മുക്കം ഇന്നുമുതല്‍ പ്ലാസ്റ്റിക് മുക്ത നഗരസഭ
മുക്കം: മുക്കത്തെ പ്ലാസ്റ്റിക് മുക്ത നഗരസഭയായി ജില്ലാ കലക്ടര്‍ ശീറാം സാംബ ശിവറാവു പ്രഖ്യാപിച്ചു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് ആദ്യഘട്ടത്തില്‍ നിരോധിക്കുന്നത്. പിന്നീട് ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കും.
1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് 334, 340 എ വകുപ്പുകളും 2016 ലെ പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ചട്ടങ്ങളിലെ ചട്ടം 6 (4), 12 (3) എന്നിവ പ്രകാരവുമാണ് നിരോധനം നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് നിരോധിക്കാനുള്ള നഗരസഭയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും സമീപത്തെ തദ്ദേശസ്ഥാപനങ്ങളും പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്നും എല്ലാവരും സഹകരിച്ചാല്‍ മാത്രമേ പദ്ധതി വിജയിപ്പിക്കാനാകൂവെന്നും കലക്ടര്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ 2.79 കോടി രൂപ ചെലവില്‍ നഗരസഭയില്‍ നടപ്പാക്കുന്ന സമഗ്ര ശുചിത്വ പദ്ധതി ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുക്കത്ത് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ അധ്യക്ഷനായി.
പ്ലാസ്റ്റിക് നിരോധനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നത്. വ്യാപാരികളുടേയും മറ്റു സംഘടനകളുടേയും പൂര്‍ണ സഹകരണത്തോടെയാണ് നിരോധനം നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് നിരോധനത്തിലെ ആശങ്കകളും പരാതികളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ നേരത്തെ രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് സമവായത്തിലെത്തുകയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് തോട്ടത്തിന്‍കടവില്‍ നിന്നും ചേന്ദമംഗല്ലൂരില്‍ നിന്നും മുക്കത്തേക്ക് ജനകീയ ജാഥകള്‍ സംഘടിപ്പിച്ചു.
മണാശ്ശേരി എം.എ.എം.ഒ കോളജ് വിദ്യാര്‍ഥിനികളുടെ ഫ്‌ളാഷ് മോബും തെരുവ് നാടകവും അരങ്ങേറി. വേദിക്കരികിലായി തുണി സഞ്ചിയുടെ വിപണിയും ഒരുക്കിയിരുന്നു. നഗരസഭാ കൗണ്‍സിലറും കലാകാരനുമായ മുക്കം വിജയന്റെ നേതൃത്വത്തിലായിരുന്നു തെരുവ് നാടകം. നഗരസഭയിലെ എല്ലാ വീടുകളിലും ബോധവല്‍ക്കരണ നോട്ടിസുകള്‍ വിതരണം ചെയ്തിരുന്നു. നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ് പദ്ധതി അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഹരീദ മോയിന്‍കുട്ടി ഹരിത സഹായ സ്ഥാപനത്തിനുള്ള ധാരണാ പത്രം കൈമാറി. പി. പ്രശോഭ് കുമാര്‍, ടി.കെ മോഹനന്‍, പി. പ്രകാശ്, ടി.പി അബ്ബാസ്, സി.ടി.സി അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."