന ലഭിച്ച കള്ളക്കടത്തുസംഘങ്ങള്‍ ചിറ്റൂര്‍മേഖലയിലുളള ഒരുനേതാവിന്റെ സഹായത്തോടെ ഭീഷണികളും തോട്ടത്തില്‍ ജോലിക്കാര്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ തടസ്സങ്ങളുണ്ടാക്കാനും തുടങ്ങി.
ഇതിനിടയിലാണ് തോട്ടമുടമകളില്‍ പ്രധാനിയായ കനകവേല്‍ മരണപ്പെടുന്നത്. ഇതോടെ പാട്ടക്കരാറില്‍ സാക്ഷിയായി ഒപ്പിട്ടിരുന്ന സെന്തില്‍ എന്നയാളുടെ നേതൃത്വത്തില്‍ പ്രത്യക്ഷ തടസ്സങ്ങളുമായി ജിനേഷിനെ നിരന്തരം തടസ്സങ്ങളും വീട് കയ്യേറ്റവും കൊള്ളയടിക്കലുംവരെ ഉണ്ടായി.
വിവിധ കോടതികളും മന്ത്രിമന്ദിരങ്ങളുമായി മാറി മാറി കയറിയിറങ്ങിയ ജിനേഷ് നീതി കിട്ടാതെ ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മിഷനിലും എത്തി. രണ്ടിടങ്ങളില്‍ നിന്നും ജിനേഷിനാവശ്യമായ പൊലിസ് സുരക്ഷയും തോട്ടത്തില്‍ പ്രവേശിച്ച് ആദായം എടുക്കാനുളള സൗകര്യവും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്ന ഉത്തരവ് ലഭിച്ചെങ്കിലും കഴിഞ്ഞ ഒമ്പതര വര്‍ഷമായി ഈ ഉത്തരവുകള്‍ നടപ്പാക്കാതെ പൊലിസിലെ ഒരുവിഭാഗവും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രാദേശിക രാഷ്ട്രായ നേതൃത്വവും ജിനേഷിനെ നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യങ്ങളെല്ലാം കാണിച്ച് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനിനെറ്റോയെ കണ്ട് പരാതി പറഞ്ഞ ജിനേഷിന് നീതി ലഭിക്കാന്‍ അടിയന്തര നടപടിയുണ്ടാവണമെന്നാവശ്യപ്പെടുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവും പൊലിസിന് ബാധകമല്ല.
ഈ ഉത്തരവ് നടപ്പാക്കികിട്ടാന്‍ സമീപിച്ചപ്പോള്‍ ആലത്തൂര്‍ ഡി.വൈ.എസ്.പി. സി.കെ രാമചന്ദ്രന്‍ തോട്ടത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും ജിനേഷ് പറയുന്നു. കോടതിവിധി നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ തന്നെ മാഫിയകളുടെ വക്താക്കളാകുന്നത് കാണുമ്പോള്‍ മരിക്കണോ ജീവിക്കണോ എന്നറിയാതെ പ്രയാസപ്പെടുകയാണ് താനെന്നും ജിനേഷ് പരിതപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."