നഗരത്തിലെ വസ്ത്രസ്ഥാപനത്തില്‍ തീപിടിത്തം; 40 ലക്ഷം രൂപയുടെ നഷ്ടം
കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ദേര സിറ്റി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സിയാ കലക്ഷന്‍സ് വസ്ത്രാലയത്തില്‍ വന്‍ തീപിടിത്തം. സംഭവത്തില്‍ 40ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമികനിഗമനം.
ചെര്‍ക്കള, ബേവിഞ്ചയിലെ ഹബീബിന്റെ ഉടമസ്ഥതയിലുള്ള ഭസിയ കലക്ഷന്‍സിലാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടയാണ് സംഭവം. റമദാന്‍ ഒന്നായതിനാല്‍ വൈകിട്ട് ആറോടെ കട അടച്ചിരുന്നു. അടച്ചിട്ട കടയില്‍ നിന്നും രാത്രി 11 ഓടെ തീയും പുകയും പുറത്തുവരുന്നതു സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെയും പൊലിസിനെയും ഉടമയെയും വിവരമറിയിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ ഒന്നോടെയാണ് തീ പൂര്‍ണമായും അണച്ചു. എന്നാല്‍ മുഴുവന്‍ വസ്ത്രങ്ങളും ക്യാഷ് കൗണ്ടറും ഫര്‍ണിച്ചറുകളും കത്തിനശിച്ചിരുന്നു.
റമദാന്‍ പ്രമാണിച്ച് പഴയ തുണിത്തരങ്ങള്‍ വിറ്റഴിച്ച് പുതുവസ്ത്രങ്ങളുടെ വലിയ ശേഖരം എത്തിയിരുന്നു. ഇവയെല്ലാം പൂര്‍ണമായും കത്തിനശിച്ചതായി ഉടമ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ കാസര്‍കോട് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."