പ്രധാനമന്ത്രി അമേരിക്കയില്‍ പുരാതന കരകൗശല വസ്തുക്കളും വിഗ്രഹങ്ങളും അമേരിക്ക ഇന്ത്യയ്ക്കു കൈമാറി
വാഷിങ്ടണ്‍: പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയില്‍നിന്നു മോഷ്ടിക്കപ്പെട്ട ഇരുനൂറിലേറെ കരകൗശല വസ്തുക്കളും വിഗ്രഹങ്ങളും അമേരിക്ക തിരികെനല്‍കി. ബ്ലെയര്‍ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യയ്ക്ക് ഇതു കൈമാറിയത്. ഇവ ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണെന്നും അതിനാല്‍ പണത്തിനപ്പുറം അതിനു മൂല്യം കല്‍പിക്കുന്നുവെന്നും പറഞ്ഞ പ്രധാനമന്ത്രി, അവ തിരികെ നല്‍കിയതിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കു നന്ദി രേഖപ്പെടുത്തി.
തിരികെ നല്‍കിയ ചില വസ്തുക്കള്‍ക്കു രണ്ടായിരത്തിലധികം വര്‍ഷത്തിന്റെ പഴക്കമുണ്ട്. പലപ്പോഴായി ഇന്ത്യയിലെ വിവിധ ആരാധനാലയങ്ങളില്‍നിന്നു മോഷ്ടിക്കപ്പെട്ടവയാണ് ഇവ. ഇവയ്ക്കു കോടികളാണ് വിലമതിക്കുന്നത്. ഇവ തിരികെ നല്‍കി ഇന്ത്യയുടെ പൈതൃകത്തെ ബഹുമാനിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം തുടരാന്‍ ഇതു സഹായകമാകുമെന്നും അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ലോറെറ്റ ഇ ലിഞ്ച് പറഞ്ഞു.
2007ല്‍ നടന്ന ഓപറേഷനിലൂടെ അമേരിക്ക കണ്ടെത്തിയവയാണ് ഈ വിഗ്രഹങ്ങളും കരകൗശല വസ്തുക്കളും. സുഭാഷ് കപൂര്‍ എന്നയാള്‍ കടത്തിക്കൊണ്ടുപോയതാണ് ഇവയെന്നാണ് നിഗമനം. ഇയാള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വിചാരണ നേരിടുകയാണ്. ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മോദി യു.എസിലെത്തിയത്. പ്രധാനമന്ത്രിയെ അമേരിക്കന്‍ അധികൃതര്‍ സ്വീകരിച്ചു.
അധികാരമേറ്റ് രണ്ടാം വര്‍ഷത്തിനിടെ ഇതു നാലാം തവണയാണ് മോദി അമേരിക്കയിലെത്തുന്നത്. വിവിധ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."