ആ ആത്മഹത്യ കൗതുകവാര്‍ത്തയല്ല
ഇന്നോളം കേള്‍ക്കാത്ത കാരണത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ കഴിഞ്ഞദിവസം ഒരു ആത്മഹത്യ നടന്നിരിക്കുന്നു. ജീവനൊടുക്കിയത് ജോലിയില്‍നിന്നു വിരമിച്ച ഒരു പ്രധാനാധ്യാപകന്‍, കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയായ മുഹമ്മദലി മാസ്റ്റര്‍.ജോലിയില്ലാതായതിന്റെ മനോവിഷമത്തിലല്ല മുഹമ്മദലി മാസ്റ്റര്‍ ആത്മഹത്യ ചെയ്തത്. പതിനാലു വര്‍ഷം മുന്‍പ് വിരമിച്ചയാള്‍ അക്കാരണത്താല്‍ ജീവനൊടുക്കില്ലല്ലോ.
മുഹമ്മദലി മാസ്റ്റര്‍ എഴുതിവച്ച ആത്മഹത്യാ കുറിപ്പില്‍ മരിക്കുവാനുള്ള കാരണം വ്യക്തമായി എഴുതിയിട്ടുണ്ട്. തന്റെയും ഭാര്യയുടെയും എസ്.എസ്.എല്‍.സി ബുക്കുകളും പിതാവിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടതിലുള്ള വേവലാതിയിലാണ് താന്‍ ജീവനൊടുക്കുന്നതെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. വീട്ടിലെ പഴയ കടലാസുകളെല്ലാം തൂക്കി വിറ്റപ്പോള്‍ അറിയാതെ അതില്‍പ്പെട്ടുപോയതാണ്.
അറുപത്തൊന്‍പതുകാരനായ മുഹമ്മദലി മാസ്റ്റര്‍ക്കോ വീട്ടമ്മയായ അദ്ദേഹത്തിന്റെ ഭാര്യക്കോ ഈ പ്രായത്തില്‍ ഇനി എസ്.എസ്.എല്‍.സി ബുക്കുകൊണ്ട് സാധാരണനിലയില്‍ ഒരു കാര്യവുമില്ല. പണ്ടേ മരിച്ച പിതാവിന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌കൊണ്ട് സാധാരണനിലയില്‍ ഒരാവശ്യവുമില്ല.
പക്ഷേ, അതു സാധാരണ സാഹചര്യത്തിലെ കാര്യം. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മറ്റെന്തു നഷ്ടപ്പെട്ടാലും സഹിക്കാം. വേണ്ടെന്നു വയ്ക്കാം. എന്നാല്‍, തിരിച്ചറിയല്‍ രേഖകളുടെ നഷ്ടം ഈ രാജ്യത്തെ പൗരനായി ജീവിക്കാനുള്ള അവകാശം തന്നെ നഷ്ടപ്പെടുത്തുന്നതാണ്. അതാണ്, അതു മാത്രമാണു മുഹമ്മദലി മാസ്റ്ററെ അലട്ടിയ പ്രശ്‌നം.
'ഇനി ഞാനും ഭാര്യയും എന്റെ സഹോദരങ്ങളും മക്കളുമെല്ലാം എങ്ങനെ പൗരത്വം തെളിയിക്കും' എന്നത് ആ അധ്യാപകന്റെ മനസ്സില്‍ നീറിപ്പുകയുന്ന പ്രശ്‌നമായി മാറി. പൗരത്വം തെളിയിക്കാന്‍ എന്തെല്ലാം രേഖകളാണു വേണ്ടതെന്ന് അദ്ദേഹം കഴിഞ്ഞദിവസങ്ങളില്‍ പലരോടും ചോദിച്ചു നടന്നിരുന്നു. അത്യാവശ്യമായ ആ രേഖകള്‍ നഷ്ടപ്പെട്ടുവെന്നു കണ്ടപ്പോള്‍ പിടിച്ചുനില്‍ക്കാനായില്ല. അത് ഒടുവില്‍ എത്തിച്ചേര്‍ന്നത് ജീവനൊടുക്കലിലേയ്ക്കാണ്.
ഇനി പറയട്ടെ.
മുകളില്‍ ഉദ്ധരിച്ചത് ഒരു കൗതുകവാര്‍ത്തയല്ല, ആരും കൗതുകവാര്‍ത്ത വായിക്കുന്ന ലാഘവത്തോടെ ആ ആത്മഹത്യാ വാര്‍ത്ത വായിക്കരുത് എന്ന് അപേക്ഷിക്കട്ടെ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു നാം ഇത്രയും കാലം അഭിമാനം കൊണ്ട ഇന്ത്യാമഹാരാജ്യത്തിലെ.., അവകാശതുല്യത ഏറ്റവും അംഗീകരിക്കപ്പെട്ട പ്രദേശമെന്നു കീര്‍ത്തികേട്ട കേരളസംസ്ഥാനത്തിലെ.., നാട്ടിന്‍പുറങ്ങളിലൊന്നില്‍ തലമുറകളായുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന 69 വയസ്സായ റിട്ടയേര്‍ഡ് അധ്യാപകന് ഈ പ്രായത്തില്‍ ഇനിയും പൗരത്വം തെളിയിക്കേണ്ടി വരികയെന്നത് ഇതുവരെ സ്വപ്നത്തില്‍ പോലും ആരെയും അലട്ടുന്ന പ്രശ്‌നമായിരുന്നില്ല. സമീപഭാവിയില്‍ അതു പ്രശ്‌നമാണ്.
കാരണം, ഇന്ത്യയിലെ ഒരു സംസ്ഥാനത്തെങ്കിലും അതൊരു ഭീകരയാഥാര്‍ഥ്യമാണ്. അസമില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനാലോ നല്‍കിയ രേഖകളൊന്നും ബന്ധപ്പെട്ട ട്രൈബ്യൂണലിനു ബോധ്യപ്പെടാത്തതിനാലോ ലക്ഷക്കണക്കിനാളുകള്‍ പൗരത്വപ്പട്ടികയ്ക്കു പുറത്തുനില്‍ക്കുകയാണ്. പൗരന്മാരല്ലെന്നു ട്രൈബ്യൂണല്‍ വിധിച്ച പലരും അവിടെ ഇന്നു കോണ്‍സന്‍ട്രേഷന്‍ ക്യാംപിനു തുല്യമായ തടങ്കല്‍പ്പാളയങ്ങളിലാണ്. പല നിലകളിലായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന തടങ്കല്‍പാളയങ്ങളുടെ പണി പൂര്‍ത്തിയായാല്‍ ലക്ഷക്കണക്കിനാളുകള്‍ അവയില്‍ കുത്തിനിറയ്ക്കപ്പെടും.
എന്തു തെറ്റു ചെയ്തതിന്റെ പേരില്‍. താന്‍ ജനിച്ചുവളര്‍ന്നത് ഈ മണ്ണിലാണെന്നു തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല എന്ന ഒറ്റക്കാരണത്താല്‍.
ഒരു യുക്തിക്കും നിരക്കാത്ത മട്ടിലാണു മിക്കവര്‍ക്കും പൗരത്വം നിഷേധിക്കപ്പെട്ടതെന്നതിനു മുഹമ്മദ് സനാവുല്ലയുടെയും സൊഹൈദുലിന്റെയും ദുരനുഭവം തെളിവ്. മുഹമ്മദ് സനാവുല്ല തന്റെ യുവത്വം സമര്‍പ്പിച്ചത് ഈ ഇന്ത്യാമഹാരാജ്യത്തിന്റെ അതിര്‍ത്തി കാക്കാനായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിലുള്‍പ്പെടെ അദ്ദേഹം പോരാടിയത് പാകിസ്താനുവേണ്ടിയായിരുന്നില്ല. താന്‍ ജനിച്ചുവളര്‍ന്ന ഇന്ത്യാമഹാരാജ്യത്തിനു വേണ്ടിയായിരുന്നു. കാരണം, അദ്ദേഹം രാജ്യാഭിമാനമുള്ള പട്ടാളക്കാരനായിരുന്നു, രാജ്യാഭിമാനമുള്ള മുസല്‍മാനായിരുന്നു. ആ പോരാട്ടത്തിലെ ആത്മാര്‍ഥതയ്ക്കുള്ള അംഗീകാരമായി മുഹമ്മദ് സനാവുല്ലയ്ക്കു രാഷ്ട്രപതി പ്രശംസാപത്രം നല്‍കി.
ദീര്‍ഘകാലം ഇന്ത്യന്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിച്ച ശേഷം നാട്ടിലെത്തിയ സനാവുല്ലയ്ക്ക് അസം പൊലിസില്‍ ജോലി നല്‍കുമ്പോഴും ആര്‍ക്കും അദ്ദേഹം ഇന്ത്യക്കാരനാണോ അല്ലയോ എന്നതിനെക്കുറിച്ചു സംശയമുണ്ടായിരുന്നില്ല. കാരണം, അദ്ദേഹം ജനിച്ചുവളര്‍ന്നത് ആ മണ്ണിലാണെന്നത് അവിടത്തുകാര്‍ക്കു നേരനുഭവമാണ്. ആ സനാവുല്ല ഇന്നു കഴിയുന്നത് അസമിലെ തടവറയിലാണ്. അദ്ദേഹത്തിന്റെ ഉറ്റബന്ധുക്കളില്‍ മിക്കവര്‍ക്കും പൗരത്വ രജിസ്റ്ററില്‍ കടന്നുകൂടാന്‍ പറ്റിയെങ്കില്‍ സനാവുല്ല നല്‍കിയ രേഖകള്‍ ട്രൈബ്യൂണലിനു ബോധിച്ചില്ലെന്നാണു പറയുന്നത്.
അസം ബാര്‍പേട്ട ജില്ലയിലെ ഷാഹിദുല്‍ എന്ന സൊഹൈദുലിന്റെ കൈയില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡുമെല്ലാമുണ്ട്. അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരനുമെല്ലാം ഇന്ത്യാക്കാരാണെന്ന് അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ അംഗീകരിച്ചതാണ്.പക്ഷേ, അതേ ട്രൈബ്യൂണല്‍, ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് വിധിയെഴുതി, സൊഹൈദുല്‍ വിദേശിയാണെന്ന്. സൊഹൈദുലിന്റെ വക്കീല്‍ കൊടുക്കാവുന്ന രേഖകളൊക്കെ സമര്‍പ്പിക്കുകയും കേസ് വാദിക്കാന്‍ എത്തുകയുമൊക്കെ ചെയ്തിട്ടും ഒന്നും കേള്‍ക്കേണ്ട എന്ന നിലപാടാണ് ട്രൈബ്യൂണല്‍ എടുത്തത്. കൈയില്‍ക്കിട്ടിയ രേഖ പരിശോധിച്ചാണോ അല്ലയോ എന്നറിയില്ല, അവര്‍ വിധിച്ചു സൊഹൈദുല്‍ നുഴഞ്ഞുകയറ്റക്കാരനാണ്. ബാപ്പയും ഉമ്മയും ഇന്ത്യക്കാരായിരിക്കെ 42കാരനായ മകനെങ്ങനെയാണ് ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേയ്ക്കു നുഴഞ്ഞുകയറുക എന്ന ചോദ്യം ബധിരകര്‍ണങ്ങളില്‍ പതിക്കില്ലല്ലോ.
ഈ ദുരനുഭവ വാര്‍ത്തകളെല്ലാം മുഹമ്മദലി മാസ്റ്ററും വായിച്ചിട്ടുണ്ടാകണം. എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പാര്‍ലമെന്റിലെ പ്രഖ്യാപനം അദ്ദേഹവും ചാനലുകളില്‍ കേള്‍ക്കുകയും പത്രങ്ങളില്‍ വായിക്കുകയും ചെയ്തിട്ടുണ്ടാകും.
കൊടുക്കാവുന്ന എല്ലാ തിരിച്ചറിയില്‍ രേഖകളും സമര്‍പ്പിച്ചിട്ടും നുഴഞ്ഞുകയറ്റക്കാരനായി മുദ്രകുത്തപ്പെട്ട് തടങ്കല്‍പ്പാളയത്തില്‍ കഴിയേണ്ടി വരുന്ന സനാവുല്ലയുടെയും സൊഹൈദുലിന്റെയും അതുപോലുള്ള നിരവധിയാളുകളുടെയും തിക്താനുഭവം കണ്‍മുന്നില്‍ ഭീതിപരത്തി നില്‍ക്കുമ്പോള്‍ രേഖകളെല്ലാം നഷ്ടപ്പെട്ട മുഹമ്മദലി മാസ്റ്റര്‍ തന്റെയും കുടുംബത്തിന്റെയും ഗതിയെന്താകുമെന്ന് അദ്ദേഹം ചിന്തിച്ചുപോയിരിക്കണം. തനിക്കു പൗരത്വം നഷ്ടപ്പെടുമോ എന്നതിനേക്കാള്‍ അദ്ദേഹത്തെ വേവലാതിപ്പെടുത്തിയത് തന്റെ അശ്രദ്ധയാല്‍ മതിയായ രേഖകള്‍ നഷ്ടപ്പെട്ടതു മൂലം ഉറ്റബന്ധുക്കളും നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കപ്പെട്ടു ജയിലില്‍ കഴിയേണ്ടി വരുമല്ലോ എന്നതായിരിക്കണം.
പ്രിയപ്പെട്ടവരേ..,
ജീവിക്കാന്‍ ഗതിയില്ലാതെ കര്‍ഷകര്‍ നിരന്തരം ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ നിത്യേനയെന്നോണം കേട്ടു ഞെട്ടിത്തരിച്ചിരിക്കാന്‍ വിധിക്കപ്പെട്ടിരുന്ന നമ്മുടെ മുന്നിലേയ്ക്കു മറ്റൊരു ആത്മഹത്യാ പരമ്പരയുടെ വാതില്‍ തുറക്കുന്നതാണോ ഈ സംഭവമെന്നു തീര്‍ച്ചയായും ഭയപ്പെടേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്നത് കോടതിയുടെ വരാനിരിക്കുന്ന തീര്‍പ്പിലും രാജ്യമൊട്ടാകെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിലുമാണ്.അതുകൂടി നഷ്ടപ്പെട്ടാല്‍ പൗരത്വം തെളിയിക്കാന്‍ മതിയായ രേഖകളില്ലാതെ പോകുന്നവര്‍ക്കു മുന്നില്‍ രണ്ടു മാര്‍ഗമേ അവശേഷിക്കൂ.
ഒന്നുകില്‍ ജീവിതാന്ത്യം വരെയുള്ള ദുരിതത്തിനു മുന്നില്‍ കീഴടങ്ങുക.
അല്ലെങ്കില്‍... ഫാസിസത്തിനു കീഴടങ്ങാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."