ബംഗ്ലാദേശില്‍ ശൈഖ് ഹസീനക്ക് വന്‍ വിജയം
ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ഭരണകക്ഷിയായ ശൈഖ് ഹസീനയുടെ അവാമി ലീഗ്. ഇതോടെ പ്രധാനപദത്തില്‍ ഹസീനക്ക് നാലാം തവണയും തുടരാനാകും. 300 പാര്‍ലമെന്റ് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 288 സീറ്റാണ് അവാമി ലീഗ് നേടിയത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിക്ക് ആറ് സീറ്റ് മാത്രമാണ് നേടാനായതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി ഹിലാലുദ്ദീന്‍ അഹമ്മദ് പറഞ്ഞു.
ആകെ 350 സീറ്റുകളാണ് പാര്‍ലമെന്റിലുള്ളത്. എന്നാല്‍ 50 സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തതാണ്. പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ സീറ്റുകള്‍ ലഭിക്കുക. കൃത്രിമ ആരോപണങ്ങള്‍ ഉയര്‍ന്നതിനൊപ്പം രക്തരൂക്ഷിതമായിരുന്നു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്കിടയിലുണ്ടായ ആക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടു.
വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. അപഹാസ്യമായ ഫലം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയാണെന്നും സ്വതന്ത്രമായ ഭരണകൂടത്തിന് കീഴില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷ നേതാവ് കമാല്‍ ഹുസൈന്‍ പറഞ്ഞു. ബാലറ്റ് പെട്ടികള്‍ തുറക്കുന്നതിന്റെ മുന്‍പ് വോട്ട് രേഖപ്പെടുത്തിയ രീതിയില്‍ കണ്ടെത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ചിറ്റഗോങ്ങില്‍ ഇത്തരത്തിലുള്ള സംഭവത്തിന് സാക്ഷിയായെന്ന് ബി.ബി.സി റിപ്പോര്‍ട്ടര്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ പ്രിസൈഡിങ് ഓഫിസര്‍ തയാറായില്ല. നിരവധി പോളിങ് സ്റ്റേഷനുകളില്‍ ഭരണകക്ഷികളെ മാത്രമേ പ്രവേശിക്കാന്‍ അനുവദിച്ചുള്ളൂ. വോട്ടിങ് സമയത്തിന് മുന്‍പ് പേളിങ് സ്റ്റേഷനുകള്‍ അടച്ചതിനാല്‍ പ്രതിപക്ഷത്തെ 47 സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
വോട്ടെടുപ്പിനിടെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നതെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ തെക്കന്‍ ഏഷ്യന്‍ ഡയരക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, പ്രതിപക്ഷ പോളിങ് ഏജന്റുകള്‍ക്കുള്ള നിയന്ത്രണം തുടുങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നെന്നും വിശ്വാസതയില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രതിപക്ഷ ആവശ്യം തെരഞ്ഞടുപ്പ് കമ്മിഷണര്‍ തള്ളി. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് കമ്മിഷണര്‍ കെ.എം നൂറുല്‍ ഹുദ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു മുതല്‍ ബംഗ്ലാദേശില്‍ ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു. 17 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 15,000 പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ബംഗ്ലാദേശ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ ഖാലിദ സിയയും ശൈഖ് ഹസീനയും മാറിമാറി ഭരിക്കലാണ്. ബംഗ്ലാദേശ് ആദ്യ പ്രസിഡന്റായ ശൈഖ് മുജീബ് റഹ്മാന്റെ മകളാണ് ഹസീന. 2014ല്‍ നടന്ന തെരഞ്ഞടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് ഹസീനയുടെ പാര്‍ട്ടി വീണ്ടും അധികാരമേല്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."