പ്രളയ വര്‍ഷത്തിന്റെ ഓര്‍മയില്‍നിന്ന് പുതുവര്‍ഷത്തിലേക്ക്
ഒറ്റപ്പാലം: പ്രളയവര്‍ഷത്തിന്റെ ഓര്‍മകളില്‍നിന്ന് പുനരുദ്ധാരണത്തിന്റെ പുതുവര്‍ഷം ജനിക്കുന്നു. പുഴകളും തോടുകളും പ്രളയത്താല്‍ നിറഞ്ഞുകവിഞ്ഞതും, 165 വാസഗൃഹങ്ങള്‍ ഇല്ലാതായതും, കാര്‍ഷികമേഖലയിലെ 1,500ഓളം ഹെക്ടര്‍ കൃഷി നശിച്ചതും, ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനങ്ങളും 2018 മറക്കാന്‍ കഴിയാത്ത വര്‍ഷമായി മാറും. റോഡുകളുടെയും, തോടുകളുടെയും പാര്‍ശ്വ ഭിത്തികള്‍ ഇടിഞ്ഞും, നിലം നികത്തി കെട്ടിടങ്ങള്‍ പണിതതെല്ലാം വെള്ളത്തിലകപെട്ടതുംപ്രകൃതി ചൂഷണങ്ങള്‍ക്ക് താക്കീതായപ്പോള്‍, നിളയില്‍ മണല്‍ നിറഞ്ഞത് പ്രളയത്തിന്റെ പാരിതോഷികവുമായി.
റവന്യുവകുപ്പില്‍ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഏതാനും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായത് നേട്ടമാവുമ്പോള്‍, തുടര്‍നടപടികളില്‍ മെല്ലപ്പോക്ക് സമീപനവുമാണ്. ജല അതോറിറ്റിയില്‍ ഒറ്റപ്പാലം മേഖലയില്‍ എം.എല്‍.എ പി. ഉണ്ണിയുടെ ശ്രമഫലമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലേക്കായി കിഫ്ബിയിലൂടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനായി. എം.ബി രാജേഷ് എം.പിയുടെ ശ്രമഫലമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗനിര്‍ണയ സെന്ററും, ഡയാലിസിസ് യൂനിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയതും ആരോഗ്യമേഖലയില്‍ ഒറ്റപ്പാലത്തിന്ന് നേട്ടമാണ്. ജൈവ മാലിന്യ ശേഖരണം നിര്‍ത്തിയതും, ഉറവിട മാലിന്യ സംസ്‌കരണവും പോയ വര്‍ഷത്തില്‍ ഒറ്റപ്പാലം നഗരസഭ നടപ്പിലാക്കി. 13 വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയായ പുതിയ നഗരസഭാ ബസ്സ്റ്റാന്‍ഡ് കഴിഞ്ഞ വര്‍ഷവും തുറക്കാനായില്ല.
കൊപ്പം: പോയവര്‍ഷം കൊപ്പം മേഖലക്ക് സമ്മാനിച്ചത് ദുഃഖവും സന്തോഷവും. പ്രളയം പേടിസ്വപ്നമാണ്. നൂറ്റാണ്ടിലെ മഹാ പ്രളയത്തില്‍ പട്ടാമ്പി താലൂക്കില്‍ കൂടുതല്‍ കെടുതികളേറ്റ് വാങ്ങിയത് തിരുവേഗപ്പുറ, വിളയൂര്‍ പഞ്ചായത്തുകളാണ്. ജ്യേഷ്ഠ സഹോദരന്റെ കൊലക്കത്തിയുടെ മൂര്‍ച്ചയില്‍ അനിയന്‍ ദാരുണമായി മരണപ്പെട്ടതും വിയറ്റ്‌നാംപടിയിലേയും പുലാശ്ശേരിയിലേയും ബൈക്കപകടങ്ങളും കുലുക്കലൂരില്‍ തൂതപ്പുഴക്ക് കുറുകെയുള്ള റെയില്‍വേ മേല്‍പാലത്തിലെ യുവാവിന്റെ മരണവും പോയ വര്‍ഷത്തിലെ നൊമ്പരങ്ങളാണ്.
കൊപ്പം പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടനം മേഖലയിലെ ക്രമസമാധാനത്തില്‍ വലിയ പങ്കാണ് വഹിച്ചത്. കൊപ്പം ജുമാമസ്ജിദ് ഉദ്ഘാടനം മതമൈത്രിയുടെ ഉദാഹരണമായി. പട്ടാമ്പി-പുലാമന്തോള്‍, വല്ലപ്പുഴ-മുളയങ്കാവ് പാതകളും ആരോപണ പ്രത്യാരോപണങ്ങളുടെ വേദികളില്‍ ഏറെ പരാമര്‍ശിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."