നിങ്ങളുടെ പാസ്‌പോർട്ടിൽ അമേരിക്ക, ഷെൻഗൻ വിസയുണ്ടോ? എങ്കിൽ നിങ്ങൾക്ക് സഊദിയിലേക്ക് ഓൺ അറൈവൽ വിസയിൽ എത്താം
റിയാദ്: സഊദിയിലേക്ക് ഇന്ത്യക്കാരടക്കമുള്ളർക്ക് ഏറെ ഉപകാരമാവുന്ന ഓൺലൈൻ വിസ സംവിധാനത്തിന് തുടക്കമായി. അമേരിക്ക, ബ്രിട്ടൻ, ഷെൻഗൻ രാജ്യങ്ങൾ എന്നിവയുടെ വിസ സ്റ്റാംബ് ചെയ്ത പാസ്‌പോർട്ട് ആണെങ്കിൽ ഇവരെ ഏത് രാജ്യത്തെ പൗരന്മാരാണെന്ന് പരിഗണിക്കാതെ തന്നെ സഊദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ചതോടെയാണ് ഓൺ അറൈവൽ വിസ ലഭിച്ചു തുടങ്ങിയത്. ഇത് സംബന്ധിച്ച് വിമാന കമ്പനി അധികൃതർക്ക് സർക്കുലറും അയച്ചിട്ടുണ്ട്. നേരത്തെ ഇത് സംബന്ധിച്ച് സഊദി ടൂറിസം വകുപ്പ് അറിയിച്ചിരുന്നുവെങ്കിലും ജനുവരി ഒന്നു മുതലാണ് പ്രാബല്യത്തിലായത്.
ഈ മൂന്ന് വിസയിലുള്ളവര്‍ക്കും സഊദിയിലെ ഏതെങ്കിലും എയർ പോര്‍ട്ടുകളില്‍ എത്തിയാൽ ഓണ്‍ അറൈവല്‍ വിസ ലഭിക്കുമെന്ന് എല്ലാ വിമാനക്കമ്പനികള്‍ളെയും ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ മുഖേന അറിയിച്ചു. സഊദി അറേബ്യയിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 49 രാജ്യങ്ങളിലെ പൗരന്മാർക്ക് കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു. എന്നാൽ, ഈ രാജ്യങ്ങളിൽ ഉൾപ്പെടാത്തതിനാൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ് തുടങ്ങി നിരവധി രാജ്യങ്ങളിലുള്ളവർക്ക് ഉപകാരം ചെയ്‌തിരുന്നില്ല. എന്നാൽ, പുതിയ സംവിധാനത്തോടെ ഷെൻഗൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചവർക്ക് സഊദിയിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിക്കാമെന്നതാണ് പ്രത്യേകത.
എന്നാൽ, ഈ രാജ്യങ്ങളിലേക്കുള്ള വിസ ഇഷ്യു ചെയ്‌തതിന് പുറമേ പാസ്‌പോർട്ട് ഉടമ ആ വിസ ഇഷ്യു ചെയ്‌ത രാജ്യത്ത് പോയതിനു ശേഷമായിരിക്കണം സഊദിയിലേക്ക് വരുന്നത് എന്നതും വിസയുടെ കാലാവധി പരിശോധിക്കണമെന്നും സിവില്‍ ഏവിയേഷന്‍ എകണോമിക് പോളിസീസ് ആന്റ് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ഉതൈബി അയച്ച സര്‍ക്കുലറിലുണ്ട്. ഇത്തരം ആളുകൾക്ക് എയർപോർട്ടുകളിൽ നിന്ന് സഊദി ടൂറിസ്റ്റ് വിസ ലഭ്യമാകും. ഓൺ അറൈവൽ വിസ ലഭിക്കാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ രാജ്യത്തുള്ള സഊദി എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെട്ടാൽ മാത്രമേ ടൂറിസ്റ്റ് വിസ ലഭ്യമാകുമായിരുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."