പൗരത്വ നിയമ ഭേദഗതി ചട്ടം: സംസ്ഥാനങ്ങളോട് കൂടിയാലോചിക്കില്ല, അതിന്റെ ആവശ്യവുമില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിലെ ചട്ടം രൂപീകരിക്കും മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എല്ലാ വശങ്ങളും ശ്രദ്ധാപൂര്‍വം പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ എങ്ങനെ രൂപപ്പെടുത്തണമെന്ന് ഒരു സംസ്ഥാനത്തോടും നിര്‍ദ്ദേശങ്ങള്‍ തേടിയിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നുമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമം പാസാക്കുന്നതിനുമുമ്പ് ആലോചനകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ചില ഹരജികളില്‍ തീര്‍പ്പാകുന്നതു വരെ മന്ത്രാലയം കാത്തിരിക്കുന്നില്ലെന്നും ഈ നിയമം നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ഭരിക്കുന്ന അസം സംസ്ഥാനത്തിന്റെ നിര്‍ദേശം തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിയമത്തിനെതിരേ നിരവധി സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പുന്നയിച്ചിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ബില്‍ പാസാക്കിയ ശേഷം ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. നിയമങ്ങള്‍ വിശാലമായി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിശദീകരിച്ച ഉദ്യോഗസ്ഥന്‍, ചില നിര്‍വചനങ്ങള്‍, രേഖകളുടെ ആവശ്യകത എന്നിവയെ കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നും പറഞ്ഞു. നിയമത്തില്‍ കട്ട് ഓഫ് തീയതി നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍, ഒരു അപേക്ഷകന്‍ 2014 ഡിസംബറിന് മുമ്പ് വന്നതാണെന്ന് എങ്ങനെ തെളിയിക്കുമെന്ന് ചട്ടത്തില്‍ വ്യക്തമാക്കും. ഇത് തെളിയിക്കാന്‍ ഹാജരാക്കേണ്ട രേഖകള്‍ എന്തൊക്കെയാണെന്നും ചട്ടത്തില്‍ കൃത്യമായി പറയും. പാകിസ്താനിലോ അഫ്ഗാനിസ്ഥാനിലോ ബംഗ്ലാദേശിലോ മതപരമായ പീഡനം നേരിട്ടതായി അപേക്ഷകന്‍ തെളിയിക്കേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."