സഊദി ഉപ പ്രതിരോധ മന്ത്രി അടിയന്തിര യു എസ്, ബ്രിട്ടൻ സന്ദർശനത്തിന്
റിയാദ്: സഊദി ഉപ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ അടിയന്തിര അമേരിക്ക, ബ്രിട്ടൻ സന്ദർശനത്തിന്. കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ പ്രത്യേക നിർദേശ പ്രകാരമാണ് ഉപ പ്രതിരോധ മന്ത്രി വാഷിംഗ്ടൺ, ബ്രിട്ടൻ സന്ദർശനത്തിനൊരുങ്ങുന്നത്. ഔദ്യോഗിക സന്ദർശനം രണ്ടു ദിവസത്തിനകം തന്നെയുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അശ്ശർഖുൽ ഔസത് പത്രം റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെത്തുന്നു ഉപ പ്രതിരോധ മന്ത്രി വൈറ്റ് ഹൗസിൽ യു എസ് ഉന്നത അധികൃതരുമായും പ്രതിരോധ വകുപ്പ് അധികൃതരുമായും കൂടിക്കാഴ്ച്ച നടത്തും. മേഖലയിലെ സ്ഥിതിഗതികൾ രൂക്ഷമാകുന്നത് തടയാനും സംയമനം പാലിക്കാനും പ്രതിരോധ കാര്യങ്ങൾ ചർച്ച ചെയ്യാനും പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ വിലയിരുത്താനുമാണ് സഊദി പ്രതിനിധിയെ അമേരിക്കയിലേക്ക് അയക്കുന്നതെന്ന് പത്രം റിപ്പോട്ട് ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ആവശ്യം കിരീടവകാശി നേരത്തെ ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിയുമായി ടെലഫോൺ സംഭാഷണത്തിൽ പങ്കു വെച്ചിരുന്നു. യുദ്ധസമാനമായ സാഹചര്യത്തിൽ സഊദിയുടെ ഇടപെടൽ ഏവരും ഉറ്റു നോക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."