കണ്ടെയ്‌നര്‍ റോഡിലെ അപകടപരമ്പര; ഉന്നതതലയോഗം ചേര്‍ന്നു
കൊച്ചി: കണ്ടെയ്‌നര്‍ റോഡില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഉന്നതതലയോഗം ചേര്‍ന്നു. കലക്ടര്‍ എം.ജി രാജമാണിക്യം വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിറ്റി പൊലിസ് ചീഫ് എം.പി ദിനേശ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
കണ്ടെയ്‌നര്‍ റോഡില്‍ ചേരാനല്ലൂര്‍ കളമശ്ശേരി ഭാഗത്തായി കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ 138 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ എട്ടു പേര്‍ മരിച്ചു. കണ്ടെയ്‌നര്‍ ലോറികളും മറ്റും അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് മൂലമാണ് പലപ്പോഴും അപകടമുണ്ടാകുന്നതെന്നാണു പരാതി.
സാധാരണ ദിവസങ്ങളില്‍ റോഡരികില്‍ 250-300 കണ്ടെയ്‌നര്‍ ലോറികളാണ് പാര്‍ക്കു ചെയ്യുന്നതെങ്കില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഇത് 600 കവിയുന്നതായി തങ്ങള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി സിറ്റി പൊലിസ് ചീഫ് പറഞ്ഞു. ദേശീയപാത അതോറിറ്റി, കൊച്ചി തുറമുഖ ട്രസ്റ്റ്, ഡി.പി വേള്‍ഡ് തുടങ്ങിയവര്‍ സംയുക്തമായി ഇതിന് പരിഹാരം നിര്‍ദേശിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിക്കു വിശദീകരണം നല്‍കും.
തുറമുഖട്രസ്റ്റ്, ദേശീയപാത അതോറിറ്റി, ഡി.പി വേള്‍ഡ് എന്നിവയുടെ പ്രതിനിധികള്‍ അടുത്ത ദിവസം തന്നെ സിറ്റി പൊലിസ് കമ്മിഷണറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പദ്ധതികള്‍ക്ക് രൂപം നല്‍കും.
യോഗത്തില്‍ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ ഗണേഷ്‌കുമാര്‍, സൂപ്പര്‍വിഷന്‍ കണ്‍സള്‍ട്ടന്റ് കെ.ആര്‍ മോഹനന്‍, ഡി.പി വേള്‍ഡ് ജനറല്‍ മാനേജര്‍ ഗിരീഷ് സി മേനോന്‍, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ കെ.എം ടോമി, കളമശ്ശേരി നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ അമല്‍ കെ സജീവ്, പൊതുമരാമത്ത് നിരത്തുവിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.എസ് സുജ, ഏലൂര്‍ നഗരസഭ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, കൊച്ചി നഗരസഭ സെക്രട്ടറി അമിത് മീണ, കൊച്ചി തുറമുഖ ട്രസ്റ്റ് ടെക്‌നിക്കല്‍ മാനേജര്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍ നായര്‍, സെക്രട്ടറി ഗൗരി എസ് നായര്‍, ചീഫ് എന്‍ജിനീയര്‍ ജി വൈദ്യനാഥന്‍, ജനറല്‍ മാനേജര്‍ എം.ഡി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."