ഫാക്ടിനുള്ള കേന്ദ്ര വായ്പയില്‍ പലിശ ഇളവിനു ധാരണ
ന്യൂഡല്‍ഹി: എഫ്.എ.സി.ടി(ഫാക്ട്)യ്ക്ക് കേന്ദ്രസര്‍ക്കാര്‍ 13.5 ശതമാനം പലിശനിരക്കില്‍ നല്‍കിയ 1,000 കോടി അടിയന്തര വായ്പയുടെ പലിശ 8.5 ശതമാനമായി കുറയ്ക്കാന്‍ ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര രാവസളം മന്ത്രി അനന്തകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാസവള ഉപദേശക സമിതി യോഗം തത്വത്തില്‍ അംഗീകരിച്ചു. ഫാക്ട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും കൊച്ചിന്‍ ഡിവിഷനിലേക്കുള്ള അമോണിയ നീക്കത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് 15ന് യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനമായതായി സമിതി അംഗം കെ.വി തോമസ് എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13.5 ശതമാനം പലിശനിരക്കില്‍ വായ്പയനുവദിക്കുന്നതിനു 403 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. ഈ ഭൂമി കേന്ദ്രപദ്ധതികള്‍ക്കായി മാത്രം ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ.
ഫാക്ടിന് നല്‍കിയ വായ്പ സമ്പൂര്‍ണ പലിശരഹിതമാക്കണമെന്നാണ് താന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കെ.വി തോമസ് പറഞ്ഞു. ബാങ്ക് പലിശയെക്കാള്‍ കൂടുതലാണ് നിലവിലെ പലിശ. 15ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ച ചെയ്യും. വിരമിച്ച ജീവനക്കാര്‍ക്കുള്ള ആനൂകൂല്യംവരെ നല്‍കാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നിലവില്‍ ഫാക്ട്. അമോണിയ സുരക്ഷിതമായും ലാഭകരമായും കൊച്ചിന്‍ ഡിവിഷനില്‍ എത്തിക്കുന്നതിന് ആധുനിക ബാര്‍ജുകള്‍ ആവശ്യമാണ്. ഇതിന് കേന്ദ്രസര്‍ക്കാര്‍ സഹായം വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടതായും കെ.വി തോമസ് പറഞ്ഞു.
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ റെയില്‍വേ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, റെയില്‍വേ ബോഡ് ചെയര്‍മാന്‍ എ.എം മിത്തല്‍ എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തിയതായും കെ.വി തോമസ് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."