എന്‍.ഐ.എ അന്വേഷണം: സര്‍ക്കാരുകളുടെ ഇരട്ടത്താപ്പ്
കോഴിക്കോട്ടെ സി.പി.എം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലന്‍ ശുഹൈബ് എന്നിവര്‍ക്കെതിരേ മാവോവാദി ബന്ധം ആരോപിച്ച് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യു.എ.പി.എ) ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുക്കാന്‍ തീരുമാനിച്ചതായാണു വാര്‍ത്ത. അപ്രകാരം സംസ്ഥാന പൊലിസ് അന്വേഷിക്കുന്ന മേല്‍ കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. സംസ്ഥാന പൊലിസ് കേസന്വേഷണ രേഖകള്‍ കേന്ദ്ര ഏജന്‍സിക്കു കൈമാറിയതിനെ തുടര്‍ന്ന് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു. യു.എ.പി.എ നിയമത്തിലെ 20ാം വകുപ്പ് (ഭീകര സംഘടനയിലോ ഭീകര സംഘത്തിലോ അംഗമാവുക), 39ാം വകുപ്പ് (ഭീകര സംഘടനയ്ക്കു സഹായം നല്‍കുക) എന്നീ വകുപ്പുകള്‍ ചുമത്തിയ കേസിന്റെ ചുരുക്കമെന്നാല്‍ പ്രതികള്‍ മാവോവാദി ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നും അവരുടെ വീട്ടില്‍ നിന്നു മാവോവാദി ലഘുലേഖകള്‍ കണ്ടെടുത്തുവെന്നതുമാണ്.
സംസ്ഥാന പൊലിസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറുന്നതു സംസ്ഥാന പൊലിസിന്റെ വീര്യം തകര്‍ക്കുമെന്ന ശക്തമായ നിലപാടാണു മുമ്പത്തേയും ഇപ്പോഴത്തേയും ഇടതുസര്‍ക്കാരുകള്‍ കൈക്കൊണ്ടിരുന്നത്. ഫസല്‍, ശുഹൈബ് വധക്കേസുകളും ഏറ്റവുമൊടുവില്‍ കാസര്‍കോട് പെരിയയിലെ ശരത്‌ലാല്‍, കൃപേഷ് ഇരട്ടക്കൊലപാതകക്കേസും അന്വേഷണം സി.ബി.ഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു മരിച്ചവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ ശക്തിയുക്തം എതിര്‍ത്ത ഇടതുസര്‍ക്കാര്‍, കോഴിക്കോട്ടെ മാവോവാദി ബന്ധമാരോപിച്ചുള്ള കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കാന്‍ തീരുമാനിച്ച മോദി സര്‍ക്കാരിന്റെ നടപടിയെ കണ്ണടച്ച് അംഗീകരിച്ച നിലപാട് തികച്ചും സംശയാസ്പദമാണ്.
ശുഹൈബ് കേസ് സി.ബി.ഐക്കു കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും കേന്ദ്ര ഏജന്‍സിക്കു കേസ് ഏല്‍പിക്കുന്നതിലെ എതിര്‍പ്പ് ശക്തമായി കോടതിയില്‍ അവതരിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രിംകോടതിയില്‍ നിന്നു മുതിര്‍ന്ന അഭിഭാഷകരെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയുമുണ്ടായി. പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണവും ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ വിധിയനുസരിച്ച് സി.ബി.ഐക്കു വിട്ടതിനെയും സര്‍ക്കാര്‍ ശക്തിയുക്തം എതിര്‍ത്തു. പെരിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന വാദമുന്നയിച്ച് ഹൈക്കോടതിയില്‍ കേസ് നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ 85 ലക്ഷം രൂപ ചെലവഴിച്ചെന്നാണു വിവരാവകാശ രേഖ.
പൊതുസമാധാനം ഭരണഘടനയുടെ ഏഴാം പട്ടികയില്‍പെട്ട സംസ്ഥാന സര്‍ക്കാരിനു മാത്രം കേസ് അന്വേഷിക്കാന്‍ അധികാരമുള്ള വിഷയമാണ്. എന്നാല്‍ രാജ്യസുരക്ഷയെ അപകടപ്പെടുത്തുംവിധം രാജ്യത്തു വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളെ തടയാന്‍ പ്രാപ്തമായ ശക്തവും ഫലപ്രദവുമായ കേസന്വേഷണ ഏജന്‍സിയെന്ന നിലയിലാണു 2008ലെ മുംബൈ സ്‌ഫോടന പരമ്പരയെ തുടര്‍ന്നു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു യോജിച്ച സ്വതന്ത്ര കേസന്വേഷണ ഏജന്‍സിയെന്ന നിലയില്‍ എന്‍.ഐ.എ രൂപീകൃതമായത്. ഈ നിയമത്തിന്റെ പ്രധാനലക്ഷ്യം രാജ്യത്തിന്റെ ഐക്യത്തെയും സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്നതും വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളെ ബാധിക്കുന്നതും അന്താരാഷ്ട്രാ ഉടമ്പടികളുടെ അടിസ്ഥാനത്തിലും ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയും നിര്‍മിച്ച നിയമങ്ങള്‍ സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ദേശീയ അന്വേഷണ ഏജന്‍സിയാണ് എന്‍.ഐ.എയെന്ന് ആമുഖത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എന്‍.ഐ.എ ആക്ടിന്റെ പട്ടികയില്‍ വിവരിച്ച 1962ലെ ആറ്റമിക് എനര്‍ജി ആക്ട്, 1967ലെ യു.എ.പി.എ, 1982ലെ വിമാന റാഞ്ചല്‍ വിരുദ്ധനിയമം, 1982ലെ വ്യോമയാന സുരക്ഷാവിരുദ്ധ പ്രവൃത്തി തടയല്‍ നിയമം, 1993ലെ സാര്‍ക്ക് കണ്‍വന്‍ഷന്‍ (ഭീകരപ്രവര്‍ത്തനം) അടിച്ചമര്‍ത്തല്‍ നിയമം തുടങ്ങി ഏഴു പ്രത്യേക നിയമങ്ങള്‍ കൂടാതെ ഇന്ത്യന്‍ പീനല്‍ കോഡിലെ 489 എ തുടങ്ങി 489 ഇ വരെയുള്ള കുറ്റങ്ങളില്‍ വിവരിച്ച വ്യാജ കറന്‍സികളെയും ബാങ്ക് നോട്ടുകളെയും സംബന്ധിക്കുന്ന കുറ്റങ്ങള്‍ ഉള്‍പ്പെടുന്നതാണ്.
എന്‍.ഐ.എ ആക്ട് ആറാംവകുപ്പ് അനുസരിച്ച് മേല്‍പട്ടികയില്‍ വിവരിച്ച കുറ്റങ്ങള്‍ ഉള്‍പ്പെട്ട ഒരുപ്രഥമ വിവരം സംസ്ഥാനത്തെ ഏതെങ്കിലും പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണമെന്നും സര്‍ക്കാര്‍ വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്നുമുള്ളതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത കുറ്റം കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ടവിധം അതീവ തീവ്രതയുള്ളതാണെന്നു കേന്ദ്രസര്‍ക്കാരിനു ബോധ്യപ്പെടുകയാണെങ്കില്‍ കേസന്വേഷണം എന്‍.ഐ.എയെ ഏല്‍പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കണമെന്നതാണു നിയമവ്യവസ്ഥ. കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട വിധം ദേശീയ സുരക്ഷയും അന്താരാഷ്ട്ര പ്രാധാന്യവുമുള്ള കേസുകള്‍ മാത്രമേ എന്‍.ഐ.എയെ ഏല്‍പിക്കാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം ഫെഡറല്‍ സംവിധാനത്തില്‍ പൊതുസമാധാനം സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലായി മാത്രമേ കണക്കാക്കാനാകൂ. എന്‍.ഐ.എ ആക്ടിലെ നിരവധി പട്ടിക കുറ്റങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും സംസ്ഥാന പൊലിസാണ് അന്വേഷണം നടത്തി കുറ്റപത്രം ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുന്നത്. അല്ലാത്തപക്ഷം എല്ലാ എന്‍.ഐ.എ പട്ടികാ കുറ്റങ്ങളും എന്‍.ഐ.എ അന്വേഷിച്ചാല്‍ അതീവ ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.
കോഴിക്കോട്ടെ മാവോവാദി ബന്ധം ആരോപിച്ചുള്ള കേസില്‍ യു.എ.പി.എ ചുമത്തിയതിനെതിരേ പൊതുസമൂഹത്തില്‍ സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരടക്കം നിരവധിപേര്‍ ശക്തമായി അപലപിച്ചിട്ടുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത യുവാക്കളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ 'മാവോയിസം സിന്ദാബാദ്' എന്നു മജിസ്‌ട്രേറ്റിന്റെ മുന്നില്‍വച്ച് മുദ്രാവാക്യം വിളിക്കണമെന്നും അല്ലാത്തപക്ഷം മയക്കുമരുന്ന് കേസില്‍ പ്രതിയാക്കുമെന്നു പറഞ്ഞു പൊലിസ് പ്രതികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നു പറഞ്ഞതായി അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്രകാരം തികച്ചും സംശയാസ്പദമായ കേസ് പൊലിസ് രജിസ്റ്റര്‍ ചെയ്തതില്‍ പിറന്ന എന്‍.ഐ.എ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയും യാതൊരുവിധ തടസങ്ങളും ഉന്നയിക്കാതെ കേസന്വേഷണം പതിവിനു വിപരീതമായി കേന്ദ്ര ഏജന്‍സിക്കു കൈമാറിയ രീതി തികച്ചും സംശയാസ്പദമാണ്. കോഴിക്കോട്ടെ മാവോവാദി കേസിന് അന്താരാഷ്ട്ര പ്രാധാന്യമോ ദേശസുരക്ഷാ പ്രശ്‌നമോ അടങ്ങിയതല്ലെന്ന സത്യം ഏവര്‍ക്കുമറിയാം.
കേസന്വേഷണം എന്‍.ഐ.എയെ ഏല്‍പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണു കൈക്കൊണ്ടതെന്നു മുന്‍കാല അനുഭവം തെളിയിക്കുന്നുണ്ട്. രാജ്യത്ത് നോട്ട് നിരോധനം ഉണ്ടായപ്പോള്‍ കേരളത്തിലുണ്ടായിരുന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയായിരുന്നു തൃശൂര്‍ മതിലകം പൊലിസ് രണ്ടു യുവമോര്‍ച്ച നേതാക്കളുടെ വീട്ടില്‍ നിന്നു 2000 രൂപയുടെ നോട്ടുകളും നോട്ടടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്ത കേസ്. പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം എന്‍.ഐ.എ പട്ടികയില്‍ വിവരിച്ച ഐ.പി.സി 489 എ, 489 ബി വകുപ്പുകളായിരുന്നിട്ടും പ്രസ്തുത കേസില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുമില്ല, സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിച്ചുമില്ല. അവസാനം തൃശൂര്‍ ക്രൈംബ്രാഞ്ച് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയുണ്ടായി.
അട്ടപ്പാടിയിലും നിലമ്പൂരിലും മാവോവാദികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസ് കേരള ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലിസുകാര്‍ പ്രതികളായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രത്യേകിച്ച് മാവോവാദികളെ കൊലപ്പെടുത്തിയെന്ന് ആരോപണമുള്ള കേസ് സംസ്ഥാന പൊലിസ് അന്വേഷിക്കരുതെന്നും കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്നും മണിപ്പൂരിലെ കേസില്‍ സുപ്രിംകോടതി വിധിയുണ്ട്. പരമോന്നത കോടതിയുടെ വിധിപോലും അവഗണിച്ചാണു മേല്‍വിവരിച്ച രണ്ടു കേസുകളുടേയും അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പിക്കാതെ സംസ്ഥാന പൊലിസ് അന്വേഷിക്കുന്നത്.
സംസ്ഥാന പൊലിസ് അന്വേഷിച്ച കേസുകള്‍ കേന്ദ്ര ഏജന്‍സിയെ ഏല്‍പിക്കുന്നതിനെതിരേ നിലപാട് കടുപ്പിച്ച് കൊണ്ടിരുന്ന ഇടതുസര്‍ക്കാര്‍ കോഴിക്കോട്ടെ മാവോവാദി ബന്ധം ആരോപിക്കപ്പെട്ട കേസില്‍ മറ്റു യാതൊരുവിധ ഭീകരപ്രവര്‍ത്തനങ്ങളുടെ പൂര്‍വചരിത്രവും ആരോപിക്കപ്പെട്ടിട്ടില്ലാത്ത രണ്ടു യുവാക്കള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ യു.എ.പി.എ നിയമം ചുമത്തുകയും അന്വേഷണം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കേന്ദ്ര ഏജന്‍സിക്കു കൈമാറാനുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം ഇരട്ടത്താപ്പ് നയം എന്നേ പറയാനാകൂ. നിയമവും സുപ്രിംകോടതി വിധിയും കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്ന കേസുകളുടെ കാര്യത്തില്‍ സംസ്ഥാന പൊലിസിന്റെ വീര്യം നഷ്ടപ്പെടുമെന്ന നിലപാടും തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ കേസില്‍ നിയമപരമായ വ്യവസ്ഥകള്‍ വിസ്മരിച്ച് കേസിന്റെ ഗൗരവം ഊതിവീര്‍പ്പിച്ച് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന മോദി സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ച പിണറായി സര്‍ക്കാരിന്റെ സമീപനം തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവും നിയമവിരുദ്ധവുമാണ്.
(മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."