മാലിന്യ പ്ലാന്റ് സമരം ഇന്ന് 184 ദിവസം: പുതുവര്‍ഷ പുലരിയിലും ഈ ജനത സമരത്തിലാണ്
നെടുമങ്ങാട്: സമരം ആരംഭിച്ചിട്ട് 184 ദിവസം. പുതു വര്‍ഷ പുലരിയിലും പ്രതീക്ഷയുടെ നാമ്പുകള്‍ തേടി പെരിങ്ങമ്മലക്കാര്‍ സമരത്തിലാണ്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് മാലിന്യ പ്ലാന്റിനെതിരേ പെരിങ്ങമ്മലയിലെ ആദിവാസി സമൂഹമടങ്ങുന്ന ജനത സമരമുഖത്തിറങ്ങിയത്. ആറു മാസം പിന്നിടുമ്പോഴും മാലിന്യ പ്ലാന്റ് ഇവിടെ തന്നെ കൊണ്ടുവരുമെന്ന വാശിയിലാണ് ഇടതുപക്ഷ സര്‍ക്കാര്‍.
2018 മാര്‍ച്ചോടുകൂടിയാണ് ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്. ദിവസവും കുന്നുകൂടുന്ന നഗര മാലിന്യം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയിലാണ് മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി പദ്ധതി ഉദയം ചെയ്യുന്നത്. സംസ്ഥാനത്തു ഏഴു പ്ലാന്റുകളില്‍ ഒന്ന് തിരുവനന്തപുരം ജില്ലയില്‍ പെരിങ്ങമ്മല പഞ്ചായത്തിലെ ജില്ലാ കൃഷിതോട്ടമായ അഗ്രിഫാമില്‍ ഒരുപറയില്‍ കണ്ടെത്തി. ഇവിടെ പതിനഞ്ചു ഏക്കര്‍ കൃഷി തോട്ടമാണ് ഇതിനായി സര്‍ക്കാര്‍ കണ്ടെത്തിയത്. പരിസ്ഥിതി ലോല പദ്ധതി പ്രദേശമായ പെരിങ്ങമ്മലയില്‍ തന്നെ ഈ മാലിന്യ പ്ലാന്റ് കൊണ്ടുവരാനായി ഇടതു പക്ഷത്തെ നേതാക്കള്‍ സജീവമായി രംഗത്തിറങ്ങി.
ഇതിന്റെ ഭാഗമായി സി.പി.എം ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തു പ്ലാന്റിനൊപ്പം നില്‍ക്കുകയായിരുന്നു. നിരവധി കുടിവെള്ള സ്രോതസുകളുടെ ഉറവിടവും, ചിറ്റാര്‍ നദിയും, മൂവായിരത്തോളം ആദിവാസി കുടുംബങ്ങളും അധിവസിക്കുന്ന ഈ മേഖലയില്‍ മാലിന്യ പ്ലാന്റ് യാഥാര്‍ഥ്യമാവുന്നതോടെ ഇതിനെല്ലാം ചരമ ഗീതം ആലപിക്കേണ്ടിവരും.
ഇത് മനസിലാക്കിയ പെരിങ്ങമ്മലയിലെ ജനത സി.പി.എം, സി.പി.ഐയിലെ ഒരു വിഭാഗം ഒഴികെയുള്ള ആദിവാസി സമൂഹവും ഒന്നിച്ചു മാലിന്യ പ്ലാന്റിനെതിരേ സമര മുഖം തുറക്കുകയായിരുന്നു. പെരിങ്ങമ്മലയെ മറ്റൊരു വിളപ്പില്‍ശാല ആക്കാന്‍ സമ്മതിക്കില്ല, നഗര മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക, പ്ലാന്റിന് മറ്റു സ്ഥലം കണ്ടെത്തുക എന്ന് ആവശ്യപ്പെട്ട് ജില്ലാ കൃഷി തോട്ടത്തിനു മുന്‍വശം പന്നിയോട്ടുകടവില്‍ പന്തല്‍ കെട്ടി പ്രതിഷേധം ആരംഭിച്ചു. ദിവസവും കുട്ടികളും സ്ത്രീകളും വൃദ്ധരുമടക്കം നൂറോളം പേരാണ് ഇതുവരെയും മുടങ്ങാതെ സമരപന്തലില്‍ എത്തുന്നത്. ഇതിനിടയില്‍ പദ്ധതിക്കെതിരേ അടിയന്തിര പ്രമേയം പാസ്സാക്കാന്‍ വിസ്സമ്മതിച്ചതില്‍ പ്രതിഷേധിച്ചു.
പഞ്ചായത്ത് ഓഫിസിലേക്ക് പെരിങ്ങമ്മലയിലെ മുഴുവന്‍ ജനങ്ങളും പങ്കെടുത്ത സങ്കട ജാഥ ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി പ്രക്ഷോഭങ്ങള്‍. എന്നിട്ടും പ്ലാന്റ് നിര്‍ദിഷ്ട പ്രദേശത്തു നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതിനിടയില്‍ സമരസമിതി കണ്‍വീനറിനു ചീഫ് സെക്രട്ടറി നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയില്‍ പ്ലാന്റ് പെരിങ്ങമ്മലയില്‍ തന്നെയാണെന്നും സ്ഥലം ഏറ്റെടുക്കന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും അറിയിച്ചിരുന്നു. ഇതോടെ പ്രതിഷേധം ശക്തമായി. ദിവസങ്ങള്‍ക്കു മുന്‍പ് പെരിങ്ങമ്മലയില്‍ നിന്നും കാല്‍നട ജാഥയായി പതിനായിരത്തോളം പേര്‍ മൂന്നു ദിവസമെടുത്തു നിയമ സഭയിലേക്ക് സങ്കട ജാഥ നടത്തി. ഇതോടെ സഭക്കകത്തും വിഷയം ചര്‍ച്ചയാവുകയും പഠനം നടത്താതെ പ്ലാന്റ് കൊണ്ട് വരില്ലെന്നും മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടി കളും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
പ്ലാന്റ് ഇവിടെ തന്നെ കൊണ്ട് വരുമെന്നാണ് ചില പ്രാദേശിക നേതാക്കളുടെ തീരുമാനം. പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കാന് വേണ്ടിയാണു 184 ദിനമായി മഴയും തണുപ്പും ഒക്കെ സഹിച്ചു ഒരു ജനത സമരമുഖത്തുള്ളത്. പുതു വര്‍ഷത്തില്‍ സമരം വിത്യസ്ത തലങ്ങളിലേക്ക് എത്തിക്കാനാണ് സമര സമിതിയുടെ തീരുമാനം. ഇതില്‍ നാളെ കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രതിനിധികള്‍ സമര പന്തല്‍ സന്ദര്‍ശിക്കും. തുടര്‍ന്നുള്ള നാളുകളില്‍ നദീ സംരക്ഷണ ജാഥ അടക്കമുള്ള സമരങ്ങള്‍ ആരംഭിക്കുമെന്നാണ് സമര സമിതി നേതാക്കള്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."