വെളിച്ചമേകി എല്‍.ഇ.ഡി തെരുവു വിളക്കുകള്‍
കണ്ണൂര്‍: നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കോര്‍പറേഷനില്‍ 1670ലധികം എല്‍.ഇ.ഡി തെരുവു വിളക്കുകള്‍ തെളിയും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായ നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കോര്‍പറേഷനിലെ എല്ലാ സോണലുകളിലും നഗര റോഡുകളിലും എല്‍.ഇ.ഡി വിളക്കുകള്‍ തെളിയുന്നത്. കോര്‍പറേഷന്‍ സോണലുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്യുകയാണ്. 1000 ബള്‍ബുകള്‍ കെല്‍ട്രോണും 670 ബള്‍ബുകള്‍ സ്വകാര്യ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്.
ആദ്യഘട്ടമായി പ്രസ്‌ക്ലബ് റോഡിലാണ് തെരുവു വിളക്കുകള്‍ സ്ഥാപിച്ചത്. വര്‍ഷങ്ങളോളമായി റോഡ് പൊളിഞ്ഞ് പൊടി പാറിയും വഴിവിളക്കുമില്ലാതെ കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രകാര്‍ക്കും ദുരിതമായിരുന്ന പ്രസ്‌ക്ലബ് റോഡിന്റെ നവീകരണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. ഒരുകോടി പത്തു ലക്ഷം രൂപയാണു റോഡു നവീകരണത്തിനായുള്ള ബജറ്റ് തുക. റോഡില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടു മാസങ്ങളായി. വര്‍ഷങ്ങളായി രാത്രികാലങ്ങളില്‍ യാത്രചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്ന ഇവിടെ എല്‍.ഇ.ഡി വിളക്കുകളും സ്ഥാപിച്ചു. പദ്ധതിയുടെ ഭാഗമായി താഴെചൊവ്വ പാലത്തിന് ഇരുവശവും എല്‍.ഇ.ഡി തെരുവുവിളക്കുകള്‍ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."