യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ്
ആറ്റിങ്ങല്‍: യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ ആറ്റിങ്ങല്‍ പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് ആശ്രാമം ലക്ഷ്മണനഗര്‍ ശോഭനമന്ദിരത്തില്‍ പി. വിഷ്ണു (മൊട്ട28), ആറ്റിങ്ങല്‍ വെള്ളൂര്‍ക്കോണം ആഞ്ജനേയം വീട്ടില്‍ പി. ആദര്‍ശ് (പപ്പു25), കിഴുവിലം കാട്ടുംപുറം ഉത്രാടം നിവാസില്‍ വി. അജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്.
പൊലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പൊലിസ് സംഘം മല്‍പ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. ആറ്റിങ്ങല്‍ അവനവഞ്ചേരിസ്വദേശിയും സൈനികനുമായ അരുണ്‍, മിഥുന്‍, എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി 10 മണിയോടെ കുത്തേറ്റത്. അരുണും മിഥുനും മറ്റൊരു സുഹൃത്തായ വിവേകുമൊത്ത് കടയില്‍ നിന്ന് വെള്ളം കുടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ കാറില്‍ ഇവിടെയെത്തിയ ആദര്‍ശും അജിത്തും സിഗരറ്റ് കത്തിക്കാന്‍ തീ ആവശ്യപ്പെട്ടു. തീയില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ഇരുവരും പ്രകോപിതരായി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെ വിഷ്ണു കാറില്‍ നിന്നിറങ്ങിവന്ന് അരുണിനെയും മിഥുനെയും കുത്തുകയായിരുന്നു.സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികള്‍ പാറക്കടവിലെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ഒ.എ സുനിലിന്റെ നേതൃത്വത്തില്‍ എസ്.ഐ. തന്‍സീംഅബ്ദുല്‍സമദ്, സലീം, എസ്.സി.പി.ഒമാരായ ജയന്‍, ഉദയകുമാര്‍, സി.പി.ഒമാരായ ജ്യോതിഷ്, ദിനോര്‍, പ്രജീഷ്, റിഷാദ്, വിനീഷ്, പ്രസാദ് എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടാന്‍ ശ്രമിച്ചു. ഈസമയം പൊലിസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. അറസ്റ്റിലായ വിഷ്ണു കൊല്ലത്ത് ഒരു കൊലപാതകശ്രമക്കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. മറ്റൊരുകേസില്‍ പൊലിസിന് ആക്രമിച്ചശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."