ഗുരുദ്വാരയിലെ സംഘര്‍ഷത്തെയും 'ആയുധ'മാക്കി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കണമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പാകിസ്താനില്‍ ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ ഗുരുദ്വാരയിലുണ്ടായ ആക്രമണമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്‌സിങ് പുരി. അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസമേകുന്ന നിയമം വിവേചനപരവും സാമുദായികവുമാണെന്ന് വിശ്വസിച്ച് പ്രതിഷേധിക്കുന്നവര്‍ അവരുടെ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഖ് മതത്തിന്റെ ആരാധനാലയങ്ങളെയും വിശ്വാസികളെയും അപകീര്‍ത്തിപ്പെടുത്തി കടുത്ത ന്യൂനപക്ഷ പീഡനമാണ് ഗുരുദ്വാരയില്‍ നടന്നത്. ഈ അനീതിക്കെതിരേ കണ്ണടയ്ക്കുന്നവര്‍ മതേതരത്വ രഹിതവും മനുഷ്യത്വമില്ലായ്മയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സിഖ് യുവതിയെ മതംമാറ്റി വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടാണ് ഗുരുദ്വാരയില്‍ സംഘര്‍ഷമുണ്ടായിരുന്നത്. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ സിഖ് ജനതയുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും അക്രമസംഭവങ്ങളെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്നു പാകിസ്താനോട് ആവശ്യപ്പെട്ടും ആക്രമണത്തെ അലപപിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."