CAA: യോജിച്ച മുന്നേറ്റം വേണം, കേരളത്തെപ്പോലെ നടപടികളുണ്ടാവണമെന്നാവശ്യപ്പെട്ട് 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി വിജയന്‍
തിരുവനന്തപുരം: പൗരത്വ നിയത്തിനെതിരെ സാധ്യമായ നടപടികള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് 11 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. പൗരത്വ ഭേദഗതി നിയമം സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയത് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്റെ കത്ത്.
ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തയാറാകണം. ചരിത്രപരമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചതാണ് നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ സവിശേഷ മൂല്യം. ഇന്നത്തെ ഈ പ്രതിസന്ധി മറികടന്ന് അത് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
ദേശീയ പൗരത്വ രജിസ്റ്ററിനെ (എന്‍.സി.ആര്‍) ക്കുറിച്ചാണ് കടുത്ത ആശങ്ക ഉയര്‍ന്നിട്ടുള്ളത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എന്‍.പി.ആര്‍) പ്രവര്‍ത്തനങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എന്‍.പി.ആര്‍) പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിര്‍ത്തിവച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബര്‍ 31 ന് പാസാക്കിയിട്ടുണ്ട്. അതിലേക്കു ശ്രദ്ധക്ഷണിച്ച മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആ പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു എന്ന് വിശദീകരിച്ചു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം എന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങള്‍ സമാനമായ നടപടികളിലേക്കു നീങ്ങുന്നത് പരിഗണിക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അങ്ങനെയുള്ള നീക്കം പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണ് തുറപ്പിക്കും എന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."